kaumudy-news-headlines

1. ശബരിമലയിലെ നിരോധനാജ്ഞയില്‍ പൊലീസിന് എതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. ചില പൊലീസ് ഉദ്യേഗസ്ഥര്‍ നിയമം കൈയിലെടുത്ത് എന്ന് കോടതി. നിരോധനാജ്ഞ നടപ്പാക്കിയത് അതിന്റെ ഉദ്ദേശ ശുദ്ധിയോടെ ആണോ എന്ന് ചോദ്യം. വിശ്വാസികളില്‍ പൊലീസ് നടപടി ഭീതി ഉളവാക്കുന്നു. ശബരിമലയില്‍ നിന്ന് അന്യ സംസ്ഥാനക്കാരായ ഭക്തര്‍ എന്തു കൊണ്ട് മടങ്ങി പോയി എന്നും കോടതിയുടെ ചോദ്യം.

2. മാസ പൂജ സമയത്തും ചിത്തിര ആട്ടവിശേഷത്തിനും സംഘര്‍ഷം ഉണ്ടായി എന്ന് ഐ.ജി വിജയ് സാഖറെയുടെ റിപ്പോര്‍ട്ട്. യഥാര്‍ത്ഥ വിശ്വാസികള്‍ക്ക് തടസം ഉണ്ടാകാതിരിക്കാന്‍ ആണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. സന്നിധാനത്ത് ശരണമന്ത്രത്തിന് തടസമില്ല എന്നും ഐ.ജി കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പരാമര്‍ശം. ശബരിമലയിലെ സംഭവങ്ങളില്‍ കോടതിയില്‍ വിശദീകരണം നല്‍കി അറ്റോര്‍ണി ജനറല്‍. യഥാര്‍ത്ഥ വിശ്വാസികളെ തടഞ്ഞ സാഹചര്യത്തിലാണ് 144 പ്രഖ്യാപിക്കേണ്ടി വന്നത് എന്നും എ.ജി.

3. ശബരിമലയുടെ സുരക്ഷാ ചുമതലയുള്ള ഐ.ജി വിജയ് സാഖറെയ്ക്കും എസ്.പി യതീഷ് ചന്ദ്രയ്ക്കും ഹൈക്കോടതിയുടെ വിമര്‍ശനം. ഡി.ജി.പി ഇറക്കിയ സര്‍ക്കുലര്‍ എന്തുകൊണ്ട് ഇരുവര്‍ക്കും മനസിലാകുന്നില്ല. എസ്.പിയുടെ ശരീരഭാഷ ശരിയല്ല. ഇരുവര്‍ക്കും എതിരെ ക്രിമിനല്‍ കേസ് ഉള്ളതല്ലേ എന്ന് ഹൈക്കോടതിയുടെ ചോദ്യം. ഭക്തര്‍ക്ക് സംഘമായോ ഒറ്റയ്‌ക്കോ പോകാം. ശരണം വിളി തടയരുത്. അക്രമം നടന്നാല്‍ ഇടപെടാം എന്നും ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്.

4. ശബരിമലയില്‍ നിരോധനാജ്ഞ ലംഘിച്ചതിന് അറസ്റ്റിലായ ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന് ജാമ്യം. പത്തനംതിട്ട കോടതി ജാമ്യം അനുവദിച്ചത് രണ്ട് മാസത്തേക്ക് റാന്നി താലൂക്കില്‍ പ്രവേശിക്കരുതെന്ന് കര്‍ശന ഉപാധിയോടെ. സന്നിധാനത്ത് പ്രതിഷേധം നടത്തിയതിന് അറസ്റ്റിലായ 69 പേര്‍ക്കും ഇതേ ഉപാധികളോടെ കോടതി ജാമ്യം അനുവദിച്ചു. ഓരോരുത്തരും 20,000 രൂപയുടെ രണ്ട് ആള്‍ ജാമ്യം വീതം നല്‍കണം

5. കോടതി ജാമ്യം അനുവദിച്ചെങ്കിലും പൊലീസിനെ ഭീഷണിപ്പെടുത്തിയ കേസില്‍ കണ്ണൂരില്‍ അറസ്റ്റ് വാറണ്ട് ഉള്ളതിനാല്‍ കെ.സുരേന്ദ്രന് ഇന്ന് പുറത്തിറങ്ങാന്‍ കഴിഞ്ഞെക്കില്ല. കണ്ണൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് അറസ്റ്റ് വാറണ്ട് അയച്ചത്. കണ്ണൂരിലെ ബി.ജെ.പി മാര്‍ച്ചിനിടെ ആണ് പൊലീസുകാരെ കെ. സുരേന്ദ്രന്‍ ഭീഷണിപ്പെടുത്തിയത്

6. ശബരിമല വിവാദ പ്രസംഗത്തില്‍ കേസ് റദ്ദാക്കണം എന്ന് ആവശ്യപ്പെട്ട് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ള നല്‍കിയ ഹര്‍ജി പരിഗണിക്കുന്നത് ഹൈക്കോടതി മാറ്റി. ഈ മാസം 29ന് കേസ് പരിഗണിക്കും. മത സ്പര്‍ദ്ധ വളര്‍ത്തുന്ന രീതിയില്‍ ജനങ്ങള്‍ക്കിടയില്‍ പ്രസംഗിച്ചെന്ന പരാതിയില്‍ ആണ് കസബ പൊലീസ് ശ്രീധരന്‍പിള്ളയ്ക്ക് എതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്

7. സി.ബി.ഐ തലപ്പത്തെ ഉണ്ടായ തര്‍ക്കം പുതിയ തലങ്ങളിലേക്ക്. അധികാര തര്‍ക്കത്തിനിടെ രാജ്യത്തെ സുപ്രധാന പദവികളില്‍ ഇരിക്കുന്ന വ്യക്തികളുടെ അടക്കം ഫോണ്‍ ചോര്‍ത്തി എന്ന് ആരോപണം. സി.ബി.ഐ ഉന്നത ഉദ്യോഗസ്ഥര്‍ തന്റെ ഫോണ്‍ വിവരങ്ങള്‍ ചോര്‍ത്തി എന്ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍. അജിത് ഡോവല്‍ രാകേഷ് അസ്താനയുമായി സംസാരിച്ച വിവരങ്ങളും കേസുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയ നിര്‍ദ്ദേശങ്ങളും ചോര്‍ത്തി എന്ന് ആരോപണം

8. കൈക്കൂലി കേസില്‍ ആരോപണ വിധേയനായ സി.ബി.ഐ സ്‌പെഷ്യല്‍ ഡയറക്ടര്‍ രാകേഷ് അസ്താനയ്ക്ക് വേണ്ടി അജിത് ഡോവല്‍ ഇടപെട്ടു എന്ന് കോടതിയില്‍ സി.ബി.ഐ ഡി.ഐ.ജി മനീഷ്. ഡോവലും രാകേഷ് അസ്താനയും നടത്തിയ ഫോണ്‍ സംഭാഷണം ചൂണ്ടിക്കാട്ടിയാണ് മനീഷ് നിന്‍ഹ നിര്‍ണായക വിവരങ്ങള്‍ കോടതിയെ അറിയിച്ചത്. നേരത്തെ സി.ബി.ഐയ്ക്ക് ഉള്ളിലെ ഇത്തരം വിവരങ്ങള്‍ പുറത്ത് വരുന്നതില്‍ കോടതി അതൃപ്തി പ്രകടിപ്പിച്ചിരുന്നു

9. ഹര്‍ജിയിലെ പുതിയ പരാമര്‍ശങ്ങളോടെ സി.ബി.ഐ തര്‍ക്കം അതീവ ഗൗരവമായ സുരക്ഷാ വീഴ്ചയാണ് ചൂണ്ടിക്കാട്ടുന്നത്. ഫോണ്‍ കോള്‍ വിവരങ്ങള്‍ ചോര്‍ത്താന്‍ കേന്ദ്ര ആഭ്യന്തര സെക്രട്ടറിയുടെ അനുമതി ആവശ്യമാണ്. പ്രത്യേക സാഹചര്യത്തില്‍ അന്വേഷണ ഏജന്‍സിയുടെ ഡയറക്ടര്‍മാര്‍ക്ക് ഫോണ്‍ ചോര്‍ത്താന്‍ അനുമതി നല്‍കാം. എന്നാല്‍ ഇത് മൂന്ന് ദിവസത്തിനകം ആഭ്യന്തര സെക്രട്ടറിയെ അറിയിക്കണം.