ശബരിമല : ദേവസ്വം ബോർഡിന്റെ ആതിഥ്യം സ്വീകരിക്കാതെ കേന്ദ്ര ധനകാര്യ സഹമന്ത്രി പൊൻ രാധാകൃഷ്ണൻ ശബരിമലയിൽ. ഇന്നലെ ഉച്ചയ്ക്ക് മൂന്ന് മണിയോടെ സന്നിധാനത്ത് ദർശനം നടത്തിയ ശേഷം നേരേ അയ്യസേവാ സമാജത്തിന്റെ ഓഫീസ് ഷെഡിലെത്തിയാണ് വിശ്രമിച്ചത്. മന്ത്രിക്കായി ദേവസ്വം ബോർഡ് പ്രത്യേകമായി മുറി ഒരുക്കി കാത്തിരുന്നെങ്കിലും മന്ത്രി അവിടേക്ക് തിരിഞ്ഞുപോലും നോക്കിയില്ല. അയ്യപ്പൻമാർക്കില്ലാത്ത സൗകര്യം തനിക്കും വേണ്ടെന്ന നിലപാടിലായിരുന്നു കേന്ദ്രമന്ത്രി. അയ്യപ്പസേവാസമാജത്തിന്റെ ഓഫീസ് ഷെഡിലെത്തിയ അദ്ദേഹം തറയിൽ വിരിച്ച പുൽപ്പായിൽ കിടക്കുകയും നാലരമണിക്കൂറോളം അവിടെത്തന്നെ വിശ്രമിക്കുകയും ചെയ്തു. പതിനെട്ടാംപടിയറി ദർശനം നടത്തിയശേഷമായിരുന്നു മാദ്ധ്യമപ്രവർത്തകരെ കണ്ടത്. രാത്രി പത്ത് മണിയോടെ പൊലീസ് സ്റ്റേഷന് സമീപത്ത് തീർത്ഥാടകസംഘം നടത്തിയ നാമജപത്തിൽ പങ്കെടുക്കുയും ഹരിവരാസനം പാടി നടയടച്ചശേഷമാണ് മലയിറങ്ങിയത്.