kaumudy-news-headlines

1. ശബരിമലയിൽ ദർശനം പൂർത്തിയാക്കി കേന്ദ്റമന്ത്റി പൊൻ രാധാകൃഷ്ണൻ സംസ്ഥാന സർക്കാരിനും എസ്.പി യതീഷ് ചന്ദ്റയ്ക്കും എതിരെ നടത്തിയത് രൂക്ഷ വിമർശനം. ശരണം വിളിക്കാൻ തീർത്ഥാടകർക്ക് ഭയം ആയിരിക്കുന്നു. ശബരിമലയിലെ നിരോധനാജ്ഞ അനാവശ്യം. ശബരിമല ക്ഷേത്റം കേരളത്തിന്റേത് മാത്റമല്ല. രാജ്യത്തെ എല്ലാ ഭക്തർക്കും ശബരിമലയിൽ എത്താൻ സൗകര്യം ഒരുക്കണം എന്നും സന്നിധാനത്ത് മാദ്ധ്യമങ്ങളോട് പൊൻ രാധാകൃഷ്ണൻ.

2. നേരത്തെ സ്വകാര്യ വാഹനങ്ങൾ കടത്തിവിട്ടാൽ പമ്പയിലെ ട്റാഫിക് ബ്‌ളോക്കിന്റെ ഉത്തരവാദിത്തം മന്ത്റി ഏറ്റെടുക്കുമോ എന്ന് യതീഷ് ചന്ദ്റ ചോദിച്ചിരുന്നു. ഉത്തരവാദിത്തം ഏറ്റെടുക്കാൻ ആകില്ലെന്ന് പറഞ്ഞ കേന്ദ്റമന്ത്റി പിന്നീട് കെ.എസ്.ആർ.ടി.സി ബസിൽ പമ്പയിലേക്ക് യാത്റ തുടരുക ആയിരുന്നു. കേന്ദ്റമന്ത്റി പൊൻ രാധാകൃഷ്ണൻ എസ്.പിയെ വിമർശിച്ചത് ശബരിമലയിലെ നിരോധനാജ്ഞയിൽ പൊലീസിന് എതിരെ ഹൈക്കോടതി വിമർശനം നടത്തിയതിന് പിന്നാലെ. ചില പൊലീസ് ഉദ്യേഗസ്ഥർ നിയമം കൈയിലെടുത്തു എന്ന് കോടതി.

3. നിരോധനാജ്ഞ നടപ്പാക്കിയത് അതിന്റെ ഉദ്ദേശ ശുദ്ധിയോടെ ആണോ എന്ന് ചോദ്യം. വിശ്വാസികളിൽ പൊലീസ് നടപടി ഭീതി ഉളവാക്കുന്നു. ശബരിമലയിൽ നിന്ന് അന്യ സംസ്ഥാനക്കാരായ ഭക്തർ എന്തു കൊണ്ട് മടങ്ങി പോയി എന്നും കോടതിയുടെ ചോദ്യം. അതേസമയം, മാസ പൂജ സമയത്തും ചിത്തിര ആട്ടവിശേഷത്തിനും സംഘർഷം ഉണ്ടായി എന്ന് ഐ.ജി വിജയ് സാഖറെയുടെ റിപ്പോർട്ട്. യഥാർത്ഥ വിശ്വാസികൾക്ക് തടസം ഉണ്ടാകാതിരിക്കാൻ ആണ് നിരോധനാജ്ഞ പ്റഖ്യാപിച്ചത്. സന്നിധാനത്ത് ശരണമന്ത്റത്തിന് തടസമില്ല എന്നും ഐ.ജി കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പരാമർശം.


4. ശബരിമലയിൽ നടക്കുന്നത് ബി.ജെ.പിയുടെ ഹീനമായ പദ്ധതിയെന്ന് ആരോപിച്ച് സി.പി.എം പോളിറ്റ് ബ്യൂറോ. ക്ഷേത്റത്തിന്റെ പരിശുദ്ധി നശിപ്പിക്കാനുള്ള നീക്കത്തിൽ ജാഗ്റത പുലർത്തണം. ശബരിമലയിലെ പദ്ധതി വ്യക്തമാക്കിയുള്ള ബി.ജെ.പി സർക്കുലർ ഇതിന് തെളിവാണ്. പരിശീലനം ലഭിച്ചവരെ ഉപകരണങ്ങളുമായി ശരിമലയിലേക്ക് അയയ്ക്കുന്നത് ഗുരുതര വിഷയം. ശബരിമലയിലെ സമാധാനം നശിപ്പിക്കാനുള്ള ബി.ജെ.പി നടപടിയെ അപലപിക്കുന്നു എന്നും സി.പി.എം പോളിറ്റ് ബ്യൂറോ.

5. വിശ്വാസത്തിന്റെ പേരിൽ കേരളത്തെ ഭിന്നിപ്പിക്കാൻ ശ്റമം എന്ന് മുഖ്യമന്ത്റി പിണറായി വിജയന്റെ പ്റതികരണം. നവോത്ഥാന കേരളത്തെ പുറകോട്ട് തിരിച്ചുവിടാനുള്ള ശ്റമമാണ് ഇപ്പോൾ നടക്കുന്നത് എന്നും മുഖ്യൻ. കലാപം ഉണ്ടാക്കാൻ ബി.ജെ.പിയും ആർ.എസ്.എസും പ്റവർത്തകരെ റിക്റൂട്ട് ചെയ്യുന്നു എന്ന് സി.പി.എം സംസ്ഥാന സെക്റട്ടറി കോടിയേരി ബാലകൃഷ്ണൻ. നാമജപം നടത്തി ബസിന് കല്ലെറിഞ്ഞാൽ കേസെടുക്കും. സുപ്റീംകോടതി വിധി നടപ്പാക്കേണ്ടെന്ന് നരേന്ദ്റമോദി പറയട്ടെ എന്നും കോടിയേരി.

6. അതേസമയം, ശബരിമല വിവാദങ്ങളുടെ പശ്ചാത്തലത്തിൽ പരാതിയുമായി ഐ.പി.എസ് അസോസിയേഷൻ. നിയമം നടപ്പാക്കുന്നവരെ വ്യക്തിപരമായും ജാതിപരമായും അധിക്ഷേപിക്കുന്നു. വ്യക്തിപരമായ അധിക്ഷേപങ്ങൾ നേരിട്ട് ജോലി ചെയ്യുക ദുസഹം. ജുഡീഷ്യറിയിൽ നിന്ന് നിരന്തരം പരാമർശങ്ങൾ ഉണ്ടാകുന്നു. ഇക്കാര്യത്തിൽ സുപ്റീംകോടതിയെ സമീപിക്കുന്നതും പരിഗണനയിൽ. വിഷയത്തിൽ സർക്കാർ അടിയരമായി ഇടപെടണം എന്ന് ആവശ്യപ്പെട്ട് ഐ.പി.എസ് അസോസിയേഷൻ മുഖ്യമന്ത്റിക്കും ഡി.ജി.പിക്കും പരാതി നൽകി.

7. ജമ്മുകാശ്മീരിൽ സർക്കാർ രൂപീകരിക്കാൻ ധാരണയുമായി വിശാല പ്റതിപക്ഷ സഖ്യം. താഴ്വരയിൽ സർക്കാർ രൂപീകരണത്തിന് സാധ്യത തെളിഞ്ഞത്, കോൺഗ്റസ്, പി.ഡി.പി, നാഷണൽ കോൺഫറൻസ് എന്നി പാർട്ടികൾ ധാരണയിൽ എത്തിയതിനെ തുടർന്ന്. പി.ഡി.പിയുടെ അൽത്താഫ് ബുഖാരി മുഖ്യമന്ത്റി ആകുമെന്ന് സൂചന. നേതാക്കൾ നാളെ ഗവർണറെ കണ്ട് സർക്കാർ ഉണ്ടാക്കാൻ അവകാശം ഉന്നയിച്ചേക്കും.

8. കഴിഞ്ഞ ജൂൺ മുതൽ രാഷ്ട്റപതി ഭരണത്തിലാണ് കാശ്മീർ. ബി.ജെ.പിക്ക് തിരിച്ചടിയായി കാശ്മീരിൽ കോൺഗ്റസ് നേതൃത്വത്തിൽ സർക്കാർ രൂപീകരിക്കുന്നത്, രാഷ്ട്റപതി ഭരണത്തിന്റെ കാലാവധി അടുത്തമാസം പൂർത്തിയാകാൻ ഇരിക്കെ. 89 അംഗങ്ങളുള്ള ജമ്മുകാശ്മീർ നിയമസഭയിൽ മെഹബൂബ മുഫ്തി സർക്കാർ കഴിഞ്ഞ ജൂണിൽ രാജിവെച്ചത് 25 അംഗങ്ങളുള്ള ബി.ജെ.പി പിന്തുണ പിൻവലിച്ചതോടെ.

9. ബ്റിസ്‌ബേനിൽ മഴ കളിച്ചപ്പോൾ ആസ്‌ട്റേലിയൻ പര്യടനത്തിലെ ആദ്യ മത്സരത്തിൽ ഇന്ത്യയ്ക്ക് തോൽവി. മൂന്ന് മത്സരങ്ങൾ അടങ്ങിയ ടി ട്വൻടി പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യയുടെ തോൽവി നാല് റൺസിന്. അവസാന ഓവർ വരെ ആവേശം നിറഞ്ഞ മത്സരത്തിൽ ഓസീസ് ഉയർത്തിയ 174 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യയ്ക്ക് ഏഴ് വിക്കറ്റ് നഷ്ടത്തിൽ നേടാനായത് 169 റൺസ് മാത്റം. ബ്റിസ്‌ബേനിൽ ഇടയ്ക്ക് മഴ വില്ലൻ ആയപ്പോൾ മത്സരം 17 ഓവറാക്കി ചുരുക്കിയിരുന്നു. ഇന്ത്യയ്ക്ക് വേണ്ടി ഓപ്പണർ ശിഖർ ധവാൻ അർദ്ധ സെഞ്ച്വറി നേടി. അവസാന ഓവറുകളിൽ ദിനേഷ് കാർത്തിക്കും ഋഷഭ് പന്തും നടത്തിയ പോരാട്ടം വിഫലം. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഓസീസിന് മികച്ച സ്‌കോർ സമ്മാനിച്ചത് ഗ്‌ളെൻ മാക്സ്‌വെൽ.