സന്നിധാനം: ഇരുമുടിക്കെട്ടുമായി പതിനെട്ടാം പടി കയറി അയ്യന്റെ തിരുനടയിലെത്തിയപ്പോൾ മന്ത്രിക്കുപ്പായത്തിൽ നിന്നുമിറങ്ങിയ പൊൻരാധാകൃഷ്‌ണൻ തികച്ചുമൊരു ഭക്തനായി. നിലയ്‌ക്കലിൽ എസ്.പി.യതീഷ് ചന്ദ്രയെ വിറപ്പിച്ച മന്ത്രി അയ്യപ്പഭഗവാന്റെ മുന്നിൽ നിറകണ്ണുകളോടെ കൈകൂപ്പി നിന്നു.കണ്ണുകൾ ഇറുക്കിയടച്ച് ധ്യാനനിരതനായി നിന്ന മന്ത്രിയുടെ കണ്ണുകൾ നിറഞ്ഞൊഴുകിയതോടെ കൂടെയുണ്ടായിരുന്ന ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി എ.എൻ.രാധാകൃഷ്‌ണൻ ആശ്വസിപ്പിക്കാനായി അടുത്തെത്തി. തനിക്കൊന്നുമില്ലെന്നും അയ്യപ്പനെ മനം നിറഞ്ഞ് കണ്ട് സായൂജ്യം അടഞ്ഞതിന്റെ സന്തോഷമാണ് കണ്ണീരെന്നും മന്ത്രിയുടെ മുഖത്തെ ഭാവം വ്യക്തമാക്കുന്നുണ്ടായിരുന്നു.
വൈകുന്നേരം നാല് മണിയോടെയാണ് മന്ത്രിയും സംഘവും സന്നിധാനത്തെത്തിയത്. തുടർന്ന് പതിനെട്ടാം പടി കയറി അയ്യനെ കണ്ട് തൊഴുതു വണങ്ങി. പിന്നീട് തന്ത്രിയുടെ മുറിയിലെത്തി ചർച്ച നടത്തി. വൈകുന്നേരത്തോടെ തന്നെ മന്ത്രിയും സംഘവും തിരിച്ചിറങ്ങുമെന്നാണ് വിവരം.
നേരത്തെ നിലയ്‌ക്കലിലെത്തിയ മന്ത്രിയും സംഘവും നിലയ്‌ക്കലിലെത്തിയപ്പോൾ എസ്.പി.യതീഷ് ചന്ദ്രയുമായി തർക്കമുണ്ടായിരുന്നു. നിലയ്‌ക്കലിൽ നിന്നും പമ്പയിലേക്ക് സ്വകാര്യ വാഹനങ്ങളെല്ലാം കടത്തി വിടണമെന്ന് ആവശ്യപ്പെട്ടതാണ് തർക്കത്തിന് കാരണം. എന്നാൽ മന്ത്രിയുടെ ഔദ്യോഗിക വാഹനങ്ങൾ മാത്രം കടത്തിവിടാമെന്നായിരുന്നു പൊലീസിന്റെ നിലപാട്. മറ്റ് വാഹനങ്ങൾ കടത്തി വിട്ടാലുണ്ടാകുന്ന പ്രശ്‌നങ്ങൾക്ക് മന്ത്രി ഉത്തരവാദിയാകുമോ എന്നും എസ്.പി ചോദിച്ചു. എന്നാൽ ഇക്കാര്യത്തിൽ മന്ത്രിക്കും കൂട്ടർക്കും ഉത്തരമുണ്ടായിരുന്നില്ല. ഇതിനിടെ സ്വന്തം കടമകൾ നടപ്പാക്കാതെ മന്ത്രിയെ ചോദ്യം ചെയ്യുകയാണോ എന്ന് ഒപ്പമുണ്ടായിരുന്ന രാധാകൃഷ്‌ണൻ എസ്.പിയോട് ചോദിച്ചു. മന്ത്രി ഉത്തരവിട്ടാൽ തനിക്ക് യാതൊരു പ്രശ്‌നവുമില്ലെന്നും എസ്.പി മറുപടി നൽകി. തുടർന്ന് കെ.എസ്.ആർ.ടി.സി ബസിലാണ് മന്ത്രിയും സംഘവും സന്നിധാനത്തേക്ക് പോയത്.