devaswam-board

കൊച്ചി: മണ്ഡലകാലത്ത് സംഘർഷമുണ്ടാകുമെന്ന ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ശബരിമലയിൽ നിരോധനാജ്ഞ നടപ്പിലാക്കിയതെന്ന് സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചു. നേരത്തെ നടതുറന്നപ്പോഴും സംഘർഷമുണ്ടായിരുന്നു. ഇനിയും സംഘർഷമുണ്ടാകുമെന്ന മുന്നറിയിപ്പിനെ തുടർന്നാണ് നിയന്ത്രണങ്ങൾ നടപ്പിലാക്കിയതെന്നും ഐ.ജി.വിജയ് സാഖറെ കോടതിയെ അറിയിച്ചു. യഥാർത്ഥ വിശ്വാസികളെ പ്രതിഷേധക്കാർ തടഞ്ഞതിനാലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചതെന്നും അദ്ദേഹം കോടതിയിൽ അറിയിച്ചു. എന്നാൽ മലയാളം എഴുതാനും വായിക്കാനും അറിയാത്ത ഉദ്യോഗസ്ഥരെയാണോ ശബരിമലയിൽ നിയോഗിക്കുന്നതെന്നായിരുന്നു കോടതിയുടെ ചോദ്യം. ഐ.ജി.വിജയ് സാഖറെയെയും എസ്.പി.യതീഷ് ചന്ദ്രയുടെയും നടപടികളെ വിമർശിച്ച് കൊണ്ടായിരുന്നു കോടതിയുടെ വിമർശനം. ശബരിമലയിലെ നിരോധനാജ്ഞ നീക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിക്കപ്പെട്ട ഒരു കൂട്ടം ഹർജികൾ പരിഗണിക്കുകയായിരുന്നു കോടതി.

ശബരിമലയിൽ നിയോഗിക്കപ്പെട്ട പൊലീസ് ഉദ്യോഗസ്ഥർക്ക് മലയാളം എഴുതാനും വായിക്കാനും അറിയില്ലേയെന്നും ഡി.ജി.പി നൽകിയ സർക്കുലർ ഇവർ വായിച്ചു മനസിലാക്കാത്തതെന്താണെന്നും കോടതി ചോദിച്ചു. ക്രിമിനൽ കേസുകളിൽ അടക്കം പ്രതിയായ ഉദ്യോഗസ്ഥരെയാണോ ശബരിമലയിൽ സുരക്ഷാ ചുമതലയ്‌ക്ക് നിയോഗിച്ചിരുന്നത്. ഇവരെ എന്തിന് നിയോഗിച്ചുവെന്ന് സർക്കാർ മറുപടി പറയണം. രണ്ട് ഉദ്യോഗസ്ഥരുടെയും വിശദാംശങ്ങൾ സർക്കാർ ഹാജരാക്കണമെന്നും കോടതി നിർദ്ദേശിച്ചു. ശരണമന്ത്രം ചൊല്ലുന്നത് തടയരുതെന്നും ഭക്തർക്ക് ഒറ്റയായോ കൂട്ടമായോ പോകാമെന്നും കോടതി ഇടക്കാല ഉത്തരവിറക്കി. എന്നാൽ സന്നിധാനത്ത് ശരണം വിളിക്കുന്നതിന് തടസമൊന്നുമില്ലെന്നും യഥാർത്ഥ ഭക്തർ ഒരു പ്രശ്‌നവുമില്ലാതെ ദർശനം നടത്തി തിരിച്ച് പോകുന്നുവെന്നും ഐ.ജി കോടതിയിൽ അറിയിച്ചു.

അതേസമയം, ശബരിമലയിലെ നിയന്ത്രണങ്ങള്‍ നീക്കണമെന്ന ഹൈക്കോടതി നിര്‍ദേശം എന്തുകൊണ്ട് പാലിക്കപ്പെട്ടില്ലെന്നും എ.ജിയോട് ഹൈക്കോടതി ചോദിച്ചു. അഡ്വക്കേറ്റ് ജനറലിനെപോലെ ഉത്തരവാദിത്തപ്പെട്ട ഒരാളോടാണ് കോടതി നിര്‍ദേശിച്ചത്. ഈ നിര്‍ദേശങ്ങള്‍ ബന്ധപ്പെട്ടവരെ അറിയിച്ചില്ലേ എന്നും എ.ജിയോട് കോടതിചോദിച്ചു. ഇക്കാര്യത്തില്‍ വെള്ളിയാഴ്ച വിശദീകരണം നല്‍കാനും കോടതി നിര്‍ദേശിച്ചു. നിരോധനാജ്ഞ പുറപ്പെടുവിക്കാൻ ആധാരമായ രേഖകളും ഉത്തരവുകളും ഹാജരാക്കണമെന്ന് ജില്ലാ കളക്‌ടറോടും കോടതി നിർദ്ദേശിച്ചു.

സഞ്ചിയിലെന്താണെന്ന് കണ്ടെത്തിയോ?

ശബരിമലയിലേക്ക് സംഘടിച്ചെത്തണമെന്ന് ചില രാഷ്ട്രീയ പാർട്ടികൾ തങ്ങളുടെ പ്രവർത്തകർക്ക് സർക്കുലർ ഇറക്കിയത് ശ്രദ്ധയിൽ പെട്ടതായും കോടതി ചൂണ്ടിക്കാട്ടി. ഇക്കാര്യത്തെക്കുറിച്ച് പൊലീസ് അന്വേഷിച്ചുവോ എന്നും കോടതി ആരാഞ്ഞു. ഇവർ ശബരിമലയിലേക്ക് കൊണ്ടുവരാൻ ആവശ്യപ്പെട്ട സഞ്ചിയിൽ എന്തൊക്കെയാണുള്ളതെന്ന് അന്വേഷിക്കണമെന്നും കോടതി പറഞ്ഞു.