fake-photo

കോഴിക്കോട്: ശബരിമലയിലെ അയ്യപ്പഭക്തനെ ചവിട്ടുന്ന പൊലീസ് എന്ന കുറിപ്പോടെ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ചിത്രം വ്യാജം. മനിഷാദ... അരുത് കാട്ടാള, അരുത്... അയ്യപ്പഭക്തനെ ആക്രമിക്കുന്ന പൊലീസുകാരൻ എന്ന കുറിപ്പോടെയാണ് ചിത്രം പ്രചരിക്കുന്നത്. മറ്റൊരു പൊലീസുകാരൻ ചവിട്ടുന്ന ഉദ്യോഗസ്ഥനെ തടയുന്നതും ചിത്രത്തിൽ കാണാം.

എന്നാൽ ഈ ചിത്രം 2013ൽ അന്നത്തെ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കെതിരെ നടന്ന പ്രതിഷേധത്തിനിടെയിൽ സി.പി.എം പ്രവർത്തകനെ എസ്. ഐ ചവിട്ടുന്ന ചിത്രമായിരുന്നു. അന്നത്തെ ഗ്രേഡ് എസ്.ഐ വിജയദാസാണ് സി.പി.എം പ്രവർത്തകനെ ചവിട്ടിയത്. സംഭവം നടന്നതിന്റെ അടുത്തദിവസം ഒരു ദിനപത്രത്തിന്റെ ഒന്നാം പേജിൽ ഈ ചിത്രം അച്ചടിച്ചിരുന്നു. ഈ ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തെറ്റിദ്ധരിപ്പിക്കുന്ന വിധത്തിൽ പ്രചരിക്കുന്നത്.

നേരത്തെയും സമാനമായ വ്യാജ ചിത്രങ്ങൾ പൊലീസ് അതിക്രമം എന്ന തലക്കെട്ടോട് കൂടി സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ഇത്തരത്തിൽ വ്യാജ ചിത്രങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് പൊലീസിന്റെ മുന്നറിയിപ്പുണ്ട്.