പമ്പ: ശബരിമലയിലേക്കു വന്ന കേന്ദ്ര മന്ത്രി പൊൻ രാധാകൃഷ്ണനും നിലയ്ക്കലിൽ സുരക്ഷാ ചുമതലയുള്ള എസ്. പി യതീഷ് ചന്ദ്രയും തമ്മിലുള്ള വാക്കുതർക്കം പിരിമുറുക്കത്തിന്റെ ചില നിമിഷങ്ങൾ സൃഷ്ടിച്ചു. തുടക്കത്തിൽ മന്ത്രിയെ കാര്യങ്ങൾ ബോധ്യപ്പെടുത്താൻ ശ്രമിച്ച പൊലീസ് ഓഫീസർ ക്രമേണ തർക്കത്തിലേക്കു മാറി.
യതീഷ് ചന്ദ്ര : പമ്പയിൽ പാർക്കിംഗിന് ബുദ്ധിമുട്ടുണ്ട്. മണ്ണിടിച്ചിലുണ്ടാകും. സ്വകാര്യ വാഹനങ്ങൾ കടത്തിവിടാൻ പറ്റില്ല.
പൊൻ രാധാകൃഷ്ണൻ: അപ്പോൾ സർക്കാർ, പൊലീസ് വാഹനങ്ങൾക്കു പോകാമോ?
യതീഷ് ചന്ദ്ര: ബസ് പമ്പയിൽ പാർക്ക് ചെയ്യുന്നില്ല. ഇതു മലമ്പ്രദേശമാണ്. റോഡ് വലുതാക്കാൻ കഴിയില്ല.
പൊൻ രാധാകൃഷ്ണൻ: എങ്കിൽ ഞാനും ബസിൽ പൊയ്ക്കൊള്ളാം.
യതീഷ്ചന്ദ്ര: വി.െഎ.പി വാഹനങ്ങൾക്കു പോകാം. താങ്കൾ ഒരു മിനിസ്റ്റർ ആണ് സർ. സിറ്റിംഗ് മന്ത്രിമാർക്ക് വാഹനത്തിൽ പോകാം.
(മന്ത്രി വിസമ്മതം അറിയിച്ചു)
യതീഷ് ചന്ദ്ര: താങ്കൾ എനിക്കൊരു ഒാർഡർ തരൂ, ഞാൻ എല്ലാ വാഹനങ്ങളും കടത്തിവിടാം. എല്ലാ ഉത്തരവാദിത്വവും താങ്കൾ ഏറ്റെടുക്കുമോ ?
പൊൻ രാധാകൃഷ്ണൻ: അത് എന്റെ ഉത്തരവാദിത്വമല്ല. നിങ്ങളുടെ ഡ്യൂട്ടിയാണ്.
യതീഷ് ചന്ദ്ര: അതാണ് പോയിന്റ്.
പൊലീസ് ഓഫീസർ മന്ത്രിയോട് ഇങ്ങനെ കമന്റ് ചെയ്തതോടെ
ഒപ്പമുണ്ടായിരുന്ന ബി.ജെ.പി നേതാവ് എ.എൻ. രാധാകൃഷ്ണൻ ക്ഷുഭിതനായി: നിങ്ങൾ ചെയ്യേണ്ട പണി ചെയ്യാതെ മന്ത്രിയോട് ചൂടാവുകയാണോ. മന്ത്രിയോട് മര്യാദയ്ക്ക് സംസാരിക്കണം. (രാധാകൃഷ്ണന്റെ മുഖത്തേക്കു യതീഷ് ചന്ദ്ര കടുപ്പിച്ച് നോക്കി) നിങ്ങളെന്താ നോക്കി പേടിപ്പിക്കുകയാണോ എന്ന് എ.എൻ. രാധാകൃഷ്ണൻ കയർത്തു.
എല്ലാവർക്കും കെ.എസ്.ആർ.ടി.സി ബസിൽ പോകാമെന്ന് മന്ത്രി പറഞ്ഞതോടെ എസ്.പി മടങ്ങി.