കല്പറ്റ: കോൺഗ്രസ് എം.ഐ ഷാനവാസിനായി വയനാട് ലോക്സഭ മണ്ഡലം നല്കുമ്പോൾ പ്രതീക്ഷിച്ചിരുന്നില്ല 1,53,439 വോട്ടിന്റെ ഭൂരിപക്ഷം. പക്ഷെ, അതുവരെയുണ്ടായിരുന്ന തിരഞ്ഞെടുപ്പ് തോൽവികളെ പിന്തള്ളി അദ്ദേഹം 2009ൽ പാർട്ടിയെയും അത്ഭുതപ്പെടുത്തി ചരിത്രവിജയം കാണുകയായിരുന്നു. ഇടത് മുന്നണി സ്ഥാനാർത്ഥിയായിരുന്ന എം.റഹ്മത്തുള്ളയും എൻ.സി.പി സ്ഥാനാർത്ഥിയായിരുന്ന കെ. മുരളീധരനും എം.ഐ. ഷാനവാസിന്റെ ശക്തി എന്തെന്ന് തിരിച്ചറിഞ്ഞു. മൃഗീയ ഭൂരിപക്ഷം നൽകി വിജയിപ്പിച്ച ജനങ്ങൾക്കൊപ്പം എന്നും നിൽക്കണമെന്ന് എം.ഐ.ഷാനവാസ് ആഗ്രഹിച്ചു. ചുരം കയറി അതിനായി അദ്ദേഹം നിരന്തരം ഇവിടേക്ക് വന്നു. ആലപ്പുഴക്കാരൻ വയനാട്ടുകാരനായി മാറുന്ന അവസ്ഥ. എതിരാളികളുടെ പോലും ആദരവ് പിടിച്ചുവാങ്ങാൻ അദ്ദേഹത്തിന് കഴിഞ്ഞു. മണ്ഡലത്തിന് വേണ്ടി പാർലമെന്റിലും പുറത്തും ശബ്ദിച്ചു. രാത്രി യാത്രാ നിരോധനം, നഞ്ചൻകോട് നിലമ്പൂർ റെയിൽപ്പാത, ശ്രീ ചിത്തിര ഇൻസ്റ്റിറ്റ്യൂട്ടിന്റെ സെന്റർ വയനാട്ടിൽ സ്ഥാപിക്കുന്നത് സംബന്ധിച്ചുള്ള പ്രശ്നങ്ങൾ എന്നിവയ്ക്കൊക്കെ വേണ്ടി അദ്ദേഹം ശബ്ദിച്ചു. രണ്ടാം തവണ 2014ൽ എൽ.ഡി.എഫിലെ സത്യൻ മൊകേരിയെയാണ് അദ്ദേഹം പാർലമെന്റ് തിരഞ്ഞെടുപ്പിൽ നേരിട്ടത്.
കാൽലക്ഷത്തിന്റെ ഭൂരിപക്ഷമാണ് രണ്ടാം തവണ ലഭിച്ചത്. വയനാടിന്റെ കാര്യത്തിൽ മാത്രമല്ല, കേരളത്തിന്റെ മൊത്തം വികസനത്തിന് വേണ്ടി പാർലമെന്റിൽ ശബ്ദിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. പാർലമെന്റിൽ വിവിധ കമ്മിറ്റികളിൽ അംഗമായത് കൊണ്ട് തന്നെ വികസന പ്രവർത്തനങ്ങൾ ഏറെ നടത്താൻ കഴിഞ്ഞു. കെ.എസ്.യു, യൂത്ത് കോൺഗ്രസ് ഭാരവാഹിയായി സജീവ രാഷ്ട്രീയത്തിൽ വന്ന എം.ഐ.ഷാനവാസ് ചുരുങ്ങിയ കാലയളവിൽ തന്നെ ഏവരുടെയും ശ്രദ്ധി പിടിച്ചുപറ്റി.1969ൽ അമ്പലപ്പുഴയിൽ കെ.എസ്.യു താലൂക്ക് പ്രസിഡന്റായി വന്ന ഷാനവാസ് പഠനവുമായി ബന്ധപ്പെട്ട് പിന്നീട് കോഴിക്കോടേക്ക് ചേക്കേറുകയായിരുന്നു.
ഫറൂഖ് കോളേജിലെത്തിയ ഷാനവാസ് 1972 -73ൽ കോഴിക്കോട് യൂണിവേഴ്സിറ്റി യൂണിയൻ ചെയർമാനായി 21ാമത്തെ വയസിലാണ് തിരഞ്ഞെടുക്കപ്പെടുന്നത്. ഇതോടെയാണ് എം.ഐ.ഷാനവാസ് മലബാർ മേഖലയിലെ കരുത്തനായി മാറുന്നത്. കെ.പി.സി.സിയുടെ വർക്കിംഗ് പ്രസിഡന്റ് പദവിയിലേക്ക് വരെ ഉയർന്നപ്പോഴും മലബാറിനുളള അംഗീകാരമായാണ് ഇത് വിലയിരുത്തപ്പെട്ടത്. മുല്ലപ്പള്ളി രാമചന്ദ്രൻ, കെ. സുധാകരൻ എന്നിവർക്കൊപ്പം മലബാറിലെ പാർട്ടിക്ക് വളരെ വലിയ പ്രാധാന്യമാണ് ലഭിച്ചത്. ഏത് വിഷയമായാലും പഠിച്ച് അവതരിപ്പിക്കാനുള്ള കഴിവ് ഷാനവാസിനുള്ള നേട്ടമായിരുന്നു. ഇന്ദിരാഗാന്ധി, രാജീവ് ഗാന്ധി, സോണിയാ ഗാന്ധി, ഏറ്റവും ഒടുവിൽ രാഹുൽഗാന്ധി എന്നിവരുമായി അടുത്ത ബന്ധം പുലർത്താൻ അദ്ദേഹത്തിന് കഴിഞ്ഞു. അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങുമ്പോഴാണ് വിധി അദ്ദേഹത്തെ കൂട്ടിക്കൊണ്ട് പോയത്.