നടി ഷക്കീലയുടെ ജീവിതത്തെ ആസ്പദമാക്കി ഇന്ദ്രജിത്ത് ലങ്കേഷ് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ഷക്കീല നോട്ട് എ പോൺസ്റ്റാർ'. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇന്ന് പുറത്തിറക്കി. നഗ്ന ശരീരത്തിൽ നിറയെ സ്വർണ്ണാഭരണങ്ങൾ മാത്രം അണിഞ്ഞ നായികയാണ് പോസ്റ്ററിൽ. ബോളിവുഡ് നടി റിച്ച ഛദ്ദയാണ് ഷക്കീലയെ അവതരിപ്പിക്കുന്നത്. ബോൾഡ് ഈസ് ഗോൾഡ് എന്നാണ് താരം ഫസ്റ്റ് ലുക്കിന് അടിക്കുറിപ്പ് നൽകി വിശേഷിപ്പിച്ചത്.
കന്നട സംവിധായകനായ ഇന്ദ്രജിത് ലങ്കേഷിന്റെ ആദ്യ ഹിന്ദി ചിത്രമാണ് ഷക്കീല. മലയാളി താരമായ രാജീവ് പിള്ളയും ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. സിനിമാ ചിത്രീകരണം ആരംഭിക്കുന്നതിന് മുൻപ് യഥാർത്ഥ വ്യക്തിയെ അടുത്തറിയാനായി റിച്ച ബാംഗ്ലൂരിൽ ഷക്കീലയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. തെലുങ്കിലൂടെ സിനിമാ രംഗത്തെത്തിയ ഷക്കീല കിന്നാരത്തുമ്പികൾ എന്ന ചിത്രത്തിലൂടെയാണ് മലയാളക്കര ഇളക്കി മറിച്ചത്. പതിനാറാം വയസ്സിൽ ബി ഗ്രേഡ് സിനിമാ മേഖലയിലെത്തിയ ഷക്കീലയുട ജീവിതവും ജീവിതത്തിലെ വീഴ്ചകളുമാണ് ചിത്രത്തിന്റെ പ്രമേയം. നിരവധി പ്രമുഖരുടെ മുഖംമൂടി വലിച്ചു കീറുന്ന ചിത്രമായിരിക്കും ഷക്കീല. യഥാർത്ഥ ഷക്കീല ചിത്രത്തിൽ അതിഥി വേഷത്തിൽ എത്തുന്നതും ശ്രദ്ദേയമായ കാര്യമാണ്.