amritha

കൊല്ലം: മാതാപിതാക്കൾ കുട്ടികളുടെ കാര്യത്തിൽ അതീവ ശ്രദ്ധയുള്ളവരാകണമെന്നും കുട്ടികളിൽ ആദ്ധ്യാത്മിക മൂല്യങ്ങൾ ഊട്ടിയുറപ്പിക്കുകയും എന്തും പങ്കുവയ്ക്കാനുള്ള സുഹൃദ്ബന്ധം വളർത്തിയെടുക്കുകയും വേണമെന്നും മാതാ അമൃതാനന്ദമയി പറഞ്ഞു.


അബുദാബിയിൽ നടക്കുന്ന ഇന്റർഫെയ്ത്‌ അലയൻസിന്റെ ഭാഗമായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മത - സാമൂഹിക നേതാക്കൾ പങ്കെടുത്ത സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു. അബുദാബി കിരീടാവകാശിയും യു.എ.ഇ സായുധസേനാ ഉപ സർവസൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനാണ് മാതാ അമൃതാനന്ദമയിയെ സമ്മേളനത്തിലേക്ക് ക്ഷണിച്ചത്.

അബുദാബിയിലെ വാഹത്-അൽ-കരാമയിൽ തിരഞ്ഞെടുക്കപ്പെട്ട മത നേതാക്കളോടൊപ്പം ബാലാവകാശ സംരക്ഷണത്തിനായുള്ള 'അബുദാബി അന്തർമത ഉടമ്പടി'യിൽ അമ്മ ഒപ്പുവയ്ക്കുകയും സദസിനെ അഭിസംബോധന ചെയ്യുകയും ചെയ്തു.

സാമൂഹിക മാദ്ധ്യമങ്ങളുടെ ദുരുപയോഗം സമൂഹത്തിന് വലിയ വെല്ലുവിളിയാണ്. അടുത്ത ബന്ധുക്കളിൽ നിന്നുപോലും ലൈംഗിക ചൂഷണം ഏറ്റുവാങ്ങേണ്ടിവന്ന ആയിരങ്ങളാണ് തന്നെ കാണാൻ എത്താറുള്ളത്. അച്ഛനും അമ്മാവനുമടക്കമുള്ളവരിൽ നിന്ന് ലൈംഗികപീഡനം ഏറ്റുവാങ്ങേണ്ടിവന്ന കുരുന്നുകളുണ്ട്. ഒരിക്കൽ പോലും കണ്ടിട്ടില്ലാത്തവരുമായി ഓൺലൈൻ ചങ്ങാത്തത്തിന്റെ പുറത്ത് ഇറങ്ങിപ്പോയി ജീവിതം നഷ്ടപ്പെടുത്തിയവരുണ്ട്. കുഞ്ഞുങ്ങൾക്ക് മൊബൈൽ ഫോണും കമ്പ്യൂട്ടറും നൽകുമ്പോൾ ചിലതെല്ലാം നിയന്ത്രിക്കാൻ നമ്മൾ തയ്യാറാവണം. വിശപ്പും ദാഹവും പോലെയാണ് ലൈംഗികതയും. അതൊരു ആവശ്യമാണ്. ലൈംഗികത ആവശ്യമാണെങ്കിലും, അത് വിവേകത്തോടെ ആവണം. അതിന് മതാചാര്യന്മാർ ആദ്ധ്യാത്മികവശങ്ങളെ കുറിച്ച് വിശ്വാസികളെ ഉദ്‌ബോധിപ്പിക്കണം. വേദന അനുഭവിക്കുന്നവരോട് ഹൃദയത്തിന്റെ ഭാഷയാണ് ഏറ്റവും ഉത്തമം.

സമ്മേളനത്തിൽ 450 വിശിഷ്ടാതിഥികൾ

അൽ എസ്ഹർ ഗ്രാൻഡ് മോസ്‌ക് ഇമാം പ്രൊഫ. ഡോ. അഹ്മദ് അൽ-തയ്യിബ്, പൗരസ്ത്യ ഓർത്തഡോക്‌സ് സഭകളുടെ പരമാദ്ധ്യക്ഷൻ എക്യുമെനിക്കൽ പാത്രിയാർക്കിസ് ബർത്തലോമ പ്രഥമൻ, ഈഗുപ്തായ ഒർത്തഡോക്‌സ് സഭയുടെ പരമാദ്ധ്യക്ഷൻ - അലക്സാൻഡ്രിയയിലെ മാർപാപ്പ തവോദ്രോസ് ദ്വിതീയൻ തുടങ്ങി പ്രധാന മത നേതാക്കളും കുട്ടികൾക്കെതിരെയുള്ള കുറ്റകൃത്യങ്ങൾ ചെറുക്കുന്നതിനായുള്ള ഐക്യരാഷ്ട്രസഭയുടെ പ്രത്യേക പ്രതിനിധി സെക്രട്ടറി ജനറൽ മാർത്ത സാന്റോസ് പയസ്, ഐക്യരാഷ്ട്രസഭയുടെ പ്രത്യേക റിപ്പോർട്ടർ, മൗദ് ദെ ബോർ-ബുക്വിച്ചിയോ തുടങ്ങി 450 വിശിഷ്ടാതിഥികളും സമ്മേളനത്തിൽ പങ്കെടുത്തു.