''എന്താണ് ന്യൂസ്?' വാസുദേവനിൽ ആകാംക്ഷ.
''നേരിൽ പറയാം. ചേട്ടനിപ്പോൾ എവിടെയുണ്ട്?' വീണ്ടും അപ്പുറത്തു നിന്നു ശബ്ദം.
''ഓഫീസിലുണ്ട്. എങ്കിൽ ഒരഞ്ചു മിനിട്ട്. ഞാൻ എത്തും.'
കാൾ മുറിഞ്ഞു.
കസേരയിൽ നിന്ന് എഴുന്നേറ്റ വാസുദേവൻ അവിടെത്തന്നെ ഇരുന്നു. ഫോണിലൂടെ കേട്ടത് തികച്ചും അപരിചിതമായ ശബ്ദമാണെന്ന് അയാൾക്ക് ഉറപ്പാണ്.
ഓഫീസിനോടു ചേർന്നു തന്നെയാണ് ചെറിയ ഓഫ്‌സെറ്റ് പ്രസ് യൂണിറ്റും.
മൂന്നു മിനിട്ടു കഴിഞ്ഞപ്പോൾ പുറത്ത് ഒരു സുമോ വാൻ വന്നുനിന്നു.
കുമ്പനാട് ജംഗ്ഷനിൽ നിന്ന് അല്പം അകന്ന് അധികം കെട്ടിടങ്ങളില്ലാത്ത ഭാഗത്തായിരുന്നു പ്രസ്.
അകത്തേക്കു വരുന്ന കാലടിശബ്ദം വാസുദേവൻ കേട്ടു.
അയാൾ കസേരയിൽ നിവർന്നിരുന്നു.
വാതിൽക്കൽ ഒരാൾ തലനീട്ടി.
''വാസുദേവേട്ടാ. അകത്തേക്കു വരാമല്ലോ...'
''വരൂ...' പറയുന്നതിനിടയിൽ വാസുദേവൻ അയാളെ ശ്രദ്ധിച്ചു.
തീർത്തും അപരിചിതൻ!
പക്ഷേ സംസാരിക്കുന്നത് നേരത്തെ അടുത്തു പരിചയമുള്ള മാതിരി.
വിക്രമനായിരുന്നു ആഗതൻ!
''ഇരിക്കൂ.' പുഞ്ചിരിച്ചുകൊണ്ട് വാസുദേവൻ മുന്നിലെ കസേരയിലേക്കു കൈചൂണ്ടി.
''താങ്ക്സ്.' അയാളിരുന്നു. ശേഷം തിരക്കി :
''വാസുവേട്ടന് എന്നെ ഓർമ്മ കിട്ടുന്നില്ല. അല്ലേ?'
''അതുപിന്നെ....' വാസുദേവൻ ഒന്നു വിളറിച്ചിരിച്ചു.
''ഓർമ്മ കിട്ടില്ല. കാരണം നമ്മൾ തമ്മിൽ കാണുന്നത് ആദ്യമായാണ്.'
ആ സംസാരം വാസുദേവന് ഇഷ്ടമായി.
''എന്താ ന്യൂസ് ഉണ്ടെന്ന് പറഞ്ഞത്?'
''വെറും ന്യൂസല്ല. ബിഗ് സ്റ്റോറി.'
അതും പറഞ്ഞ് അയാൾ തന്റെ സെൽഫോൺ എടുത്തു.
''ഇന്ന് ഉച്ചയ്ക്ക് വാസുവേട്ടൻ പത്രത്തിൽ ഒരാളെക്കുറിച്ച് എഴുതിയില്ലേ? ഒരു പ്രൊഫഷണൽ കില്ലറെക്കുറിച്ച്? മുൻമന്ത്രി രാജസേനൻ നൽകിയ ക്വട്ടേഷൻ?'
''അതെ.' വാസുദേവൻ തലയാട്ടി.
''ആ കില്ലർ.. സ്പാനർ മൂസയെക്കുറിച്ചാണ് എനിക്കു പറയാനുള്ളത്.'
വാസുദേവൻ പിടഞ്ഞുണർന്നു.
''മൂസയിപ്പോൾ എവിടെയുണ്ട്?'
''ഇവിടെ അടുത്തുതന്നെ.'
അയാൾ ഫോണിന്റെ സ്‌ക്രീൻ വാസുദേവന് അഭിമുഖമായി പിടിച്ചു. അതിൽ ഒരു ഫോട്ടോ ഉണ്ടായിരുന്നു.
''ഇതല്ലേ മൂസ?'
വിക്രമൻ തിരക്കി.
''അതെ.'
''ഇയാൾ എവിടെയുണ്ടെന്ന് എനിക്കറിയാം.'
''എവിടെയാണ് ?' വാസുദേവൻ ചാടിയെഴുന്നേറ്റു.
''ഇവിടെത്തന്നെയുണ്ട്.' പൊടുന്നനെ വാതിൽക്കൽ നിന്നൊരു ശബ്ദം.
വാസുദേവൻ നടുങ്ങി മുഖമുയർത്തി.
വാതിലിന്റെ ഇരു പടികളിലും കൈ അമർത്തി അകത്തേക്ക് ആഞ്ഞുനിൽക്കുന്നു മൂസ!
അയാളുടെ കയ്യിലെ മസിലുകൾക്ക് തന്റെ കാൽതുടയുടെ വണ്ണമുണ്ടെന്ന് വാസുദേവനു തോന്നി.
മൂസ ചുവന്ന വട്ടക്കണ്ണുകൾ ഇറുക്കി ചിരിച്ചു.
''എന്നെയും മുൻ മന്ത്രിയെയും ചേർത്ത് സുന്ദരമായ ഒരു കഥ മെനഞ്ഞ ആളിനോട് ഒരാരാധന തോന്നി. നേരിൽ കാണണമെന്ന മോഹവും.''
അയാൾ കരുതലോടെ അകത്തേക്കു വന്നു.
വാസുദേവൻ അറിയാതെ കസേരയിൽ നിന്ന് എഴുന്നേറ്റു. ഒപ്പം തന്റെ സെൽഫോൺ എടുത്ത് ഒരു നമ്പർ പരതി.
''ആരെ വിളിക്കാൻ നോക്കിയാലും നടക്കില്ല വാസുദേവേട്ടാ. ദേ... ഇത് കണ്ടോ. മൊബൈൽ ജാമർ! ഇത് എന്റെയൊരു ശീലമായിപ്പോയി. കാരണം ഒരു ജോലി ചെയ്യുമ്പോൾ ആരും മുടക്കാൻ വരരുതല്ലോ...
ആസന്നമായ അപകടം വാസുദേവനു വ്യക്തമായി.രക്ഷപ്പെടാൻ ഒരു മാർഗത്തിനായി അയാൾ കണ്ണുകൾ കൊണ്ടു പരതി.
മുറിക്ക് ഒറ്റ വാതിലേയുള്ളൂ. മൂസയെ കടന്ന് അവിടെയെത്തുക പ്രയാസം.
രക്ഷപ്പെടാൻ ഒരിക്കലും കഴിയില്ല വാസുവേട്ടാ. ' അയാൾ ഷർട്ടിനടിയിൽ നിന്ന് ഒരു സ്പാനർ വലിച്ചെടത്തു.
''കാലൻ കയറുകൊണ്ടും മൂസ സ്പാനറും കൊണ്ടാ വാസുവേട്ടാ ജീവനെടുക്കുന്നത്. കാലന്റെ ഒരു സബ് കോൺട്രാ്ര്രക് എന്നു വേണമെങ്കിലും പറയാം.'
മൂസ ചിരിച്ചു.
വാസുദേവൻ വിയർക്കാൻ തുടങ്ങി. വിക്രമൻ ഫോൺ പോക്കറ്റിലിട്ടു.
''മൂസാ, നിനക്കെന്തു വേണം?'
''ഇങ്ങനെയൊരു ചോദ്യം എന്റെ മുഖത്തുനോക്കി ചോദിക്കേണ്ടിവരുമെന്ന് നിങ്ങൾ ആ ന്യൂസ് കേട്ടപ്പോൾ ഓർക്കണമായിരുന്നു. എന്തുചെയ്യാം. വിനാശകാലേ .. വിപരീത ബുദ്ധി.'
അതും പറഞ്ഞ് സ്പാനർ മൂസ, വാസുദേവന്റെ തൊട്ടടുത്തെത്തി. (തുടരും)
നെപ്ട്യൂൺ