north-sentinel-island

ന്യൂഡൽഹി: ആൻഡമാൻ നിക്കോബാർ ദ്വീപസമൂഹത്തിൽ പെട്ട നോർത്ത് സെന്റിനൽ ദ്വീപിൽ പ്രവേശിക്കാൻ ശ്രമിച്ച അമേരിക്കൻ വിനോദ സഞ്ചാരി ആദിവാസികളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. ഓംഗകൾ എന്നറിയപ്പെടുന്ന ആദിവാസി വിഭാഗം അധിവസിക്കുന്ന ദ്വീപിലേക്ക് മത്സ്യതൊഴിലാളികളുടെ സഹായത്തോടെ കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് ജോൺ അലൻ ചൗ എന്ന 27കാരൻ കൊല്ലപ്പെട്ടത്. 2001ലെ കണക്ക് പ്രകാരം 41 ആളുകൾ മാത്രമുള്ള ദ്വീപിലേക്ക് സുരക്ഷാ കാരണങ്ങളാൽ പുറത്ത് നിന്നുള്ളവർക്ക് പ്രവേശനം അനുവദിക്കാറില്ല. പുറത്ത് നിന്നുള്ളവർ എത്തിയാൽ ഓംഗകൾ ആക്രമിക്കാറാണ് പതിവ്.

നവംബർ 16ന് ദ്വീപിലേക്ക് എത്തിയ അമേരിക്കൻ പൗരനെ ആദിവാസികൾ അമ്പും വില്ലുമായി ആക്രമിക്കുന്നത് കണ്ടതായി മത്സ്യത്തൊഴിലാളികൾ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. ആദിവാസികളുടെ ആക്രമണം ഭയന്ന് തിരിച്ച് പോകുമ്പോൾ അമേരിക്കൻ പൗരനെ കടൽത്തീരത്തേക്ക് വലിച്ചിഴച്ച് കൊണ്ടുവന്നതായും ഇവർ മൊഴിയിൽ പറയുന്നു. പിന്നീട് കടൽത്തീരത്ത് നിന്നും പകുതി കുഴിച്ചിട്ട രീതിയിൽ ഇയാളുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.

നോർത്ത് സെന്റിനൽ ദ്വീപ്
ബംഗാൾ ഉൾക്കടലിൽ ഇന്ത്യൻ സർക്കാറിന്റെ അധീനതയിൽ വരുന്ന ഒരു ദ്വീപാണ് നോർത്ത് സെന്റിനൽ . ഏകദേശം 72 കിലോമീറ്റർ വിസ്‌തൃതിയുള്ള ഈ ദ്വീപ് ആൻഡമാൻ നിക്കോബാറിന്റെ ഭാഗമാണ്.ചുറ്റും വെള്ള നിറത്തിലുള്ള കടൽ ഒരു രക്ഷാകവചം പോലെ നിൽക്കുന്ന ദ്വീപിൽ സ്വാഭാവിക തുറമുഖങ്ങൾ ഒന്നും തന്നെയില്ല. ഇവിടേക്കെത്താൻ പല സാഹസികരും ശ്രമിച്ചിട്ടുണ്ടെങ്കിലും ദ്വീപിലേക്ക് പുറത്തു നിന്നുള്ളവരെ സ്വീകരിക്കാൻ ഇവിടുള്ളവർ തയ്യാറായിരുന്നില്ല. 2006ൽ ദ്വീപിനോടടുത്ത പ്രദേശത്ത് മത്സ്യബന്ധനം നടത്തുകയായിരുന്ന രണ്ട് മത്സ്യത്തൊഴിലാളികളെ കാണാതായിരുന്നു.ഇവരെ ദ്വീപ് വാസികൾ കൊലപ്പെടുത്തിയതായാണ് കരുതുന്നത്. കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾ പോലും കണ്ടെടുക്കാൻ ഇതുവരെയും കഴിഞ്ഞിട്ടില്ല. ദ്വീപിനടുത്തേക്ക് വഴി തെറ്റിയെത്തുന്ന സഞ്ചാരികളെയും മത്സ്യത്തൊഴിലാളികളെയും ഇന്ത്യൻ നാവികസേന ദൂരെ നിന്നു തന്നെ തടഞ്ഞ് തിരിച്ചയക്കാറാണ് പതിവ്.

north-sentinel-island

ഓംഗകൾ അഥവാ ലോകത്തിലെ ഏറ്റവും ഒറ്റപ്പെട്ട മനുഷ്യ ഗോത്രം

സെന്റിനൽ ദ്വീപിലേക്കുള്ള ബാഹ്യ ഇടപെടലുകൾ തടയുന്നത് ഇവിടെ താമസിക്കുന്ന ഓംഗ വംശജർ തന്നെയാണ്. ആഫ്രിക്കൻ വംശജരെന്ന് കരുതുന്ന ഇക്കൂട്ടർ 60,000 വർഷത്തോളമായി ഇവിടെ താമസിക്കുന്നുണ്ടെന്ന് ചില ചരിത്രകാരന്മാർ പറയുന്നു. 1967ൽ ഓംഗകളുമായി ബന്ധപ്പെടാനും അവർക്ക് വേണ്ട അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനുമായി ഇന്ത്യൻ സർക്കാർ നരവംശ ശാസ്ത്രജ്ഞനായ ടി.എൻ പണ്ഡിറ്റിന്റെ നേതൃത്വത്തിൽ ഒരു സംഘത്തിനെ അയച്ചിരുന്നു. സമ്മാനങ്ങളും വസ്ത്രങ്ങളും നൽകി ദ്വീപിലുള്ളവരെ ഇണക്കാൻ ശ്രമിച്ചെങ്കിലും ഇക്കൂട്ടർ ഇണങ്ങാൻ തയ്യാറായില്ല. കൂടാതെ കടൽത്തീരത്തേക്ക് കൂട്ടമായി വന്ന ഇക്കൂട്ടർ ദൗത്യ സംഘത്തിന് നേരെ പുറം തിരിഞ്ഞ് നിന്ന് വിസർജനം ചെയ്യാൻ ശ്രമിച്ചതായി ടി.എൻ പണ്ഡിറ്റ് പറയുന്നു. ഇങ്ങനെ ചെയ്യുന്നത് അതിഥികളെ അവഹേളിക്കാനും ദ്വീപിലേക്ക് ആരും വരേണ്ടെന്ന് കാണിക്കാനുമാണെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. സമ്മാനങ്ങളും വസ്ത്രങ്ങളും ഇക്കൂട്ടരെ പ്രലോഭിപ്പിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.ഇതിന് ശേഷം സർക്കാർ നിയോഗിക്കുന്ന ഉന്നത ഉദ്യോഗസ്ഥർക്കല്ലാതെ ആരെയും ദ്വീപിലേക്ക് പ്രവേശിക്കാൻ അനുവാദമില്ല.