തിരുവനന്തപുരം: പൊലീസ് ഉദ്യോഗസ്ഥർക്കെതിരെയുള്ള നീക്കങ്ങൾക്കെതിരെ ഐ.പി.എസ് അസോസിയേഷൻ രംഗത്ത്. ഉദ്യോഗസ്ഥരെ അധിക്ഷേപിക്കുന്നതിനെതിരെ മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും ഐ.പി.എസ് കൂട്ടായ്മ പരാതി നൽകി. വ്യക്തിപരമായുള്ള അധിക്ഷേപങ്ങൾ നേരിട്ട് ജോലി ചെയ്യുന്നത് ദുസ്സഹമാണ്. ഉദ്യോഗസ്ഥരെ ജാതി പറഞ്ഞ് വരെ അധിക്ഷേപിക്കുന്നുണ്ടെന്ന് പരാതിയിൽ പറയുന്നു. ശബരിമല വിവാദങ്ങളെ തുടർന്നാണ് ഐ.പി.എസ് കൂട്ടായ്‌മയുടെ ഇടപെടൽ.
ശബരിമല വിവാദങ്ങളിൽ ഹൈക്കോടതിയിൽ നിന്ന് ഇടക്കിടെ പരാമർശം ഉണ്ടാകുന്നുണ്ട്. ഈ വിഷയവുമായി സുപ്രീം കോടതിയെ സമീപിക്കേണ്ടി വരും. ഈ വിഷയത്തിൽ സർക്കാർ അടിയന്തരമായി ഇടപെടണമെന്നും ഐ.പി.എസ് അസോസിയേഷൻ പറയുന്നു.