sabarimala

ശബരിമല: തീർത്ഥാടകരെ വലച്ച് പൊലീസ് ഏർപ്പെടുത്തുന്ന ശക്തമായ നിയന്ത്രണങ്ങളും ഇടയ്ക്കിടെ സന്നിധാനത്ത് ഉയരുന്ന അശാന്തിയും തീർത്ഥാടകരുടെ എണ്ണത്തിൽ ഗണ്യമായ കുറവ് വരുത്തുന്നു. ഒരു ലക്ഷത്തിലധികം തീർത്ഥാടകർ പ്രതിദിനം ദർശനം നടത്തിപോകുന്ന ശബരിമലയിൽ ഇപ്പോൾ അഞ്ചിലൊന്നായി കുറഞ്ഞു.

മണ്ഡലകാലത്തിന്റെ നാലാം ദിവസമായ ഇന്നലെ ഇരുപതിനായിരത്തിൽ താഴെ തീർത്ഥാടകരാണ് എത്തിയത്. ദേവസ്വം ബോർഡിന് വരുമാനമായി ലഭിക്കേണ്ട കോടികൾ ഇതോടെ നഷ്ടമായി. ശരംകുത്തി മുതൽ പതിനെട്ടാംപടിവരെ ദർശനത്തിനായി തിങ്ങിനിറഞ്ഞിരുന്ന ഭക്തരുടെ സ്ഥാനത്ത് കാണാൻ കഴിയുക കാലിയായ നടപ്പന്തലും ഫ്ളൈഒാവറുമാണ്.

കേരളത്തിൽ നിന്നുള്ള ഭക്തരുടെ എണ്ണത്തിലാണ് ഗണ്യമായ കുറവ്. അയൽ സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ് വന്നുപോകുന്നവരിലധികവും. മലബാർ മേഖലയിൽ നിന്ന് മുൻ വർഷങ്ങളിൽ പ്രതിദിനം പത്ത് മുതൽ പതിമൂന്ന് ബസുവരെ അയച്ചുകൊണ്ടിരുന്ന ഒരു പ്രമുഖ ടൂർ ഒാപ്പറേറ്റർ ഇപ്പോൾ നിലയ്ക്കലേക്ക് അയയ്ക്കുന്നത് നാലിൽ താഴെ ബസുകളാണ്. മറ്റ് ടൂർ ഒാപ്പറേറ്റേഴ്സിന്റെ അവസ്ഥയും വത്യസ്തമല്ല.

സ്വകാര്യ വാഹനങ്ങളിലുൾപ്പെടെ എത്തിക്കൊണ്ടിരുന്ന മലയാളികളിൽ ഭൂരിപക്ഷവും ശബരിമല തീർത്ഥാടനം ഒഴിവാക്കിയ മട്ടാണ്. തീർത്ഥാടകർ തിങ്ങിനിറഞ്ഞു വന്നിരുന്ന സ്പെഷ്യൽ ട്രെയിനുകളിൽ മറ്റ് യാത്രക്കാരാണ് ഇപ്പോഴധികവും. കെ.എസ്.ആർ.ടി.സി നിലയ്ക്കൽ - പമ്പ ചെയിൻ സർവീസ് നടത്തിവന്ന 310 ബസുകളിൽ 50 എണ്ണത്തിന്റെ സർവീസ് നിർത്തിവച്ചു. 10 ഇലക്ട്രിക് ബസുകളിൽ സർവീസ് നടത്തുന്നത് മൂന്നെണ്ണം മാത്രം. തിരക്ക് കുറഞ്ഞതോടെ അപ്പം, അരവണ നിർമ്മാണവും കുറച്ചു.

തിരക്ക് കുറയാനുള്ള കാരണം

 ഭക്തർക്ക് സന്നിധാനത്ത് സ്വതന്ത്രമായി നിൽക്കാനുള്ള അവസരം നിഷേധിക്കൽ

 പ്രളയം തകർത്തെറിഞ്ഞ പമ്പയിൽ അടിസ്ഥാന സൗകര്യങ്ങളുടെ കുറവ്

 ചെറുവാഹനങ്ങൾക്കും അന്യസംസ്ഥാന വാഹനങ്ങൾക്കും പമ്പയിലേക്ക് അനുമതി നിഷേധിക്കൽ

നിലയ്ക്കലിൽ അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത

 അകാരണമായി നിലയ്ക്കലിൽ ഭക്തരെ പൊലീസ് തടഞ്ഞുനിറുത്തുന്നത്