yatish-chandra
ശബരിമലയിലേക്കുള്ള യാത്രയ്ക്കിടെ കേന്ദ്ര മന്ത്രി പൊൻരാധാകൃഷ്ണൻ നിലയ്ക്കലിൽ സുരക്ഷാ ചുമതലയുള്ള എസ്.പി.യതീഷ് ചന്ദ്രയുമായി സംസാരിക്കുന്നു . ബി.ജെ.പി ജനറൽ സെക്രട്ടറി എ.എൻ.രാധാകൃഷ്ണൻ സമീപം. ഫോട്ടോ എം.എസ്.ശ്രീധർലാൽ

തിരുവനന്തപുരം: ശബരിമല ദർശനത്തിനെത്തിയ കേന്ദ്രമന്ത്രി പൊൻരാധാകൃഷ്‌ണനോട് മോശമായി പെരുമാറിയ എസ്.പി യതീഷ് ചന്ദ്രയ്‌ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി എ.എൻ.രാധാകൃഷ്‌ണൻ രംഗത്തെത്തി. മന്ത്രിയെ നിങ്ങൾ എന്ന് വിളിച്ച എസ്.പി മോശമായാണ് അദ്ദേഹത്തോട് പെരുമാറിയത്. മന്ത്രിയെന്ന നിലയിൽ മര്യാദയ്‌ക്ക് സംസാരിക്കണമെന്ന് താൻ ആവശ്യപ്പെട്ടപ്പോൾ എസ്.പി മസില് പിടിച്ച് നിന്നു. എസ്.പിയുടെ പെരുമാറ്റത്തിനെതിരെ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് പരാതി നൽകുമെന്നും അദ്ദേഹം അറിയിച്ചു. നേരത്തെ കേന്ദ്രമന്ത്രിക്കൊപ്പം ദർശനത്തിനെത്തിയ രാധാകൃഷ്‌ണനെ നിലയ്‌ക്കലിലെ സുരക്ഷാ ചുമതലയുള്ള എസ്.പി യതീഷ് ചന്ദ്രയുടെ നേതൃത്വത്തിലുള്ള സംഘം തടഞ്ഞിരുന്നു.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ കണ്ടപ്പോൾ ഓച്ഛാനിച്ച് നിന്നയാളാണ് യതീഷ് ചന്ദ്ര. കേന്ദ്രമന്ത്രി കറുത്തവനായത് കൊണ്ടാണോ അദ്ദേഹത്തോട് എസ്.പി ധിക്കാരപരമായി പെരുമാറിയത്. മന്ത്രിയോട് യതീഷ് ചന്ദ്രയ്‌ക്ക് പുച്ഛമായിരുന്നു. ഇതെന്ത് നീതിയാണ്. ഞങ്ങളോട് മാത്രമെന്തിനാണ് ഇങ്ങനത്തെ കാട്ടുനീതി. ഇന്ത്യ ഭരിക്കുന്ന ഒരു പാർട്ടിയല്ലേ. ഇത്തരം നടപടികൾ അംഗീകരിക്കാനാവില്ല. യതീഷ് ചന്ദ്രക്കെതിരെ സർക്കാർ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

നിലയ്‌ക്കലിൽ നിന്നും പമ്പയിലേക്ക് സ്വകാര്യ വാഹനങ്ങളെല്ലാം കടത്തി വിടണമെന്ന് ആവശ്യപ്പെട്ട് മന്ത്രി പൊൻരാധാകൃഷ്‌ണൻ യതീഷ് ചന്ദ്രയുമായി തർക്കത്തിലേർപ്പെട്ടിരുന്നു. എന്നാൽ മന്ത്രിയുടെ ഔദ്യോഗിക വാഹനങ്ങൾ മാത്രം കടത്തിവിടാമെന്നായിരുന്നു പൊലീസിന്റെ നിലപാട്. മറ്റ് വാഹനങ്ങൾ കടത്തി വിട്ടാലുണ്ടാകുന്ന പ്രശ്‌നങ്ങൾക്ക് മന്ത്രി ഉത്തരവാദിയാകുമോ എന്നും എസ്.പി ചോദിച്ചു. എന്നാൽ ഇക്കാര്യത്തിൽ മന്ത്രിക്കും കൂട്ടർക്കും ഉത്തരമുണ്ടായിരുന്നില്ല. ഇതിനിടെ സ്വന്തം കടമകൾ നടപ്പാക്കാതെ മന്ത്രിയെ ചോദ്യം ചെയ്യുകയാണോ എന്ന് ഒപ്പമുണ്ടായിരുന്ന രാധാകൃഷ്‌ണൻ എസ്.പിയോട് ചോദിച്ചു. മന്ത്രി ഉത്തരവിട്ടാൽ തനിക്ക് യാതൊരു പ്രശ്‌നവുമില്ലെന്നും എസ്.പി മറുപടി നൽകി. തുടർന്ന് കെ.എസ്.ആർ.ടി.സി ബസിലാണ് മന്ത്രിയും സംഘവും സന്നിധാനത്തേക്ക് പോയത്.