വാഷിംഗ്ടൺ: പാക്കിസ്ഥാന് മുട്ടൻ പണികൊടുത്ത് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. പാക്കിസ്ഥാന് നൽകിയിരുന്ന 1.66 ബില്യൺ ഡോളറിന്റെ സുരക്ഷാ സഹായം യു.എസ് നിർത്തിവച്ചു. അൽക്വഇദ എന്ന തീവ്രവാദ സംഘടനയുടെ മുൻ നേതാവ് ഒസാമ ബിൻ ലാദൻ ആബട്ടാബാദിലുണ്ടെന്ന് പാക്കിസ്ഥാൻ വെളിപ്പെടുത്തിയില്ലെന്ന് ട്രംപ് കഴിഞ്ഞ ദിവസം ഫോക്‌സ് ന്യൂസുമായുള്ള അഭിമുഖത്തിൽ പറഞ്ഞിരുന്നു.വർഷം തോറും 130 കോടി ഡോളർ സഹായം കൊടുത്തിട്ടും പാക്കിസ്ഥാൻ നന്ദി കാണിച്ചിട്ടില്ലെന്നും 9/11 ആക്രമണത്തിന് പിന്നിലെ അൽക്വഇദ നേതാവ് ബിൻ ലാദന് ഒളിയിടം വരെ അവർ ഒരുക്കിക്കൊടുത്തെന്നുമാണ് ട്രംപ് ആരോപിച്ചത്. ഭീകരവാദത്തിനെതിരെ പോരാടാൻ പാക്കിസ്ഥാൻ തയ്യാറായിരുന്നില്ലെന്നും ട്രംപ് കുറ്റപ്പെടുത്തി.
പാക്കിസ്ഥാന് ഇനി പണം നൽകില്ല. കാരണം, 'ഞങ്ങൾ നൽകിയ പണം കൊണ്ട് അവർ ഒന്നും ചെയ്‌തില്ല. അതിനുദാഹരണമാണ് ബിൻ ലാദൻ. അതുപോലെയാണ് അഫ്ഗാനിസ്ഥാനും' എന്ന് ട്രംപ് പറഞ്ഞു. ട്രംപിന്റെ വിമശർനശത്തോട് പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ട്വിറ്ററിലൂടെ പ്രതികരിച്ചു. 9/11 ആക്രമണത്തിൽ പാക്കിസ്ഥാൻകാരായ ആരും കൊല്ലപ്പെടാതിരുന്നിട്ടുകൂടി യു.എസിന്റെ ഭീകരവിരുദ്ധ പോരാട്ടത്തിത്തിൽ തങ്ങൾ പങ്കാളികളായെന്നും 75,000 പേർ കൊല്ലപ്പെട്ടതുൾപ്പെടെ വലിയ നഷ്‌ടമുണ്ടായെന്നും ഇമ്രാൻ ചൂണ്ടിക്കാട്ടി. ഈ പോരാട്ടം മൂലമുണ്ടായ നഷ്‌ടം 12,300 കോടി ഡോളറാണ്. യു.എസ് തന്നത് 2000 കോടിയും. യു.എസ് ഇടപെടലിനു ശേഷവും അഫ്ഗാനിൽ താലിബാൻ കൂടുതൽ ശക്തരായതെങ്ങനെ എന്നതുൾപ്പെടെ വിശകലനം ചെയ്യണമെന്നും പാക്ക് പ്രധാനമന്ത്രി ആവശ്യപ്പെട്ടു.