ആലുവ: യൂണിയൻ ബാങ്ക് ആലുവ ശാഖയിലെ ലോക്കറിൽ നിന്നും രണ്ടര കോടി രൂപയുടെ സ്വർണം കവർന്ന കേസിൽ അസിസ്റ്റന്റ് മാനേജർക്കും ഭർത്താവിനുമെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. അസി. മാനേജർ അങ്കമാലി കറുകുറ്റി സ്വദേശിനി സിസ് മോൾ (36), ഭർത്താവ് കളമശേരി സ്വദേശി സജിത്ത് (40) എന്നിവരെയാണ് പൊലീസ് തിരയുന്നത്. മൂന്ന് വർഷത്തിലേറെയായി യൂണിയൻ ബാങ്കിന്റെ ആലുവ ശാഖയിൽ സ്വർണപണയ വിഭാഗത്തിന്റെ ചുമതലക്കാരിയായ സിസ് മോൾ ചുരുങ്ങിയത് ആറ് മാസമെങ്കിലും സമയമെടുത്താവാം 128 പേരുടെ സ്വർണാഭരണങ്ങൾ കൈക്കലാക്കിയതെന്നാണ് പൊലീസ് നിഗമനം.
അതേസമയം കൈക്കലാക്കിയ സ്വർണം പണയം വച്ചും വിറ്റും സമ്പാദിച്ച പണം ഭർത്താവ് സജിത്ത് ഷെയർ മാർക്കറ്റ് ബിസിനസിൽ നിക്ഷേപിക്കുകയായിരുന്നുവെന്നാണ് പൊലീസിന് ലഭിച്ച സൂചന.
സംഭവം പുറത്തറിഞ്ഞതിനെ തുടർന്ന് കുടുംബ സമേതം ബാംഗ്ലൂരിലേക്ക് കടന്ന സിസ് മോളും ഭർത്താവും തിങ്കളാഴ്ച വൈകിട്ടോടെ അങ്കമാലിയിൽ തിരിച്ചെത്തിയതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. എന്നാൽ ഇവരുടെ ഒളിസങ്കേതം ഇതുവരെ കണ്ടെത്താനായിട്ടില്ല.
ഭർത്താവിനെതിരെ പ്രതിയെ ഒളിവിൽ പോകാൻ സഹായിച്ചെന്ന കുറ്റമാണ് പൊലീസ് ഇപ്പോൾ ചുമത്തിയിട്ടുള്ളത്. സിസ് മോളെ പിടികൂടി ചോദ്യം ചെയ്താലേ മോഷണത്തിൽ ഇയാൾക്ക് പങ്കുണ്ടോയെന്ന് വ്യക്തമാകൂവെന്ന് പൊലീസ് പറഞ്ഞു. ഡിവൈ.എസ്.പി എൻ.ആർ.ജയരാജിന്റെ നിർദ്ദേശപ്രകാരം സി.ഐ വിശാൽ ജോൺസനാണ് കേസ് അന്വേഷിക്കുന്നത്.