പേരാമ്പ്ര: സി.പി.എം-ബി.ജെ.പി സംഘർഷം നിലനിൽക്കുന്ന കല്ലോട്ട് ഡി.വൈ.എഫ്.ഐ പ്രവർത്തകന് വെട്ടേറ്റു. കല്ലോട് സൗത്ത് യൂണിറ്റ് സെക്രട്ടറി ശ്രീകലയിൽ സിദ്ധാർത്ഥിനാണ് (23) വെട്ടേറ്റത്. ഇന്നലെ പുലർച്ചെ ഒരു മണിയോടെയാണ് സംഭവം. സിദ്ധാർത്ഥിന്റെ വീടിനുനേരെ പെട്രോൾ ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷമാണ് അക്രമമുണ്ടായത്. ശബ്ദം കേട്ട് വാതിൽ തുറന്ന സിദ്ധാർത്ഥിന്റെ പിതാവ് സുകുമാരനെയും വെട്ടാൻ ശ്രമിച്ചെങ്കിലും വാതിലടച്ചതിനാൽ രക്ഷപ്പെട്ടു. ഈ സമയം പിറകുവശത്തെ വാതിൽവഴി രക്ഷപ്പെടാൻ ശ്രമിക്കുമ്പോഴാണ് സിദ്ധാർത്ഥിന് വെട്ടേറ്റത്. തലയ്ക്ക് വെട്ടുമ്പോൾ ഇടത് കൈകൊണ്ട് തടുക്കുകയായിരുന്നു. മാരകമായി പരിക്കേറ്റ സിദ്ധാർത്ഥിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ ചികിത്സയ്ക്കുശേഷം പേരാമ്പ്ര സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സുകുമാരന് കൈക്ക് പൊള്ളലേറ്റിട്ടുണ്ട്.
മുൻവശത്തെ രണ്ട് ജനലുകളും വാതിലും തകർന്നു. ബോംബേറിൽ വാതിലിന് തീപിടിച്ച് അകത്തേക്ക് പടർന്നു. മൂന്ന് ഇരുചക്ര വാഹനങ്ങളിലായി എത്തിയ എട്ടംഗ സംഘമാണ് അക്രമം നടത്തിയത്. ഇന്നലെ പുലർച്ചെ രണ്ടരയോടെ ബി.ജെ.പി അനുഭാവി ചാമകുന്നുമ്മൽ ജനാർദ്ദനന്റെ വീടിനുനേരെയും അക്രമമുണ്ടായി. സ്റ്റീൽ ബോംബ് അക്രമത്തിൽ വീടിന്റെ വാതിലിനും നിലത്തെ ടൈൽസിനും കേടുപാട് സംഭവിച്ചു. ശബ്ദം കേട്ട് വീട്ടുകാർ വാതിൽ തുറക്കുമ്പോഴേക്കും അക്രമികൾ രക്ഷപ്പെട്ടു. പേരാമ്പ്ര സി.ഐ കെ.പി. സുനിൽ കുമാറിന്റെ നേതൃത്വത്തിൽ പൊലീസെത്തി അന്വേഷണം ആരംഭിച്ചു. സ്ഥലത്ത് പൊലീസ് ക്യാമ്പ് ചെയ്യുന്നുണ്ട്. അക്രമത്തിൽ പ്രതിഷേധിച്ച് കല്ലോട് ടൗണിൽ സി.പി.എം ഹർത്താൽ ആചരിച്ചു.