കൊട്ടിയം: ദുരൂഹസാഹചര്യത്തിൽ യുവാവ് മരിച്ച സംഭവം ഷോക്കേൽപ്പിച്ചുള്ള കൊലപാതകമാണെന്ന് കണ്ടെത്തി. പറക്കുളം വയലിൽവീട്ടിൽ ബിനുവിനെ (34) വീട്ടിൽ മരിച്ച നിലയിൽ കാണപ്പെട്ട സംഭവത്തിൽ അയൽവാസി പറക്കുളം വയലിൽ പുത്തൻവീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന ചാത്തന്നൂർ ഉളിയനാട് കാരംകോട് പൊയ്കയിൽ വീട്ടിൽ കൊച്ചുകുട്ടൻ എന്നു വിളിക്കുന്ന വിജയകുമാറിനെ (36) പൊലീസ് അറസ്റ്റ് ചെയ്തു.
ചൊവ്വാഴ്ച രാവിലെയാണ് ബിനുവിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത്: മരിച്ച ബിനുവിന്റെ വീട്ടിലേക്കുള്ള ഇടുങ്ങിയ വഴി അറസ്റ്റിലായ വിജയകുമാറിന്റെ വീടിനടുത്തു കൂടിയാണ്. തിങ്കളാഴ്ച രാത്രി വിജയകുമാറിന്റെ മക്കൾ കിടന്നത് ബിനുവിന്റെ വീട്ടിലായിരുന്നു. കുട്ടികളെ വിളിക്കാൻ ചെന്ന വിജയകുമാറും ബിനുവുമായി വാക്കേറ്റമുണ്ടായി. തുടർന്ന് വിജയകുമാർ കുട്ടികളുമായി വീട്ടിലേക്ക് പോയി. ബിനു വീണ്ടും വഴക്കിന് വരുമെന്നറിയാവുന്ന വിജയകുമാർ തന്റെ വീടിനു മുന്നിൽ കേബിളിലൂടെ വൈദ്യുതി കടത്തിവിട്ടു. പത്തര മണിയോടെ ഇവിടെ എത്തിയ ബിനു വിജയകുമാറിന്റെ വീടിന്റെ ചുവരിൽ പിടിച്ചപ്പോൾ ഷോക്കേറ്റ് വീഴുകയായിരുന്നു.
പരിക്കേറ്റ് വീടിന് മുന്നിൽ കിടന്ന ബിനുവിനെ വിവരമറിഞ്ഞെത്തിയ കുടുംബാംഗങ്ങൾ വീട്ടിൽ കൊണ്ടു പോയി കിടത്തി. ചൊവ്വാഴ്ച രാവിലെയാണ് മരണം സ്ഥിരീകരിച്ചത്. പോസ്റ്റുമോർട്ടം റിപ്പോർട്ടിലും ബിനുവിന്റെ മരണം ഷോക്കേറ്റാണെന്ന് വ്യക്തമായിരുന്നു. തുടർന്നാണ് വിജയകുമാറിനെ അറസ്റ്റ് ചെയ്തത്.
മരിച്ച ബിനു സ്ഥിരമായി വിജയകുമാറിന്റെ വീട്ടിലെത്തി വഴക്കിടാറുണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. പിടിയിലായ വിജയകുമാർ മനോരോഗത്തിന് ചികിൽസയിലായിരുന്നതായി പറയുന്നു. ചാത്തന്നൂർ എ.സി.പി ജവഹർ ജനാർദ്, കൊട്ടിയം എസ്.എച്ച്.ഒ അജയ് നാഥ്, എസ്.ഐ മാരായ അനൂപ്, തൃദീപ് ചന്ദ്രൻ, അഷ്ടമൻ, എസ്.സി.പി.ഒ സുനിൽ എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.