മുംബയ്: രാജ്യത്തെ പകുതിയോളം എ.ടി. എമ്മുകൾ 2019 മാർച്ചോടെ പൂട്ടേണ്ടിവരുമെന്ന് കോൺഫെഡറേഷൻ ഒഫ് എ.ടി. എം ഇൻഡസ്ട്രിയുടെ മുന്നറിയിപ്പ്. എ.ടി. എം നടത്തിപ്പ് സംബന്ധിച്ച നിയമങ്ങൾ കർക്കശമാകുന്നതോടെയാണ് ബാങ്കുകൾ എ.ടി. എമ്മുകൾ പൂട്ടാൻ നിർബന്ധിതരാകുന്നത്.
1.13 ലക്ഷം എ.ടി. എമ്മുകൾക്കാണ് ഇങ്ങനെ താഴു വീഴുന്നത്. നഗരപ്രദേശങ്ങളിലെ എ. ടി. എമ്മുകളായിരിക്കും കൂടുതലായി ഇല്ലാതാകുന്നത്.
ആയിരക്കണക്കിന് തൊഴിലവസരങ്ങളും ഇതിലൂടെ നഷ്ടമാകുമെന്ന് മാത്രമല്ല, സർക്കാരിന്റെ സാമ്പത്തിക നയങ്ങളെയും ബാധിക്കും. സർക്കാർ സബ്സിഡികളുടെയും മറ്റും വിതരണത്തെയും ഇത് പ്രതികൂലമായി ബാധിക്കും.
സമയാസമയങ്ങളിൽ വേണ്ടിവരുന്ന ഹാർഡ് വെയർ, സോഫ്റ്റ് വെയർ പുതുക്കലുകൾ, എ.ടി. എമ്മുകളിൽ പണം എത്തിച്ച് നിറയ്ക്കുന്നതിനുള്ള ചെലവുകൾ എന്നിവ എ.ടി. എം നടത്തിപ്പ് വൻ സാമ്പത്തിക ചെലവുണ്ടാക്കുന്നുവെന്നാണ് വിവരം. പണം നിറയ്ക്കലുമായി ബന്ധപ്പെട്ട ചെലവുകൾ തന്നെ 3000 കോടിയോളമെത്തുന്നുവെന്നാണ് കണക്കുകൾ.
ഈ ചെലവുകൾ ബാങ്കുകൾ നേരിട്ട് നടത്തണമെന്നും അതു വഴി ഇതിന്റെ ബാദ്ധ്യതകളിൽ നിന്ന് സർവീസ് ഏജൻസികൾക്ക് ഒഴിവാകാനായാലേ എ.ടി. എമ്മുകളുടെ നടത്തിപ്പ് സുഗമമാകൂവെന്ന് കോൺഫെഡറേഷൻ വൃത്തങ്ങൾ വ്യക്തമാക്കുന്നു.
ഇപ്പോഴും വിട്ടൊഴിയാതെ നിൽക്കുന്ന നോട്ടു നിരോധനത്തിന്റെ പ്രശ്നങ്ങൾക്ക് പുറമെയാണ് എ.ടി. എം നടത്തിപ്പുമായി ബന്ധപ്പെട്ട പുതിയ പൊല്ലാപ്പുകൾ.