പൂച്ചാക്കൽ: ശബരിമലയ്ക്ക് പോയ ഭക്തനെ കാണാനില്ലെന്ന പരാതിയെ തുടർന്ന് പൊലീസ് അന്വേഷണം ആരംഭിച്ചു. ചേർത്തല അരൂക്കുറ്റി സ്വദേശി പ്രദീപിനെയാണ് കാണാതായത്. കഴിഞ്ഞ ശനിയഴ്ച പ്രദീപ് തനിച്ചാണ് ശബരിമലയിലേക്ക് പോയത്. തിരിച്ചെത്താത്തതിനെ തുടർന്ന് ബന്ധുക്കൾ നടത്തിയ അന്വേഷണത്തിൽ പ്രദീപിന്റെ കാർ നിലയ്ക്കലിലെ പാർക്കിംഗ് സ്ഥലത്ത് കണ്ടെത്തിയിരുന്നു.നിലയ്ക്കലിൽ നിന്നും പമ്പയിൽ നിന്നും പൊലീസ് കസ്റ്റഡിയിലെടുത്തവരുടെയും ജയിലിലുള്ളവരുടെയും വിവരങ്ങൾ പരിശോധിച്ചെങ്കിലും പ്രദീപിനെ കണ്ടെത്താനായില്ല.
ശനിയാഴ്ചമുതലുള്ള സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച് വരികയാണ് പൊലീസ്. പ്രദീപിന്റെ മകന്റെ മൊഴിയെടുത്ത ശേഷം പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ചേർത്തല ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിൽ പ്രദീപിനെ കണ്ടെത്താനുള്ള അന്വേഷണം ഊർജ്ജിതമാക്കിയതായി പൊലീസ് അറിയിച്ചു.