കൊച്ചി:ആലപ്പുഴയിലെ വിദ്യാർത്ഥി രാഷ്ട്രീയത്തിൽ പിച്ചവച്ചു തുടങ്ങിയ എം. ഐ ഷാനവാസിന് തന്റെ തട്ടകം പലയിടത്തേക്കും മാറ്റേണ്ടിവന്നു.
തിരുവല്ല നീരേറ്റുപുറത്ത് 1952 ൽ അഡ്വ. ഇബ്രാഹിം കുട്ടിയുടേയും നൂർജഹാൻ ബീഗത്തിന്റെയും മകനായി ജനിച്ച ഷാനവാസിന്റെ കുടുംബം പിതാവിന്റെ അഭിഭാഷകവൃത്തിയുമായി ബന്ധപ്പെട്ട് ആലപ്പുഴ കിടങ്ങാംപറമ്പ് ക്ഷേത്രത്തിനു സമീപം നീരേറ്റു നടുമ്പത്ത് താമസമാക്കുകയായിരുന്നു.
സ്കൂൾ വിദ്യാഭ്യാസവും പ്രീഡിഗ്രിയും ആലപ്പുഴയിലായിരുന്നു. കോഴിക്കോട് ഫാറൂഖ് കോളജിൽ നിന്ന് ഇംഗ്ളീഷിൽ എം.എയും എറണാകുളം ലാ കോളേജിൽ നിന്ന് എൽ.എൽ.ബിയും സ്വന്തമാക്കി. താമസിയാതെ എറണാകുളത്ത് സ്ഥിരതാമസമായി.
കെ.എസ്.യുവിലായിരുന്നു രാഷ്ട്രീയ തുടക്കം. ഫറൂഖ് കോളജ് യൂണിയൻ ചെയർമാനായി. 1972 ൽ കലിക്കറ്റ് സർവകലാശാല യൂണിയൻ ചെയർമാനായി. 1983 ൽ യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റായി. സേവാദൾ ഭാരവാഹിയായും പ്രവർത്തിച്ചു. 1983 മുതൽ കെ.പി.സി.സി ജോയിന്റ് സെക്രട്ടറിയായ ഷാനവാസ് 85 ൽ വൈസ് പ്രസിഡന്റുമായി. ഏതാനും മാസം മുമ്പാണ് കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റായത്.
മികച്ച പ്രാസംഗികനും സംഘാടകനുമായിരുന്നു ലീഡർ കെ. കരുണാകരന്റെ ഉറ്റ അനുയായിയായിരുന്ന ഷാനവാസ്. പിന്നീട് പാർട്ടിയിലെ തിരുത്തൽവാദികളിൽ പ്രധാനിയായും മാറി.