കോട്ടയം: പൊലീസിൽ ട്രാഫിക് ട്രെയിനിംഗ് ഫോഴ്‌സിലേക്ക് എന്ന പേരിൽ കോട്ടയം കടുവാക്കുളത്തെ ഒരു സ്‌കൂൾ മൈതാനത്ത് വ്യാജ റിക്രൂട്ട്മെന്റിന് നേതൃത്വം നൽകിയ കേസിലെ മുഖ്യപ്രതി 'എ.സി.പി രവി' എന്ന് വിളിക്കുന്ന കെ.കെ രവിക്ക് ഉന്നത ബന്ധമെന്ന് സൂചന. ഇയാളെ ഇതുവരെ പൊലീസിന് പിടികൂടാനായിട്ടില്ല. ഇയാളടക്കം ആറുപേരെയാണ് ഇനി പിടികൂടാനുള്ളത്. സംഘത്തിലെ മൂന്ന് പേരെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഒളശ ചെല്ലിത്തറ ബിജോയ് മാത്യു (36), പനച്ചിക്കാട് കൊല്ലാട് വട്ടക്കുന്നേൽ പി.പി ഷൈമോൻ (40), മൂലേടം കുന്നമ്പള്ളി വാഴക്കുഴിയിൽ സനിതാമോൾ ഡേവിഡ് (30) എന്നിവരാണ് അറസ്റ്റിലായത്. ആകെ ഒൻപത് പ്രതികളാണ് കേസിൽ. റിട്ട. ഉദ്യോഗസ്ഥന്റെ ഒത്താശ? പൊലീസിൽ നിന്ന് വിരമിച്ച ഒരു ഉദ്യോഗസ്ഥന്റെ മൗനാനുവാദത്തോടെയാണ് തട്ടിപ്പ് അരങ്ങേറിയതെന്ന ആക്ഷപമുണ്ട്. 'ട്രെയിനിംഗ് ക്യാമ്പുകളിലെത്തി' ഇയാൾ രവിക്ക് വേണ്ട നിർദ്ദേശങ്ങൾ നല്കിയിരുന്നതായും പറയുന്നു. എന്നാൽ, ഡിപ്പാർട്ടുമെന്റിലും രാഷ്ട്രീയത്തിലും നല്ല പിടിപാടുള്ള ഈ ഉദ്യോഗസ്ഥനെക്കുറിച്ച് പൊലീസ് അന്വേഷണം നടത്തുന്നില്ലെന്നാണ് ആരോപണം. അതേസമയം, വ്യാജ റിക്രൂട്ട്മെന്റിനെക്കുറിച്ച് കോട്ടയത്തെ ഒരു ഉന്നത പൊലീസ് ഓഫീസർക്ക് വിവരം ലഭിച്ചിട്ടും ഗൗരവത്തിലെടുത്തില്ലെന്ന ആക്ഷേപവും ശക്തമാണ്. പൊലീസ് രഹസ്യാന്വേഷണ വിഭാഗത്തിന് വിവരം ലഭിക്കുന്നതിന് മുമ്പ് ഈ ഉന്നതന് ഇതേക്കുറിച്ച് ഒരു കത്ത് ലഭിച്ചിരുന്നുവത്രേ.
വ്യാജ പൊലീസ് റിക്രൂട്ട്‌മെന്റ് സംഘം ഒരു മാസത്തോളം കോട്ടയത്ത് വിലസിയിട്ടും അവരുടെ നീക്കങ്ങൾ കണ്ടെത്താൻ കഴിയാത്തത് രഹസ്യാന്വേഷണ വിഭാഗത്തിന്റെ വീഴ്ചയായും ചൂണ്ടിക്കാട്ടുന്നു. ഇതിന് മുമ്പ് തൃശൂരിലും സംഘം റിക്രൂട്ട്മെന്റ് റാലി നടത്തിയിരുന്നു. ആലപ്പുഴ മാരാരിക്കുളത്ത് റിക്രൂട്ട്മെന്റ് നടത്താൻ ആസൂത്രണം ചെയ്യവേയാണ് സംഘം കോട്ടയത്ത് പിടിയിലായത്. കോട്ടയത്ത് റിക്രൂട്ട്‌മെന്റ് നടക്കുമ്പോൾ വിശ്വാസ്യത കൂട്ടാൻ വേണ്ടി ജില്ലാ മെഡിക്കൽ ഓഫീസിൽ അപേക്ഷ നൽകി മെഡിക്കൽ സംഘത്തെ എത്തിച്ചിരുന്നു. ഐ.ജിയുടെ ലെറ്റർ പാഡിലാണ് സംഘം സ്കൂൾ അധികൃതർക്ക് കത്ത് നല്കിയത്. അതിനാലാണ് സ്കൂൾ ഹാളും ഗ്രൗണ്ടും വിട്ടുനല്കിയതെന്നാണ് അധികൃതർ പറയുന്നത്. എന്നാൽ ലെറ്റർ പാഡ് വ്യാജമായിരുന്നു. പ്രതികളെ പൊലീസ് പിടിച്ചതോടെയാണ് യഥാർത്ഥ വസ്തുത സ്കൂൾ അധികൃതർക്ക് ബോധ്യപ്പെട്ടത്. സ്കൂളിന് മുൻവശത്തെ റോഡിൽ വാഹനങ്ങളുടെ അമിത വേഗത നിയന്ത്രിക്കാൻ ഹമ്പ് നിർമ്മിച്ച് നൽകാൻ സഹായിക്കണമെന്ന് രവിയോട് സ്കൂൾ അധികൃതർ ആവശ്യപ്പെട്ടിരുന്നു. 'അതൊക്കെ നിസാര കാര്യമല്ലേ, ഒരു കത്ത് തരിക. ഇപ്പോൾതന്നെ അത് പി.ഡബ്ലിയു.ഡിയെക്കൊണ്ട് ശരിയാക്കിത്തരാം' എന്നുപറഞ്ഞ് കത്ത് വാങ്ങി ഒപ്പിട്ട് രവി കീഴ്ജീവനക്കാരനെ ഏൽപ്പിക്കുകയും ചെയ്തിരുന്നുവത്രേ.
പൊലീസ് എന്ന പേരിൽ തട്ടിപ്പ് സംഘത്തിന്റെ നേതാവായ കെ.കെ രവിയെ നാട്ടിൽ അറിയപ്പെടുന്നത് 'എ.സി.പി രവി ' എന്നാണ്. പൊലീസ് യൂണിഫോമിൽ കറങ്ങി നടന്നതിന് രവിയെ നാട്ടുകാർ പിടികൂടിയതോടെയാണ് ഈ പേര് വീണത്. പൊലീസ് യൂണിഫോമിൽ കൊല്ലാട് ഭാഗത്ത് വാഹന പരിശോധന നടത്തിയതിന് രവിക്കെതിരെ പത്തു വർഷം മുമ്പ് പൊലീസ് കേസെടുത്തിരുന്നു. പൊലീസ് യൂണിഫോമിൽ, തിരുവനന്തപുരം രജിസ്‌ട്രേഷൻ നമ്പരുള്ള വാഹനത്തിലായിരുന്നു രവിയുടെ കറക്കം. പിടിയിലായ ഷൈമോൻ വർഷങ്ങളായി പൊലീസാണെന്നാണ് നാട്ടുകാരെ ധരിപ്പിച്ചിരിക്കുന്നത്. പൊലീസ് കോൺസ്റ്റബിൾ പരീക്ഷ എഴുതിയ ശേഷമാണിത്. പൊലീസിന്റെ പെറ്റി രസീത് ബുക്ക് സ്വന്തമായി അച്ചടിച്ചിരുന്ന ഷൈമോൻ ഇത് ഉപയോഗിച്ച് വാഹന പരിശോധനയും നടത്തിയിരുന്നു. സനിതാ മോൾ, പൊലീസ് യൂണിഫോമിൽ പല തവണ നാട്ടിൽ വിലസിയിട്ടുണ്ട്.