തിരുവനന്തപുരം: കോൺഗ്രസ് നേതാവ് എം.എെ ഷാനവാസിന്റെ വേർപാടിൽ മുഖ്യമന്ത്രി പിണറായി വിജയനും കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയും അനുശോചനം രേഖപ്പെടുത്തി. 'കോൺഗ്രസിന് ഒരു കനത്ത നഷ്ടമാണ് ഷാനവാസെന്നും, പ്രതിസന്ധി ഘട്ടങ്ങളിൽ കോൺഗ്രസ് പാർട്ടിക്ക് ഏറ്റവും കരുത്തനും ശക്തനുമായ യോദ്ധാവായിരുന്നെന്നും എ.കെ ആന്റണി പറഞ്ഞു.
ശക്തനായ നേതാവ്
കേരള രാഷ്ട്രീയം കണ്ട ഏറ്റവും ശക്തനായ രാഷ്ട്രീയ നേതാവായിരുന്നു ഷാനവാസ്. ഒരു ജേഷ്ഠ സഹോദരനെയാണ് എനിക്ക് നഷ്ടമായത്. വിദ്യാർത്ഥികാലം മുതൽക്കേ സഹോദരതുല്യ ബന്ധം കാത്തുസൂക്ഷിച്ച സഹപ്രവർത്തകന്റെ വേർപാട് സഹിക്കാവുന്നതിനും അപ്പുറമാണ്. പ്രിയ സുഹൃത്തിന്റെ ആത്മാവിന് വേണ്ടി പ്രാർത്ഥിക്കുന്നു.
രമേശ് ചെന്നിത്തല -പ്രതിപക്ഷ നേതാവ്
പകരം വയ്ക്കാനില്ലാത്ത നേതാവ്
കോൺഗ്രസിന്റെ എക്കാലത്തെയും പകരം വയ്ക്കാനില്ലാത്ത നേതാവായിരുന്നു ഷാനവാസ്. അദ്ദേഹത്തിന്റെ വിയോഗം പാർട്ടിക്ക് തീരാനഷ്ടമാണ്. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെ ദു:ഖത്തിൽ പങ്ക് ചേരുന്നു. വിദ്യാർത്ഥി രാഷ്ട്രീയം മുതൽ ഷാനവാസിനെ നേരിട്ടറിയാം. ജനപ്രതിനിധി എന്ന നിലയിൽ ആത്മാർത്ഥതയോടെയാണ് അദ്ദേഹം വിവിധ വിഷയങ്ങളിൽ ഇടപെട്ടിരുന്നത്.
ഉമ്മൻചാണ്ടി-മുൻമുഖ്യമന്ത്രി
കോൺഗ്രസ് പാർട്ടിയുടെ ജിഹ്വ
കോൺഗ്രസ് പാർട്ടിയുടെ ജിഹ്വയായിരുന്നു അന്തരിച്ച എം.ഐ. ഷാനവാസ്. പാർട്ടിയുടെ നയവും പരിപാടികളും ജനഹൃദയങ്ങളിൽ എത്തിക്കാൻ വേണ്ടി ആത്മാർത്ഥമായി അദ്ദേഹം പ്രവർത്തിച്ചു. ഷാനവാസിന്റെ സഹായ സഹകരണങ്ങൾ വളരെയേറെ ആഗ്രഹിച്ച സന്ദർഭത്തിലാണ് അദ്ദേഹത്തിന്റെ വിയോഗം. ആത്മസുഹൃത്തിന്റെ ദേഹവിയോഗത്തിൽ ദുഃഖിക്കുന്നു.
മുല്ലപ്പള്ളി രാമചന്ദ്രൻ-കെ.പി.സി.സി അദ്ധ്യക്ഷൻ
നികത്താനാവാത്ത നഷ്ടം
കോൺഗ്രസ് പ്രസ്ഥാനത്തിനും കേരള രാഷ്ട്രീയത്തിനും നികത്താനാവാത്ത നഷ്ടമാണ് അപ്രതീക്ഷിതമായുണ്ടായ ഷാനവാസിന്റെ വിയോഗം.
വി.എം.സുധീരൻ-മുൻ കെ.പി.സി.സി അദ്ധ്യക്ഷൻ
തിരുത്തൽ ശക്തിയായ നേതാവ്
വയനാട്ടിലെ കൃഷിക്കാരുടെ പ്രശ്നങ്ങൾ പാർലമെന്റിനുള്ളിലും പുറത്തും കൊണ്ടുവരാൻ പരിശ്രമിച്ച ജനപ്രതിനിധിയാണ് ഷാനവാസ്. ജീവിതത്തിൽ നന്മയുടെ ഭാഗത്ത് നിന്ന് ഒരു തിരുത്തൽ ശക്തിയായി പ്രവർത്തിച്ച നേതാവായിരുന്നു അദ്ദേഹം.
പി.കെ. കുഞ്ഞാലിക്കുട്ടി-മുസ്ലിംലീഗ് ദേശീയ ജനറൽ സെക്രട്ടറി