shanavas

കൽപ്പറ്റ: ആരോപണങ്ങളെ ചിരിച്ചുകൊണ്ടു നേരിട്ട നേതാവായിരുന്നു എം.ഐ. ഷാനവാസ്.

കിടപ്പിലായിട്ടും കാണാൻ വരുന്നവരോട് നിറഞ്ഞ മനസോടെ കാര്യങ്ങൾ തിരക്കുകയും മണ്ഡലത്തിന്റെ വികസന കാര്യങ്ങളിൽ താത്പര്യം കാട്ടുകയും ചെയ്തു. രോഗവിവരങ്ങൾ മറ്റുള്ളവർക്കു മുന്നിൽ നിരത്താൻ ഒരിക്കലും മുതിർന്നില്ല.

വയനാടിന്റെ എം.പിയെ വയനാട്ടിൽ കാണാനില്ലെന്ന പരിഹാസം അദ്ദേഹത്തിൽ ചിരിയാണ് ഉണർത്തിയത്.

എന്നാൽ, ഒരു വ്യാജ ദൃശ്യം അദ്ദേഹത്തിന്റേതായി പ്രചരിച്ചത് നൊമ്പരമായി മാറി. പ്രളയകാലത്ത് തന്നെ ആരും വയനാട്ടിലേക്ക് ക്ഷണിച്ചില്ലെന്ന് അദ്ദേഹം പറയുന്നതാണ് ദൃശ്യത്തിലുണ്ടായിരുന്നത്. വയനാടൻ ചുരത്തിലെ ഒരു പഴയ ചടങ്ങിനെത്തിയപ്പോൾ, തന്നെ ആരും ക്ഷണിച്ചില്ലെന്ന് പറഞ്ഞത് ഇപ്പോഴത്തെ പ്രളയസമയത്ത് പറഞ്ഞതാണെന്ന് പ്രചരിപ്പിക്കുകയായിരുന്നു. ഇത് ഷാനവാസിനെ വല്ലാതെ സങ്കടപ്പെടുത്തി. അദ്ദേഹത്തിന്റെ ശരീരത്തിൽ രോഗം പ്രളയതാണ്ഡവമാടുകയാണെന്ന് ആരും ഓർത്തില്ല. അതു പറഞ്ഞ് സഹതാപം പിടിക്കാൻ അദ്ദേഹം ശ്രമിച്ചതുമില്ല.

ആലപ്പുഴ ജില്ലയിൽ നിന്ന് പതിനെട്ടാം വയസിൽ കെ.എസ്.യു പ്രവർത്തകനായി കോഴിക്കോട്ട് എത്തിയപ്പോൾ തുടങ്ങിയതാണ് മലബാറുമായുളള ബന്ധം. ഇരുപത്തിയൊന്നാമത്തെ വയസിൽ കാലിക്കറ്റ് യൂണിവേഴ്സിറ്റി യൂണിയൻ ചെയർമാൻ പദവിവരെ ആ ബന്ധം അദ്ദേഹത്തെ കൊണ്ടെത്തിച്ചു. ഏകകണ്ഠമായാണ് അന്ന് തിരഞ്ഞെടുക്കപ്പെട്ടത്.

നിയമസഭയിലേക്കും ലോക്‌സഭയിലേക്കുമായി അഞ്ചുതവണ പലയിടങ്ങളിൽ മത്സരിച്ചു തോറ്റപ്പോൾ പരീക്ഷണം എന്ന നിലയിലാണ് പുതുതായി രൂപംകൊണ്ട വയനാട് ലോക്സഭാ സീറ്റിലേക്ക് പാർട്ടി നേതൃത്വം സ്ഥാനാർത്ഥിയാക്കിയത്. രാഷ്ട്രീയ പ്രതിയോഗികളെപ്പോലും അമ്പരപ്പിച്ചുകൊണ്ട് 1,53,439 വോട്ടിന്റെ ഭൂരിപക്ഷത്തിന് വിജയിക്കുകയും ചെയ്തു.

ഇടത് മുന്നണിയുടെ എം. റഹ്‌മത്തുള്ളയായിരുന്നു അദ്യ എതിരാളി. കെ. മുരളീധരനും മത്സര രംഗത്ത് ഉണ്ടായിരുന്നു. ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഇടതുമുന്നണിയിലെ സത്യൻ മൊകേരിയായിരുന്നു എതിർ സ്ഥാനാർത്ഥി. ആദ്യത്തെ മഹാഭൂരിപക്ഷം രണ്ടാംവട്ടം കിട്ടിയില്ല. കാൽലക്ഷത്തിൽ താഴെയായിരുന്നു ഭൂരിപക്ഷം.