അൽഐൻ: തന്നെ ഉപേക്ഷിച്ച് മറ്രൊരു പെൺകുട്ടിയെ വിവാഹം ചെയ്യാൻ തീരുമാനിച്ച കാമുകനെ പ്രകോപിതയായ കാമുകി വെട്ടിക്കൊന്ന് ബിരിയാണി വച്ചു. യു.എ.ഇയിൽ താമസിക്കുന്ന മൊറോക്കൻ സ്വദേശിനിയാണ് ഏഴുവർഷം പ്രണയിച്ച കാമുകനെ ക്രൂരമായി കൊലപ്പെടുത്തിയത്. കൊലപാതക ശേഷം ശരീരഭാഗങ്ങൾ വെട്ടിനുറുക്കി ചതച്ചെടുത്ത ശേഷം ബിരിയാണി ഉണ്ടാക്കി വീട്ടിലെ ജോലിക്കാർ ഉൾപ്പെടെയുള്ളവർക്ക് നൽകിയെന്നാണ് പൊലീസ് അന്വേഷണത്തിൽ വ്യക്തമായത്. ഇവർ എങ്ങനെയാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്ന് വ്യക്തമല്ല.
ബിരിയാണിക്ക് സമാനമായ മജ്ബൂസ് എന്ന പരമ്പരാഗത അറേബ്യൻ വിഭവമാണ് യുവതി തയ്യാറാക്കിയത്.
നവംബർ പതിമ്മൂന്നു മുതൽ കാണാതായ യുവാവിനെ അന്വേഷിച്ച് സഹോദരൻ യുവതിയുടെ വീട്ടിലെത്തിയെങ്കിലും കുറേ നാളായി കാമുകനെക്കുറിച്ച് വിവരമില്ലെന്നായിരുന്നു മറുപടി. തുടർന്ന് സഹോദരൻ അൽഐൻ പൊലീസിൽ പരാതി നൽകി.
യുവതിയുടെ വീട്ടിലെത്തി പൊലീസ് നടത്തിയ പരിശോധനയിൽ ബ്ലെന്ററിൽ നിന്ന് യുവാവിന്റെ പല്ല് കണ്ടെത്തിയതോടെയാണ് ക്രൂരതയുടെ ചുരുളഴിഞ്ഞത്.
കുറ്റം നിഷേധിച്ച യുവതി പിന്നീട് ചോദ്യം ചെയ്യലിനെ തുടർന്ന് കുറ്റം സമ്മതിക്കുകയായിരുന്നു. യുവതിയെ കോടതിയിൽ ഹാജരാക്കി.