പോർട്ട്ബ്ലയർ: ആൻഡമാൻ നിക്കോബാർ ദ്വീപ സമൂഹങ്ങളിലെ ഉൾഭാഗങ്ങളിൽ സ്ഥിതിചെയ്യുന്ന ദ്വീപ് സന്ദർശിക്കാനെത്തിയ അമേരിക്കൻ വിനോദ സഞ്ചാരിയെ ദ്വീപ് നിവാസികളായ ഗോത്രവർഗക്കാർ കൊലപ്പെടുത്തിയതായി റിപ്പോർട്ട്. ജോൺ അലൻ ചാവു (27) എന്ന അമേരിക്കൻ പൗരനാണ് കൊല്ലപ്പെട്ടത്. പുറംലോകവുമായി ബന്ധമില്ലാതെ പ്രദേശത്ത് അധിവസിക്കുന്ന നായാട്ടുകാരായ സംഘത്തിലൊരാളാണ് സഞ്ചാരിയെ കൊലപ്പെടുത്തിയത്.
ഇയാളെ ദ്വീപിലെത്തിച്ച മത്സ്യത്തൊഴിലാളികളാണ് വിവരം പൊലീസിനെ അറിയിച്ചത്. സഞ്ചാരി ദ്വീപിൽ പ്രവേശിച്ചയുടൻ ദ്വീപ് നിവാസികൾ അമ്പും കുന്തവും ഉപയോഗിച്ച് ജോണിനെ ആക്രമിച്ച് മണലിൽ കുഴിച്ചിടുകയായിരുന്നെന്ന് മത്സ്യത്തൊഴിലാളികൾ വ്യക്തമാക്കി.
സഞ്ചാരി എത്തിയത് വിലക്ക് ലംഘിച്ച്
വടക്കൻ സെന്റിനൽ ദ്വീപിലേക്ക് പ്രവേശിക്കാൻ വിനോദ സഞ്ചാരികൾക്ക് വിലക്കുണ്ട്. 2011 ലെ ജനസംഖ്യാ കണക്കനുസരിച്ച് സെന്റിനലീസ് വിഭാഗത്തിൽ പെട്ട 40 പേരാണ് ഇവിടെ താമസിക്കുന്നത്.
സഞ്ചാരികൾക്ക് മാത്രമല്ല, ഗവേഷകർക്കും ശാസ്ത്രജ്ഞർക്കും ഇവിടെ പ്രവേശനാനുമതിയില്ല. കൊല്ലപ്പെട്ട ജോൺ അലൻ വിലക്ക് ലംഘിച്ചാണ് ഇവിടെ എത്തിയതെന്ന് മത്സ്യത്തൊഴിലാളികളും വ്യക്തമാക്കുന്നു. പോർട്ട് ബ്ലെയറിൽ നിന്ന് 50 കിലോമീറ്ററും സൗത്ത് ആൻഡമാൻ ദ്വീപിൽ നിന്ന് 36 കിലോമീറ്ററും അകലെയാണ് ദ്വീപ് സ്ഥിതി ചെയ്യുന്നത്.