sabarimala-protest

തിരുവനന്തപുരം: ശബരിമല വിഷയത്തിൽ സംസ്ഥാനത്ത് പ്രതിഷേധവും പൊലീസ് നടപടികളും ശക്തമായി തുടരുമ്പോൾ തെക്കൻ ജില്ലകളിലെ ജയിലുകൾ നിറഞ്ഞ് കവിയുന്നു! ശബരിമല പ്രതിഷേധവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്യപ്പെടുന്നവരുടെ എണ്ണം വർദ്ധിച്ചതോടെയാണിത്. കഴിഞ്ഞദിവസം സന്നിധാനത്ത് നാമജപ പ്രതിഷേധം നടത്തിയ 69 പേരുൾപ്പെടെ ഒരാഴ്ചയ്ക്കകം നൂറ്റമ്പതിലധികം പേരെ അറസ്റ്റ് ചെയ്ത് റിമാൻ‌ഡ് ചെയ്തതോടെ മതിയായ ജീവനക്കാരില്ലാത്ത ജയിലുകളിൽ സുരക്ഷ വെല്ലുവിളിയായി.

ശബരിമലയുൾപ്പെടുന്ന പത്തനംതിട്ടയിൽ ജില്ലാ ജയിൽ നവീകരണത്തിനായി അടച്ചിരിക്കുകയാണ്. അതിനാൽ, ജില്ലയിൽ നിന്ന് റിമാൻ‌‌ഡ് ചെയ്യപ്പെടുന്നവരെ കൊല്ലം, കൊട്ടാരക്കര, തിരുവനന്തപുരം ജയിലുകളിലാണ് എത്തിക്കുന്നത്. ശബരിമല പ്രതിഷേധക്കാർ കൂടിയായതോടെ തിരുവനന്തപുരത്തെ പൂജപ്പുര സെൻട്രൽ ജയിലിൽ റിമാൻ‌ഡ് തടവുകാർ ഉൾപ്പെടെയുള്ളവരുടെ എണ്ണം ഇരട്ടിയിലധികമായി.

പത്തനംതിട്ട ജയിൽ അടച്ചപ്പോൾ അവിടെയുണ്ടായിരുന്ന നൂറോളം തടവുകാരെ മാവേലിക്കര, കൊട്ടാരക്കര, കൊല്ലം, തിരുവനന്തപുരം ജയിലിലേക്ക് മാറ്റിയിരുന്നു. ചിത്തിര ആട്ടവിശേഷ സമയത്ത് ശബരിമലയിലുണ്ടായ പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട കേസിൽ വിവിധ ഇടങ്ങളിൽ നിന്ന് അറസ്റ്റിലായ 150 പേരിൽ 75 പേരെ അതാത് സ്ഥലങ്ങളിലെ ജയിലുകളിൽ റിമാ‌ൻഡ് ചെയ്തിരുന്നു. കഴിഞ്ഞദിവസം സന്നിധാനത്ത് നിന്ന് അറസ്റ്റിലായ 69 പേരിൽ 30പേരെ പൂജപ്പുര സെൻട്രൽ ജയിലിലും മറ്റുള്ളവരെ ഇവിടത്തെ ജില്ലാ ജയിലുമാണ് പാർപ്പിച്ചിരിക്കുന്നത്. ശബരിമല വിഷയത്തിൽ അറസ്റ്രിലായവർക്ക് സുരക്ഷാ ഭീഷണിയ്ക്കുള്ള സാദ്ധ്യതയും ജയിലധികൃതർ ഗൗരവമായി കാണുന്നുണ്ട്.

സ്ഥലപരിമിതി
ജയിലിൽ ഒരു തടവുകാരന് 3.72 ചതുരശ്ര മീറ്റർ സ്ഥലം വേണം. ഇപ്പോൾ ഒരു ചതുരശ്ര മീറ്റർപോലും കിട്ടാത്ത സ്ഥിതിയാണുള്ളത്. അത്രയ്ക്ക് തിങ്ങിനിറഞ്ഞാണ് ചില ജയിലുകളിൽ തടവുകാർ കഴിയുന്നത്.

ജയിലുകൾ, തടവുകാരുടെ എണ്ണം, നിലവിലെ ശേഷി

സെൻട്രൽ ജയിൽ

പുജപ്പുര- 1440 , 727

കണ്ണൂർ - 1023 , 986

വിയ്യൂർ - 824 , 560

ജില്ലാ ജയിലുകൾ

പൂജപ്പുര - 345 , 250

കൊല്ലം - 229 , 175

കൊട്ടാരക്കര - 169 , 100

മാവേലിക്കര - 110 , 41

എറണാകുളം - 247 , 133

വിയ്യൂർ- 278 , 121

കോട്ടയം- 104 , 52

മാനന്തവാടി- 86 , 80