ന്യൂഡൽഹി: പ്രവേശന നിരോധനം നിലനിൽക്കുന്ന നോർത്ത് സെന്റിനൽ ദ്വീപിൽ വച്ച് കൊല്ലപ്പെട്ട അമേരിക്കൻ സ്വദേശി മതപരിവർത്തനത്തിന് എത്തിയതാണെന്ന് ഒരു വിഭാഗം മാദ്ധ്യമങ്ങൾ. കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട നിലയിൽ കാണപ്പെട്ട അമേരിക്കൻ സ്വദേശി ജോൺ അലൻ ചൗ മിഷണറി പ്രവർത്തകനാണെന്നും മതപരിവർത്തനത്തിന്റെ ഭാഗമായാണ് ഇയാൾ ദ്വീപിലെത്തിയതെന്നുമാണ് ആരോപണം. ദ്വീപിൽ താമസിക്കുന്ന ഓംഗ വംശജരെ ക്രിസ്‌ത്യൻ മതത്തിലേക്ക് ആകർഷിക്കുന്നതിന്റെ ഭാഗമായാണ് അലൻ ദ്വീപിലെത്തിയത്. എന്നാൽ പുറത്ത് നിന്നുള്ളവർ പ്രവേശിക്കുന്നത് ഇഷ്‌ടമല്ലാത്ത ഓംഗകൾ ഇയാളെ കൊലപ്പെടുത്തിയെന്നുമാണ് ആരോപണം. എന്നാൽ ഇക്കാര്യം അന്വേഷണ ഏജൻസികൾ സ്ഥിരീകരിച്ചിട്ടില്ല.
ആൻഡമാനിലെ പ്രാദേശിക മാദ്ധ്യമമായ ശീഖയാണ് ജോൺ അലനെക്കുറിച്ചുള്ള ആരോപണങ്ങൾ പ്രസിദ്ധീകരിച്ചിരിക്കുന്നത്. ക്രിസ്ത്യൻ മിഷണറി പ്രവർത്തകനായ അലൻ അഞ്ച് തവണ ഓംഗകളെ കാണണമെന്ന ലക്ഷ്യത്തോടെ ദ്വീപിലെത്തിയിരുന്നു. എന്നാൽ ദ്വീപിലുള്ളവർ അതിന് കൂട്ടാക്കിയില്ല. തുടർന്ന് നവംബർ 16ന് ദ്വീപിലെത്തിയ ഇയാളെ ഓംഗകൾ ആക്രമിക്കുകയായിരുന്നുവെന്നാണ് ആരോപണം. എന്നാൽ ഇക്കാര്യം അന്വേഷണ ഏജൻസികൾ വിശ്വാസത്തിലെടുത്തിട്ടില്ല. ജോൺ അലനെ മറ്റാരെങ്കിലും അപായപ്പെടുത്തിയിരിക്കാനുള്ള സാധ്യതയുമുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ. സംഭവവുമായി ബന്ധപ്പെട്ട് ഏഴ് പേരെ പൊലീസ് കസ്‌റ്റഡിയിലെടുത്തിട്ടുണ്ട്. ജോൺ അലനെ ദ്വീപിലേക്ക് കൊണ്ടുപോയ മത്സ്യത്തൊഴിലാളികളെയാണ് അറസ്‌റ്റ് ചെയ്‌തതെന്നാണ് വിവരം.
നോർത്ത് സെന്റിനൽ ദ്വീപ്
ബംഗാൾ ഉൾക്കടലിൽ ഇന്ത്യൻ സർക്കാറിന്റെ അധീനതയിൽ വരുന്ന ഒരു ദ്വീപാണ് നോർത്ത് സെന്റിനൽ . ഏകദേശം 72 കിലോമീറ്റർ വിസ്‌തൃതിയുള്ള ഈ ദ്വീപ് ആൻഡമാൻ നിക്കോബാറിന്റെ ഭാഗമാണ്.ചുറ്റും വെള്ള നിറത്തിലുള്ള കടൽ ഒരു രക്ഷാകവചം പോലെ നിൽക്കുന്ന ദ്വീപിൽ സ്വാഭാവിക തുറമുഖങ്ങൾ ഒന്നും തന്നെയില്ല. ഇവിടേക്കെത്താൻ പല സാഹസികരും ശ്രമിച്ചിട്ടുണ്ടെങ്കിലും ദ്വീപിലേക്ക് പുറത്തു നിന്നുള്ളവരെ സ്വീകരിക്കാൻ ഇവിടുള്ളവർ തയ്യാറായിരുന്നില്ല. 2006ൽ ദ്വീപിനോടടുത്ത പ്രദേശത്ത് മത്സ്യബന്ധനം നടത്തുകയായിരുന്ന രണ്ട് മത്സ്യത്തൊഴിലാളികളെ കാണാതായിരുന്നു.ഇവരെ ദ്വീപ് വാസികൾ കൊലപ്പെടുത്തിയതായാണ് കരുതുന്നത്. കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾ പോലും കണ്ടെടുക്കാൻ ഇതുവരെയും കഴിഞ്ഞിട്ടില്ല. ദ്വീപിനടുത്തേക്ക് വഴി തെറ്റിയെത്തുന്ന സഞ്ചാരികളെയും മത്സ്യത്തൊഴിലാളികളെയും ഇന്ത്യൻ നാവികസേന ദൂരെ നിന്നു തന്നെ തടഞ്ഞ് തിരിച്ചയക്കാറാണ് പതിവ്. ഇന്ത്യൻ നാവികസേനയുടെ ഈ കനത്ത പ്രതിരോധം വെട്ടിച്ച് എങ്ങനെയാണ് ജോൺ അലനും സംഘവും ഇവിടെ എത്തിയതെന്നതും ദുരൂഹമാണ്.
ഓംഗകൾ അഥവാ ലോകത്തിലെ ഏറ്റവും ഒറ്റപ്പെട്ട മനുഷ്യ ഗോത്രം
സെന്റിനൽ ദ്വീപിലേക്കുള്ള ബാഹ്യ ഇടപെടലുകൾ തടയുന്നത് ഇവിടെ താമസിക്കുന്ന ഓംഗ വംശജർ തന്നെയാണ്. ആഫ്രിക്കൻ വംശജരെന്ന് കരുതുന്ന ഇക്കൂട്ടർ 60,000 വർഷത്തോളമായി ഇവിടെ താമസിക്കുന്നുണ്ടെന്ന് ചില ചരിത്രകാരന്മാർ പറയുന്നു. 1967ൽ ഓംഗകളുമായി ബന്ധപ്പെടാനും അവർക്ക് വേണ്ട അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനുമായി ഇന്ത്യൻ സർക്കാർ നരവംശ ശാസ്ത്രജ്ഞനായ ടി.എൻ പണ്ഡിറ്റിന്റെ നേതൃത്വത്തിൽ ഒരു സംഘത്തിനെ അയച്ചിരുന്നു. സമ്മാനങ്ങളും വസ്ത്രങ്ങളും നൽകി ദ്വീപിലുള്ളവരെ ഇണക്കാൻ ശ്രമിച്ചെങ്കിലും ഇക്കൂട്ടർ ഇണങ്ങാൻ തയ്യാറായില്ല. കൂടാതെ കടൽത്തീരത്തേക്ക് കൂട്ടമായി വന്ന ഇക്കൂട്ടർ ദൗത്യ സംഘത്തിന് നേരെ പുറം തിരിഞ്ഞ് നിന്ന് വിസർജനം ചെയ്യാൻ ശ്രമിച്ചതായി ടി.എൻ പണ്ഡിറ്റ് പറയുന്നു. ഇങ്ങനെ ചെയ്യുന്നത് അതിഥികളെ അവഹേളിക്കാനും ദ്വീപിലേക്ക് ആരും വരേണ്ടെന്ന് കാണിക്കാനുമാണെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. സമ്മാനങ്ങളും വസ്ത്രങ്ങളും ഇക്കൂട്ടരെ പ്രലോഭിപ്പിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.ഇതിന് ശേഷം സർക്കാർ നിയോഗിക്കുന്ന ഉന്നത ഉദ്യോഗസ്ഥർക്കല്ലാതെ ആരെയും ദ്വീപിലേക്ക് പ്രവേശിക്കാൻ അനുവാദമില്ല.