എം .ഐ. ഷാനവാസ് എനിക്ക് സഹപ്രവർത്തകൻ മാത്രമായിരുന്നില്ല. സഹോദരനായിരുന്നു. ഉപദേശിക്കുകയും സ്നേഹപൂർവം ശാസിക്കുകയും ചെയ്യുന്ന സഹോദരൻ. ഞങ്ങൾ തമ്മിലുള്ള ആത്മബന്ധത്തിന് നാല് ദശാബ്ദം പഴക്കമുണ്ട്. 1970 കളുടെ അവസാനം ഞാൻ കെ.എസ്.യു ഭാരവാഹിയായിരുന്നപ്പോൾ തുടങ്ങിയ കൂട്ടുകെട്ട് അദ്ദേഹത്തിന്റെ മരണം വരെ തുടർന്നു. ഞാൻ ഷാജി എന്നാണ് വിളിച്ചിരുന്നത്. ദിവസങ്ങൾക്ക് മുമ്പ് ചെന്നൈയിലെ ഡോ. റെയ്ലാ ആശുപത്രിയിൽ ഞാൻ കാണാനെത്തുമ്പോൾ അദ്ദേഹം മയക്കത്തിലായിരുന്നു . എന്റെ ശബ്ദം കേട്ടപ്പോൾ കണ്ണുതുറന്നു. എന്റെ കൈകളിൽ മുറകെ പിടിച്ചു. ഞാൻ തിരികെ വരുമെന്ന് ഓർമ്മിപ്പിക്കും പോലെ.
1978 ൽ കോൺഗ്രസ് പാർട്ടിയിലുണ്ടായ പിളർപ്പിൽ ഞാനും ഷാനവാസും ജി. കാർത്തികേയനും ലീഡർ കരുണാകരന്റെ നേതൃത്വത്തിൽ ഇന്ദിരാജിക്ക് പിന്നിൽ അടിയുറച്ച് നിന്നു. മറ്റൊരു പ്രത്യേക രാഷ്ട്രീയ സാഹചര്യത്തിലും ഞങ്ങൾ ഒരുമിച്ച് ഒറ്റക്കെട്ടായി നിന്നു. അത് കേരള രാഷ്ട്രീയത്തിന്റെ ഗതിയെ മാറ്റി.
കോൺഗ്രസിന്റെ അടിസ്ഥാന ആദർശങ്ങളിലും പ്രത്യയ ശാസ്ത്രത്തിലും അടിയുറച്ച് വിശ്വസിക്കുന്ന ദൃഢമായ മതേതര ബോദ്ധ്യമുള്ള നേതാവായിരുന്നു എം.ഐ .ഷാനവാസ്. മതന്യൂനപക്ഷങ്ങളുടെയും പിന്നാക്കവിഭാഗങ്ങളുടെയും എക്കാലത്തെയും വലിയ ആശാകേന്ദ്രമാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസെന്നും കോൺഗ്രസിനെ തിരിച്ചുകൊണ്ടുവരിക എന്നതാണ് ഇന്ത്യ നേരിടുന്ന പ്രശ്നങ്ങൾക്കുള്ള ഏക പരിഹാരമെന്നും ഷാനവാസ് ഉറച്ച് വിശ്വസിച്ചിരുന്നു. അഭിപ്രായങ്ങൾ തുറന്നു പറയാൻ ഷാനവാസിന് മടിയുണ്ടായിരുന്നില്ല. പാർട്ടിയുടെ ജനകീയ അടിത്തറ വിപുലപ്പെടുത്തുന്നതിൽ മികച്ച വാഗ്മി കൂടിയായ അദ്ദേഹം വഹിച്ച പങ്ക് അതുല്യമായിരുന്നു.
ഞാൻ കെ.പി.സി.സി പ്രസിഡന്റായിരുന്നപ്പോൾ സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറിയായി അദ്ദേഹം എന്നോടൊപ്പം ഒമ്പത് വർഷം പ്രവർത്തിച്ചു. കോൺഗ്രസിന്റെ സംഘടനാ സംവിധാനത്തെ മുന്നോട്ട് നയിക്കുന്നതിൽ അതുല്യമായ നേതൃശേഷിയാണ് അദ്ദേഹം പ്രകടിപ്പിച്ചത്. ആ കാലഘട്ടങ്ങളിലൊക്കെ അദ്ദേഹം നൽകിയ ശക്തമായ പിന്തുണ ഇന്നും മനസിൽ പച്ചപിടിച്ച് നിൽക്കുകയാണ്. പ്രയാസകരമായ ഘട്ടങ്ങളിൽ പെട്ടെന്ന് ശരിയായ തീരുമാനങ്ങളെടുക്കുന്നതിന് ഷാനവാസിന്റെ ഉപദേശങ്ങൾ എന്നെ ചെറുതായല്ല സഹായിച്ചിട്ടുള്ളത്. പാർട്ടിയിലെ പ്രശ്നങ്ങൾക്ക് രമ്യമായ പരിഹാരം കണ്ടെത്തുന്നതിൽ അസാധാരണ മിടുക്കുണ്ടായിരുന്നു അദ്ദേഹത്തിന്.
മികച്ച പാർലമെന്റേറിയനായിരുന്നു ഷാനവാസ്. കാര്യങ്ങൾ ആഴത്തിൽ പഠിച്ച് പാർലമെന്റിൽ അവതരിപ്പിക്കാൻ അദ്ദേഹം ശ്രദ്ധിച്ചു. വയനാട്ടിലെ രാത്രികാല യാത്രാനിരോധനം നീക്കുന്ന വിഷയത്തിൽ തീരുമാനം ഉണ്ടാക്കാൻ എന്നെയും കൂട്ടിക്കൊണ്ടാണ് അദ്ദേഹം ബാംഗ്ലൂരിലേക്ക് പോയത്. വയനാട്ടിൽ എയിംസിന്റെ ശാഖ സ്ഥാപിക്കുന്ന കാര്യത്തിനായി ഡൽഹിയിലേക്ക് പലതവണ ഞങ്ങൾ ഒരുമിച്ച് പോയി. തന്റെ നിയോജക മണ്ഡലത്തിലെ കാർഷിക പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് വേണ്ടി നടത്തിയിരുന്ന ഡൽഹി യാത്രകളിലും ഞാൻ കൂടെ വേണമെന്ന് അദ്ദേഹത്തിന് നിർബന്ധമുണ്ടായിരുന്നു. താൻ പ്രതിനിധാനം ചെയ്യുന്ന മണ്ഡലത്തിന്റെ പുരോഗതിയും വളർച്ചയും അദ്ദഹത്തിന്റെ മുൻഗണനകളായിരുന്നു.
പരാജയങ്ങൾ ഒരിക്കലും അദ്ദേഹത്തെ തളർത്തിയിരുന്നില്ല. കോൺഗ്രസ് പ്രസ്ഥാനം ഉയർത്തിപ്പിടിച്ച എല്ലാ മൂല്യങ്ങൾക്കു വേണ്ടിയും എം. ഐ. ഷാനവാസ് എന്ന കോൺഗ്രസുകാരൻ വിട്ടുവീഴ്ചയില്ലാതെ പോരാടി.
കെ .എസ് .യുവിന്റെയും യൂത്ത് കോൺഗ്രസിന്റെയും, കെ.പി.സി.സി യുടെയും നേതൃനിരയിൽ ഏതാണ്ട് നാല് ദശാബ്ദക്കാലം നിറഞ്ഞു നിന്നു ഷാനവാസ്. അഭിപ്രായ വ്യത്യാസങ്ങൾ തുറന്ന് പറയുമ്പോഴും ഹൃദയത്തിൽ സ്നേഹം മാത്രം നിറച്ചുവച്ച മനുഷ്യനായിരുന്നു അദ്ദേഹം.
പൊതുപ്രവർത്തനത്തിലെ ഏറ്റവും വിഷമതയേറിയ കാലഘട്ടത്തിലും ഏറ്റവും സംതൃപ്തി നിറഞ്ഞ കാലഘട്ടത്തിലും ഷാനവാസ് എന്നോടൊപ്പമുണ്ടായിരുന്നു. ആറ് വർഷം മുമ്പ് അദ്ദേഹത്തിന് അസുഖം കൂടിയപ്പോൾ ഇടപ്പള്ളിയിൽ അമൃതാ ആശുപത്രിയിൽ നിന്നും മുംബയിലേക്ക് കൊണ്ടുപോയപ്പോഴും ഞാൻ കൂടെയുണ്ടായിരുന്നു. ഇപ്പോൾ അനിവാര്യമായ വിധിക്ക് എന്റെ പ്രിയ സുഹൃത്തും കീഴടങ്ങി. നമ്മളെ ഇഷ്ടപ്പെടുന്നവർ, നമ്മുടെ നന്മ ആഗ്രഹിക്കുന്നവർ കടന്നുപോകുമ്പോൾ വലിയ ശൂന്യതയാണ് അനുഭവപ്പെടുക. കാർത്തികേയൻ നേരത്തേ പോയി. ഇപ്പോൾ ഷാനവാസും. പ്രിയപ്പെട്ട ഷാനവാസിന്റെ ഓർമകൾക്ക് മുന്നിൽ ഞാൻ പ്രണമിക്കുന്നു.