sabarimala

ശബരിമല: തീർത്ഥാടകർക്ക് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയെന്ന് പറയുമ്പോഴും മലകയറി തളർന്നെത്തിയ കുട്ടികളും പ്രായമായവരും ഉൾപ്പെടെയുള്ളവരെ ഇന്നലെയും പൊലീസ് അർദ്ധരാത്രി ലാത്തികൊണ്ട് കുത്തിപൊക്കി എഴുന്നേൽപ്പിച്ച് വിട്ടു.

മാളികപ്പുറം ക്ഷേത്രത്തിന് മുൻഭാഗത്ത് പൊലീസ് നിയന്ത്രണം ഇല്ലാത്ത താഴെ മുറ്റത്ത് കിടന്നവരെയാണ് അർദ്ധരാത്രി എഴുന്നേൽപ്പിച്ച് വിട്ടത്. നെയ്യഭിഷേകം നടത്തുന്നതിന് സന്നിധാനത്ത് തങ്ങിയ തീർത്ഥാടകരായിരുന്നു ഇവർ. ഡിവൈ.എസ്.പിമാരുടെ നേതൃത്വത്തിലാണ് പൊലീസ് ഇവരെ കുത്തിപൊക്കി വിട്ടത്. ശബരിമലയുടെ തീർത്ഥാടന ചരിത്രം മുതൽ തീർത്ഥാടകർ വിരിവച്ചുവരുന്ന സ്ഥലമാണിവിടം. വലിയ നടപ്പന്തലും പതിനെട്ടാംപടിയുടെ സമീപപ്രദേശങ്ങളും പൊലീസ് വടം കെട്ടി തിരിച്ചിട്ടതോടെ വിരിവയ്ക്കാൻ ഇടമില്ലാതെ തീർത്ഥാടകർ വലയുന്നതിനിടെയാണ് പൊലീസിന്റെ അർദ്ധരാത്രിയിലെ ക്രൂരത.

പാണ്ടിത്താവളത്തുള്ള മാഗുണ്ട അയ്യപ്പനിലയത്തിൽ പോയി കിടക്കാനാണ് പൊലീസ് നിർദ്ദേശിച്ചത്. ഇതിനെതിരെ ചില ഭക്തർ പ്രതികരിച്ചതോടെ പൊലീസ് നിലപാട് മാറ്റി വിരിവച്ചിരുന്നോളൂ, പക്ഷേ ഉറങ്ങരുതെന്ന് നിർദ്ദേശിച്ചു. അങ്ങനെ ഭക്തർ മറ്റ് സ്ഥലങ്ങളിലേക്ക് മാറിയിരുന്ന് നേരം വെളുപ്പിക്കുകയായിരുന്നു.