ഷാനവാസിനെപ്പോലൊരു നേതാവിനെ കിട്ടാൻ എല്ലാ പാർട്ടികളും ആഗ്രഹിക്കുന്നുണ്ടാകും. ഷാനവാസ് ദേശീയപ്രസ്ഥാനത്തോടൊപ്പം ജനാധിപത്യത്തോടൊപ്പം മതേതര മൂല്യങ്ങളോടൊപ്പം ഉറച്ചുനിന്നു. അവസാനം വരെ അവയ്ക്കുവേണ്ടി പോരാടുകയും ചെയ്തു. കോൺഗ്രസിന്റെ മതേതര മുഖമായിരുന്നു എം.ഐ. ഷാനവാസ്. കോൺഗ്രസ് ദേശീയതലത്തിൽ വരെ ഉയർത്തിക്കാട്ടിയ നേതാവ്. പാർലമെന്റിനകത്തും പുറത്തും ഷാനവാസ് കോൺഗ്രസിനുവേണ്ടിയും കോൺഗ്രസിന്റെ മൂല്യങ്ങൾക്കു വേണ്ടിയും തളരാതെ പോരാടി. ഇത്തരം നേതാക്കളെ രാജ്യത്തിന് ഏറെ ആവശ്യമുള്ള കാലഘട്ടത്തിലാണ് അദ്ദേഹത്തിന്റെ വിയോഗം. അതുകൊണ്ടുതന്നെ ഷാനവാസിന്റെ വിടവാങ്ങൽ എല്ലാ ജനാധിപത്യ, മതേതര വിശ്വാസികളെയും വേദനിപ്പിക്കുന്നു.
സ്കൂൾ വിദ്യാർത്ഥിയായിരിക്കുമ്പോൾ കെ.എസ്.യുവിന്റെ ദീപശിഖാങ്കിത നീലപ്പതാക കൈയിലേന്തിയ ഷാനവാസ് കെ.എസ്.യുവിനെ കൂടുതൽ ഉയരങ്ങളിലെത്തിച്ചു. കാലിക്കറ്റ് സർവകലാശാല യൂണിയൻ ചെയർമാനായി തിളങ്ങി. പിന്നീട് യൂത്ത് കോൺഗ്രസിലും കോൺഗ്രസിലും ഉന്നതസ്ഥാനങ്ങൾ വഹിച്ചു. പല പരാജയങ്ങൾക്കൊടുവിൽ 2009 ൽ വയനാട്ടിൽ ഷാനവാസിനെ കാത്തിരുന്നത് മിന്നുന്ന ജയമായിരുന്നു. 1,53,439 വോട്ടിന്റെ ലീഡ് സംസ്ഥാനത്ത് റെക്കാഡിട്ടു. 1993ൽ ഒറ്റപ്പാലം ലോക്സഭാ മണ്ഡലത്തിൽ എസ്.ശിവരാമൻ നേടിയ 1,32,652 വോട്ടിന്റെ റെക്കാഡാണ് ഷാനവാസ് മറികടന്നത്. അതിശക്തമായ ത്രികോണ മത്സരത്തിലായിരുന്നു ഈ വിജയം. രണ്ടാമൂഴത്തിലും വിജയം ഷാനവാസിനൊപ്പം തന്നെയായിരുന്നു. അസുഖം അദ്ദേഹത്തെ തളർത്തിയിരുന്നെങ്കിലും ഞങ്ങൾ ഷാജിയെന്നു സ്നേഹപൂർവം വിളിക്കുന്ന ഷാനവാസിന്റെ പോരാട്ട വീര്യം തന്നെയാണ് അദ്ദേഹത്തെ വീണ്ടും വിജയതിലകമണിയിച്ചത്.
അനാരോഗ്യത്തിന്റെ നടുവിലായിരുന്നപ്പോൾ പോലും വയനാട് മണ്ഡലത്തിലെ നീറുന്ന പ്രശ്നങ്ങൾക്ക് മുൻഗണന നല്കി. കാർഷിക പ്രാധാന്യമുള്ള പ്രദേശമാണ് വയനാട്. കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ കാർഷിക നയങ്ങൾ കശക്കിയെറിഞ്ഞ നാടാണ് വയനാട്. കുരുമുളക്, കാപ്പി, റബർ, നാളികേരം, അടയ്ക്ക തുടങ്ങിയ എല്ലാ വിളകളുടെയും വില ഒരുമിച്ചു നിലംപൊത്തിയ ഇതുപോലൊരു കാലമില്ല. ഏറ്റവും കൂടുതൽ കർഷക ആത്മഹത്യകൾ നടന്നിട്ടുള്ള നാടു കൂടിയാണിത്. പൂക്കോട് വെറ്ററിനറി സർവകലാശാലയ്ക്ക് 100 കോടിയും കുരുമുളക് കർഷകരുടെ ഉന്നമനത്തിന് 52 കോടിയും കാപ്പി കർഷകരുടെ കടാശ്വാസ പദ്ധതിക്ക് 44 കോടിയും ലഭിക്കുന്നതിന് ഷാനവാസ് വഴിയൊരുക്കി. ആദിവാസികൾ ധാരാളമുള്ള വയനാട്ടിൽ അവരുടെ പ്രശ്നങ്ങൾ പരിഹരിക്കാനും ഷാനവാസ് മുൻനിരിയിലുണ്ടായിരുന്നു.
വയനാടിനെ ബാധിക്കുന്ന രണ്ടു പ്രധാന വിഷയങ്ങളാണ് രാത്രികാല യാത്രാനിരോധനവും നഞ്ചൻകോട്- വയനാട്- നിലമ്പൂർ റെയിൽപാതനിർമാണവും. അദ്ദേഹത്തിന്റെ പൂർത്തിയാക്കാൻ കഴിയാത്ത രണ്ടു സ്വപ്നങ്ങളാണിവ. രാത്രികാല യാത്രാനിരോധനത്തിനു പരിഹാരം തേടി ഞാൻ കർണാടകത്തിലെ മൂന്നു മുഖ്യമന്ത്രിമാരുമായി നാലു തവണ ചർച്ച നടത്തിയിട്ടുണ്ട്. അതിനു പിന്നിൽ പ്രവർത്തിച്ചത് ഷാനവാസായിരുന്നു. അധികാരകേന്ദ്രങ്ങളിലേക്ക് നിവേദനം കൈമാറുന്ന വെറുമൊരു പോസ്റ്റ്മാൻ ആയിരുന്നില്ല ഷാനവാസ് എന്ന ജനപ്രതിനിധി. അതു സാധിച്ചെടുക്കാനുള്ള എല്ലാ മുന്നൊരുക്കങ്ങളും അദ്ദേഹം നടത്തിയിരിക്കും. പ്രളയകാലത്ത് ആരോഗ്യപരമായി വളരെ മോശം അവസ്ഥയിലായിരുന്നെങ്കിലും പ്രളയബാധിതരോടൊപ്പം സമയം ചെലവഴിച്ചു. ദുരിതാശ്വാസ, പുനർനിർമാണ പ്രവർത്തനങ്ങളിൽ മുഴുകി. ഷാനവാസിന്റെ പാണ്ഡിത്യവും പ്രഭാഷണ കലയും കോൺഗ്രസിന്റെ നയങ്ങളെയും കാഴ്ചപ്പാടുകളെയും ജനമധ്യത്തിൽ എത്തിക്കുന്നതിൽ പ്രധാന പങ്കുവഹിച്ചു. ചാനൽ ചർച്ചകളിൽ ഒരു പേനയും കൈയിൽ തിരുകിവച്ച് വാക്കുകൾകൊണ്ട് അടരാടുന്ന ഷാനവാസിനെ എല്ലാവർക്കും സുപരിചിതമാണ്.
എനിക്ക് വ്യക്തിപരമായ ഏറെ അടുപ്പമുള്ള സുഹൃത്താണ് ഷാജി. എന്റെ പ്രതിസന്ധിഘട്ടങ്ങളിൽ എപ്പോഴും താങ്ങും തണലുമായി അദ്ദേഹം നിന്നിട്ടുണ്ട്. പൊതുപ്രവർത്തകൻ ഒരു പോരാളി കൂടിയായിരിക്കണം എന്ന് അദ്ദേഹം പറയുമായിരുന്നു. വാക്കുകളിലും പ്രവൃത്തികളിലും ആത്മാർത്ഥത നിറഞ്ഞു നിന്നു. കോൺഗ്രസിനും രാജ്യത്തിനും ഇനിയുമേറെ സംഭാവനകൾ ചെയ്യാൻ അദ്ദേഹത്തിനു സാധിക്കുമായിരുന്നു. അദ്ദേഹത്തിന്റെ കാര്യത്തിൽ മരണം നേരത്തേയെത്തി എന്നു പറയാതിരിക്കാൻ വയ്യ. അദ്ദേഹത്തിന്റെ ഓർമകൾക്കു മുന്നിൽ പ്രണാമം.