കേരളത്തിൽ ഈയിടെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ തമിഴ് സിനിമകളിലൊന്നാണ് രാക്ഷസൻ. വിഷ്ണു വിശാൽ, അമല പോൾ തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളായെത്തിയ സിനിമയിൽ യഥാർത്ഥത്തിൽ സ്‌കോർ ചെയ്തത് ക്രിസ്റ്റഫർ എന്ന ക്രൂരനായ സൈക്കോ കില്ലർ തന്നെയായിരുന്നു. തിയറ്ററുകളിൽ മികച്ച അഭിപ്രായങ്ങളുമായി സിനിമ മുന്നോട്ടുപോകുമ്പോഴാണ് പുതിയ വാർത്തകളെത്തുന്നത്. രാക്ഷസൻ മലയാളത്തിലേക്കെത്തുന്നു എന്ന റിപ്പോർട്ടുകളാണ് പുറത്തു വന്നു കൊണ്ടിരിക്കുന്നത്.
വിഷ്ണു വിശാലിന്റെ പൊലീസ് കഥാപാത്രം മലയാളത്തിലെ ഒരു പ്രമുഖ യുവ നടനായിരിക്കും അഭിനയിക്കുന്നത് എന്നാണ് സൂചന. ടോവിനോയെ ഈ വേഷത്തിനായി സമീപിച്ചെന്നും, അതല്ലെങ്കിൽ ആസിഫ് അലിയെ സമീപിക്കുമെന്നും റിപ്പോർട്ടുകളുണ്ട്.
എന്തായാലും വില്ലൻ ക്രിസ്റ്റഫറിന്റെ വേഷം ആര് ചെയ്യും എന്നുള്ള കാര്യത്തിൽ ഇത് വരെ സൂചനകളൊന്നും വന്നിട്ടില്ല. തമിഴിൽ ചെറിയ വേഷങ്ങൾ ചെയ്തിരുന്ന ശരവണൻ ആയിരുന്നു രാക്ഷസനിൽ ക്രിസ്റ്റഫറിന്റെ വേഷം ചെയ്തത്.
അതേസമയം, തമിഴ് രാക്ഷസനെ മലയാളികൾ എല്ലാം കണ്ട സ്ഥിതിക്ക് ഇനി ഒരു റീമേക്കിന് വിജയ സാധ്യത ഉണ്ടോ എന്ന ചോദ്യമാണ് സിനിമാ പ്രേമികളുടെയെല്ലാം ഉള്ളിലുള്ളത്. എന്നാൽ, ഇനിയും ഈ ചിത്രം ഒരു വലിയ വിജയമാക്കാൻ സാധ്യതയുണ്ടെന്നും അതിനാൽ മുന്നോട്ട് തന്നെയാണ് അണിയറപ്രവർത്തകർ എന്നും പറയപ്പെടുന്നു.