തിരുവനന്തപുരം: സംസ്ഥാന കോൺഗ്രസിൽ ഒരുകാലത്ത് കൊടുമ്പിരിക്കൊണ്ട തിരുത്തൽവാദ മുന്നേറ്റത്തിന് തിരികൊളുത്തിയ നേതാവായിരുന്നു എം.ഐ.ഷാനവാസ്. അന്ന് മുഖ്യമന്ത്രി കെ.കരുണാകരനെതിരെ ഐ ഗ്രൂപ്പിലെ അസംതൃപ്തരായ യുവനേതൃത്വം പരസ്യനിലപാട് സ്വീകരിച്ചപ്പോൾ അതിന്റെ മുന്നണി പോരാളിയായി നിന്നത് എം.ഐ.ഷാനവാസും രമേശ് ചെന്നിത്തലയും ജി.കാർത്തികേയനുമായിരുന്നു. കെ.കരുണാകരന്റെ പുത്രസ്നേഹവും യുവനേതാക്കളോടുള്ള അവഗണനയും കേരളത്തിലെ കോൺഗ്രസിന്റെ പതനത്തിന് വഴിയൊരുക്കുമെന്ന് തിരിച്ചറിഞ്ഞ ഇവരുടെ പടയൊരുക്കം മക്കൾ രാഷ്ട്രീയത്തിനെതിരായ താക്കീതായി. ഗ്രൂപ്പിനുള്ളിൽ നിശബ്ദ തേങ്ങലുകളായി അവസാനിച്ചിരുന്ന അമർഷം പുകഞ്ഞ് പൊട്ടിത്തെറിച്ചപ്പോൾ കോൺഗ്രസ് രാഷ്ട്രീയത്തെ അത് ഇളക്കി മറിച്ചു. കെ.കരുണാകരനെ പരസ്യമായി വിമർശിച്ചുകൊണ്ട് അടുത്ത അനുയായിസംഘം കേരളത്തിലങ്ങോളമിങ്ങോളം പ്രസംഗിച്ചുനടന്നു. ഐ ഗ്രൂപ്പിൽ ഉറച്ചുനിൽക്കുമ്പോൾ ലീഡറായ കെ.കരുണാകരനിൽ നിന്ന് വേണ്ടത്ര പരിഗണന ലഭിക്കാതെ പോയതായിരുന്നു ഷാനവാസുൾപ്പെടെയുള്ളവരെ ചൊടിപ്പിച്ചത്. മികച്ച വാഗ്മിയായിരുന്ന എം.ഐ.ഷാനവാസ് തന്റെ പ്രസംഗങ്ങളിലൂടെ യൂത്ത് കോൺഗ്രസുകാരുൾപ്പെടെ കൂടുതൽ പ്രവർത്തകരെ പുതിയ പന്ഥാവിലേക്ക് നയിച്ചു.
എല്ലാ ജില്ലകളിലും നടന്ന തിരുത്തൽവാദി സമ്മേളനങ്ങളിൽ ചെറുപ്പക്കാരൊഴുകിയെത്തി. എ ഗ്രൂപ്പ് നേതൃത്വത്തിൽ നിന്ന് തുടക്കത്തിൽ ഷാനവാസിനും സംഘത്തിനും അനുകൂലമായ ചില നീക്കങ്ങളുണ്ടായെങ്കിലും പിന്നീട് വേണ്ട പിന്തുണ ഉണ്ടായില്ല. നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ഐ ഗ്രൂപ്പിന് അനുവദിച്ച സീറ്റുകളിൽ ആളെ നിശ്ചയിക്കുന്നതിൽ നിർണായക സ്ഥാനം വഹിച്ചിരുന്ന ഷാനവാസിന് അർഹതയുണ്ടായിട്ടും ആഗ്രഹിച്ച സീറ്റുകളൊന്നും ലഭിച്ചിരുന്നില്ല. 1987 ൽ സി.പി.എം തട്ടകമായ വടക്കേക്കരയിൽ സീറ്റ് നൽകിയെങ്കിലും പരാജയം ഉറപ്പിച്ചാണ് ഷാനവാസ് അവിടെ മത്സരിക്കാനിറങ്ങിയത്. 1991ൽ സീറ്റുകൾ വിഭജിച്ചപ്പോഴും ഷാനവാസിന് വടക്കേക്കരയാണ് കിട്ടിയത്. പരാജയപ്പെട്ടെങ്കിലും അദ്ദേഹത്തിന് മണ്ഡലത്തിൽ വിലയ മുന്നേറ്റം ഉണ്ടാക്കാൻ സാധിച്ചു. ലീഡർ കെ.കരുണാകരനുമായുള്ള ഷാനവാസിന്റെ ബന്ധത്തിന് ഉലച്ചിൽ തട്ടുന്നതിന് സീറ്റ് നിർണ്ണയവും വലിയ പങ്ക് വഹിച്ചു.
ഇതെല്ലാം തിരുത്തൽ വാദ ചിന്തകളിലേക്കുള്ള വഴിമരുന്നായി. തിരുത്തൽ വാദ മുന്നേറ്റം ക്രമേണ മരവിപ്പിക്കപ്പെടുകയും നേതാക്കളിൽ ചിലർ മൂന്നാംഗ്രൂപ്പുകാരായി നിലനിൽക്കുകയും ചെയ്തു. ഗ്രൂപ്പ് ഭേദമില്ലാതെ 'ഐ'യിലും 'എ'യിലും വ്യക്തിബന്ധങ്ങൾ നിലനിർത്തിയ ഷാനവാസിന്റെ സ്വാധീനം മനസിലാക്കിയാണ് ന്യൂനപക്ഷ വോട്ടുകൾ കോൺഗ്രസിനൊപ്പം നിർത്തുന്നതിനായി കഴിഞ്ഞ രണ്ട് ലോക് സഭാ തിരഞ്ഞെടുപ്പുകളിലും വയനാട്ടിൽ ജനവിധി തേടാൻ പാർട്ടി ഷാനവാസിനെ നിയോഗിച്ചത്.