neyyar-dam

തിരുവനന്തപുരം: കൊടും വരൾച്ച വന്നാലും തലസ്ഥാന നഗരത്തിൽ കുടിവെള്ളം മുട്ടാതിരിക്കാൻ നെയ്യാർഡാം കുടിവെള്ള പദ്ധതിയുമായി വാട്ടർ അതോറിട്ടി. നെയ്യാറിൽ നിന്ന് പ്രതിദിനം 100 ദശലക്ഷം ലിറ്റർ വെള്ളം നഗരത്തലേക്ക് പമ്പ് ചെയ്യാൻ കഴിയുന്ന പുതിയ പദ്ധതിയുടെ ടെൻഡർ നടപടികൾ ഉടൻ ആരംഭിക്കും. നാല് പഞ്ചായത്തുകളിലും പദ്ധതിയുടെ പ്രയോജനം ലഭിക്കും.

നെയ്യാർ ഡാമിലെ സഫാരി പാർക്കിന് സമീപം ഇറഗേഷൻ വകുപ്പിന്റെ കൈവശമുള്ള 3.62 ഏക്കർ സ്ഥലം പമ്പിംഗ് സ്റ്റേഷനും ട്രീറ്റ്‌മെന്റ് പ്ലാന്റിനും സംഭരണിയുടെ നിർമ്മാണത്തിനുമായി വാട്ടർ അതോറിട്ടിക്ക് കൈമാറുള്ള നടപടികൾ ആരംഭിച്ചു. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് അഞ്ചേക്കർ സ്ഥലത്ത് ആരംഭിക്കാനിരുന്ന കുടിവെള്ള പദ്ധതിയാണ് സ്ഥലപരിമിതി മൂലം പരിഷ്‌കരിച്ച് നടപ്പാക്കുന്നത്. സ്വകാര്യ വ്യക്തികൾ കൈയ്യേറിയിരുന്ന സ്ഥലം നിയമ നടപടികളിലൂടെ വിട്ടുകിട്ടാനുണ്ടായ കാലതാമസമാണ് പദ്ധതി വൈകാനിടയാക്കിയത്.

നിലവിൽ അരുവിക്കര, പേപ്പാറ ഡാമുകളിൽ നിന്ന് പ്രതിദിനം എത്തിക്കുന്ന 290 ദശലക്ഷം ലിറ്റർ വെള്ളമാണ് നഗരത്തിന്റെയും സമീപ പഞ്ചായത്തുകളുടെയും ദാഹം ശമിപ്പിക്കുന്നത്. വരൾച്ചാ സമയത്ത് ഇവിടങ്ങളിലെ ജലനിരപ്പിൽ വൻ കുറവുണ്ടാകുന്നത് ജല വിതരണത്തെ ബാധിക്കാറുണ്ട്. ഇതിന് പരിഹാരമായാണ് പുതിയ പദ്ധതി. നെയ്യാറിൽ നിന്ന് ശുദ്ധീകരിച്ചെത്തിക്കുന്ന വെള്ളം പി.ടി.പി നഗറിലെ ജപ്പാൻ കുടിവെള്ള പദ്ധതിയുടെ ഓവർ ഹെഡ് ടാങ്കിൽ സംഭരിച്ച് വിതരണം ചെയ്യും.

ഡ്യുവൽ ഫിൽട്ടർ മീഡിയ

അഞ്ചേക്കറോളം സ്ഥലം ആവശ്യമുണ്ടായിരുന്ന പദ്ധതി മൂന്നരയേക്കറലേക്ക് വെട്ടിച്ചുരുക്കേണ്ടി വന്നതോടെ അതിനനുസരിച്ചുള്ള ഡിസൈൻ തയ്യാറാക്കുകയായിരുന്നു. പമ്പിംഗ് സ്റ്റേഷനും ശുദ്ധീകരണ ശാലയ്ക്കും അടിവശത്തായി ജല സംഭരണി കൂടി വരത്തക്ക വിധത്തിലുള്ള ഡ്യുവൽ ഫിൽട്ടർ മീഡിയ എന്ന നിർമ്മാണ രീതിയാണ് പരീക്ഷിക്കുന്നത്.

നിർമ്മാണ കാലാവധി 18 മാസം

പ്ലാന്റ്, പമ്പിംഗ് സ്റ്റേഷൻ, സംഭരണി പ്ലാൻ ഫണ്ടിൽ നിന്ന് 60 കോടി

പി.ടിപി നഗർ വരെ 25 കി.മീറ്ററിൽ 1400 സ്റ്റീൽ പൈപ്പ് സ്ഥാപിക്കാൻ കിഫ്ബി വക 150 കോടി

മാറനല്ലൂർ, മലയിൻകീഴ്, വിളപ്പിൽശാല, വിളവൂർക്കൽ പഞ്ചായത്തുകളെകൂടി പദ്ധതിയിൽ ഉൾപ്പെടുത്തും

''പദ്ധതിയുടെ ടെൻഡർ നടപടികൾ അന്തിമ ഘട്ടത്തിലാണ്. നാല് മാസത്തിനകം നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കാനാകുമെന്ന് പ്രതീക്ഷ''

ജി. ശ്രീകുമാർ, ചീഫ് എൻജിനീയർ, പ്രോജക്ട് വിഭാഗം, വാട്ടർ അതോറിട്ടി