പത്തനംതിട്ട:ശബരിമലയിൽ അറസ്റ്റിലായ ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രന് ജാമ്യം അനുവദിച്ചു. പത്തനംതിട്ട മുൻസിഫ് കോടതിയാണ് ജാമ്യം അനുവദിച്ചത്. സുരേന്ദ്രനോടൊപ്പം ശബരിമല സംഘർഷത്തിൽ അറസ്റ്റിലായ 72 പേർക്കും കോടതി ജാമ്യം അനുവദിച്ചിട്ടുണ്ട്. ജാമ്യം ലഭിച്ച 72 പേരും ശബരിമല ഉൾപ്പെടുന്ന റാന്നി താലൂക്കിൽ പ്രവേശിക്കരുതെന്ന് കോടതിയുടെ നിർദ്ദേശമുണ്ട്. കൂടാതെ 20000 രൂപയുടെ രണ്ട് പേരുടെ ആൾ ജാമ്യവും നൽകണം.
അതേസമയം, സുരേന്ദ്രന്റെ ജാമ്യം പ്രോസിക്യൂഷൻ എതിർത്തു. സുരേന്ദ്രനും സംഘവും ശബരിമലയിൽ എത്തിയത് ഗൂഡലക്ഷ്യത്തോടെയാണെന്നും അതിനാൽ ജാമ്യം നൽകിയാൽ കൂടുതൽ പ്രശ്നങ്ങളുണ്ടാകുമെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. ശബരിമല നിലയ്‌ക്കൽ വച്ചാണ് എസ്.പി യതീഷ് ചന്ദ്രന്റെ നേതൃത്വത്തിലെത്തിയ പൊലീസ് സംഘം സുരേന്ദ്രനെ കസ്റ്റഡിയിലെടുത്തത്.
ഇതിനിടെ കണ്ണൂരിൽ പൊലീസിനെ ഭീഷണിപ്പെടുത്തിയ കേസിൽ സുരേന്ദ്രനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. കണ്ണൂർ പൊലീസ് സ്റ്റേഷൻ മാർച്ചിൽ ഡി.വൈ.എസ്.പിയെയും സി.ഐയെയും ഭീഷണിപ്പെടുത്തിയ കേസിലാണ് സുരേന്ദ്രനെതിരെ വാറണ്ട്. സുരേന്ദ്രനെ ഹാജരാക്കാനുള്ള വാറണ്ട് കൊട്ടാരക്കര ജയിൽ സൂപ്രണ്ടിന് കൈമാറി. ഈ കേസിൽക്കൂടി ജാമ്യം നേടിയതിന് ശേഷമേ കെ.സുരേന്ദ്രന് ജയിൽ മോചിതനാവാൻ കഴിയൂ.