olu-editpage

പനാജി. ഹൃദയത്തിൽ എവിടെയാണ് പ്രണയം ഒളിപ്പിച്ചു വച്ചിരിക്കുന്നത്.? പ്രണയത്തിന്റെ പൂർണ്ണ ചന്ദ്രൻമാർ തീർത്ത നിലാവിന്റെ വിശുദ്ധിയിൽ ഷാജി.എൻ.കരുൺ അവതരിപ്പിച്ച ഓള് മലയാള സിനിമയിലെ മറ്റൊരു നാഴികക്കല്ലായി മാറി.

അവൾ മായയാണ് . പ്രണയിക്കാൻ മാത്രം അറിയാവുന്നവൾ. ക്രൂരമായ മാനഭംഗത്തിനിരയായി കായലിൽ കെട്ടിത്താക്കപ്പെടുന്നവൾ. നൂറ്റാണ്ടുകൾ മുമ്പ് കായലിൽ അടിഞ്ഞുപോയ ബുദ്ധവിഹാരങ്ങളിൽ അവശേഷിച്ച ബുദ്ധ പുരോഹിതയുടെ ആത്മാവ് അവളെ സംരക്ഷിക്കുകയാണ്. വെള്ളത്തിനടിയിൽ അനുഗ്രഹീതയായി അവൾ ബാക്കി ജീവിതം ജീവിച്ചു തീർത്ത് രക്ത പൗർണ്ണമിയിൽ നിർവാണത്തിലേക്ക് പോകുന്നു. അവൾ ഹൃദയത്തിൽ സൂക്ഷിച്ച കാമുകന്റെ മുഖം ഒരു പ്രസവകാലമായി കണക്കാക്കപ്പെടുന്ന പത്ത് പൂർണ്ണചന്ദ്രൻമാരുടെ കാലയളവിനിടെ മറ്റൊരാളിൽ കണ്ടെത്തുകയാണ്. അവൾ കെട്ടിത്താക്കപ്പെട്ട തിരുമല തുരുത്തിലെ കായലോരത്തെ ഗൈഡും ചിത്രകാരനുമായ വാസുപ്പണിക്കരുടെ മുഖമായിരുന്നു അത്. തിരുമലത്തേവരുടെ പാരമ്പര്യം പേറി ബാധയൊഴിപ്പിക്കലും മറ്റുമായി കഴിയുന്ന കുടുംബത്തിലെ കണ്ണിയാണവൻ. ജീവിക്കാനായി പല വേഷങ്ങളും കെട്ടുമ്പോളും നല്ലൊരു ചിത്രകാരനാകണമെന്ന മോഹവും, ഒരു പെണ്ണിന്റെ ഹൃദയത്തിൽ ഇടം തേടണമെന്ന സ്വപ്നവും പേറി നടക്കുന്ന വാസുവിന്റെ ഉള്ളിലേക്കാണ് പ്രണയത്തിന്റെ നിലാവായി മായ എത്തുന്നത്. അവൾക്ക് മാത്രം കാണുകയും അവന് കേൾക്കാനും മാത്രം. കഴിയുന്ന അജ്ഞാത കാമുകി. ഓളുമായിട്ടുള്ള അടുപ്പം അവനെ വലിയ ചിത്രകാരനാക്കുകയാണ്. കാണുകയും അടുപ്പം കാട്ടുകയും ചെയ്യുന്നവരെല്ലാം അവന് മായയാണ്. സ്വപ്നത്തിനും യാഥാർത്ഥ്യത്തിനുമിടയിൽ സ്വയം നഷ്പ്പെടുന്ന വാസുവിന്റെ കഥയാണ് ഓള്. പ്രണയം സത്യമാണെന്ന് വിളിച്ചു പറയുന്നു ഓള് . പ്രണയം ശരീരമല്ലെന്നും ആത്മാവുകളുടെ ലയിച്ചു ചേരലാണെന്നും പറയുന്നു. പ്രണയത്തിനെത്ര ഹൃദയങ്ങളുണ്ടെന്ന് ചോദിക്കുന്നുണ്ട് ഓള്.

shaji-n-karun

ജീവിത സ്വപ്നങ്ങൾ പുരുഷന്റ കാമവെറിയിൽ പിച്ചിച്ചീന്തപ്പെട്ടു പോകുന്ന പെൺകുട്ടികളുടെ കഥയാണ് ഓള്. മായയെ മാനഭംഗപ്പെടുത്തിയവരുടെ കൂട്ടത്തിൽ ഡൽഹിയിലെ നിർഭയ സംഭവത്തിലേതു പോലെ ഒരു കൗമാരക്കാരനുമുണ്ടായിരുന്നു.

ഇതിലെ ഒരു കഥാപാത്രം പറയുന്നുണ്ട്. പെണ്ണ് ഒരു പൂവ് പോലെയാണ്. ഭാഗ്യമുണ്ടെങ്കിൽ അത് ചിലർ തലയിൽ ചൂടും. അല്ലെങ്കിൽ നിലത്തിട്ട് ചവിട്ടിയരയ്ക്കും. വ്യത്യസ്തമായ തലങ്ങളിൽ ഒരേസമയം ഫിലോസഫിക്കലും ഒപ്പം സ്ത്രീ പീഡനത്തിന്റെ ക്രൂര മുഖങ്ങളിലൂടെ നഗ്നമായ യാഥാർത്ഥ്യങ്ങളും കാട്ടിത്തരുന്ന ചിത്രം കൂടിയാണ് ഓള്. മലയാളത്തിന്റെ ഫാന്റസി ചിത്രമായി ഇതിനെ വിശേഷിപ്പിക്കാം. ഫാന്റസിയും യാഥാർത്ഥ്യവും ചരിത്രത്തിന്റെ തിരുശേഷിപ്പുകളും ഇടകലർത്തി തികഞ്ഞ കൈയ്യടക്കത്തോടെ ഷാജി ചിത്രം ഒരുക്കിയിരിക്കുന്നു. അനുപമവും അനുഭൂതിദായകവുമായ കാഴ്ചയാണ് ഓള് സമ്മാനിക്കുന്നത്. എം.ജെ.രാധാകൃഷ്ണന്റെ ഛായാഗ്രഹണം,ഐസക് തോമസ് കൊട്ടുകാപ്പള്ളിയുടെ സംഗീതം,ടി.ഡി. രാമകൃഷ്ണന്റെ സംഭാഷണം എന്നിവ ഈ ചിത്രത്തിന്റെ സുപ്രധാന ഘടകങ്ങളാണ്. മായയായി അഭിനയിച്ച എസ്തറും വാസുവായി വന്ന ഷെയിൻ നിഗവും മാനസിയുടെ വേഷമിട്ട കനിയും മികച്ച അഭിനയം പ്രകടമാക്കി. പ്രശസ്ത വ്യവസായിയും നിർമ്മാതാവുമായ എ.വി.അനൂപാണ് നിർമ്മാണം. ഇന്ത്യൻ പനോരമയിലെ ഉദ്ഘാടനചിത്രമായ ഓളിന് ഇന്നലെ വൻ തിരക്കായിരുന്നു. പ്രേക്ഷകർ നിറഞ്ഞ കൈയ്യടിയോടെയാണ് ചിത്രത്തെ സ്വീകരിച്ചത്. ഉദ്ഘാടന ചടങ്ങിൽ സംവിധായകൻ ഷാജി എൻ.കരുൺ, നിർമ്മാതാവ് എ.വി.അനൂപ്,എസ്തർ ,ഷെയിൻ നിഗം മറ്റ് അണിയറ പ്രവർത്തകരും സന്നിഹിതരായിരുന്നു.