deepveer

ആരാധകർ ഏറെ സന്തോഷത്തോടെ കാത്തിരുന്ന ദീപിക പദുക്കോൺരൺവീർ സിംഗ് വിവാഹം കഴിഞ്ഞയുടൻ തന്നെ വിവാദങ്ങളുമായി ഇറ്റാലിയൻ സിഖ് സംഘടന രംഗത്തെത്തി. കഴിഞ്ഞയാഴ്ച ഇറ്റലിയിലെ പ്രകൃതിമനോഹരമായ ലേക് കോമോയിൽ വച്ചായിരുന്നു ഇരുവരുടെയും ആഡംബര വിവാഹം.
രണ്ട് ദിവസമായി നടന്ന വിവാഹത്തിൽ നവംബർ 14ന് കൊങ്കണി രീതിയിലും, നവംബർ 15ന് ആനന്ദ് കരാജ് ചടങ്ങുകളുമാണ് നടന്നത്. ഈ ആനന്ദ് കരാജ് ചടങ്ങുകൾക്ക് എതിരെയാണ് സിഖ് നേതാക്കൾ രംഗത്ത് വന്നിരിക്കുന്നത്.


സിഖ് വിശ്വാസികളുടെ ലോകത്തിലെ നേതൃത്വമായ അകാൽ തക്ത് ജതേദറിനെയാണ് ഇറ്റാലിയൻ സിഖ് സംഘടന പരാതിയുമായി സമീപിച്ചിരിക്കുന്നത്. ദമ്പതികളുടെ വിവാഹത്തിനായി ഒരു താത്കാലിക ഗുരുദ്വാര നിർമ്മിച്ചതാണ് പ്രശ്നങ്ങൾക്ക് ഇടയാക്കിയത്. ഇവിടെ വെച്ചാണ് ആനന്ദ് കരാജ് ചടങ്ങുകൾ നടത്തിയത്.

ഗുരുദ്വാരയ്ക്ക് പുറത്തേക്ക് ഗുരു ഗ്രന്ഥ് സാഹിബിനെ കൊണ്ടുപോകുന്നതിന് വിലക്കുണ്ടെന്ന് അകാൽ തക്ത് പറയുന്നു. ഇക്കാര്യത്തിൽ ഔദ്യോഗിക പരാതി ലഭിച്ചാൽ വിഷയം ഉയർന്ന അഞ്ച് പുരോഹിതന്മാർക്ക് കൈമാറുമെന്ന് അകാൽ തക്ത് ജദേതർ വ്യക്തമാക്കിയതായാണ് റിപ്പോർട്ടുകൾ.
നവംബർ 18ന് ദീപികയും, രൺവീറും നാട്ടിലേക്ക് തിരിച്ചെത്തിയിരുന്നു. ബംഗളൂരുവിൽ വിവാഹസത്കാരം ഇന്ന് നടക്കാനിരിക്കെയാണ് പുതിയ വിവാദം. ബോളിവുഡിനായി മറ്റൊരു സത്കാരം നവംബർ 28ന് മുംബയിലും നടക്കും.