കർണാടക: വ്യത്യസ്‌തമായ പ്രസംഗങ്ങളിലൂടെ സോഷ്യൽ മീഡിയയിൽ തരംഗമാണ് ആൾദൈവം സ്വാമി നിത്യാനന്ദ. വീണ്ടും അത്തരമൊരു പ്രസംഗത്തിലൂടെ സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടിയിരിക്കുകയാണ് അദ്ദേഹം. എന്നാൽ ഇത്തവണ പ്രസംഗത്തിന് പിന്നാലെ സ്വാമിക്ക് ക്രൈം ബ്രാഞ്ച് നോട്ടീസും വന്നു. കഞ്ചാവ് അപകടകാരിയല്ല, അതൊരു ഔഷധമാണെന്നാണ് സ്വാമിയുടെ പ്രസംഗം. പ്രസംഗത്തിനെ കുറിച്ച് പരാതി ലഭിച്ചതിനെ തുടർന്ന് ക്രൈം ബ്രാഞ്ച് നിത്യാനന്ദയ്ക്ക് നോട്ടിസയച്ചിരുന്നു. ക്രൈം ബ്രാഞ്ചിനു മുന്നിൽ ഹാജരാകാനാണ് നോട്ടീസ്.എന്നാൽ നോട്ടീസയച്ച ശേഷം സ്വാമി കർണാടകത്തിലെ ബിഡാഡിയിലുള്ള ആശ്രമത്തിൽ ഇല്ല എന്നാണ് ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥർ പറയുന്നത്.
മദ്യത്തിന് മാത്രമേ മനുഷ്യനെ അടിമയാക്കാൻ കഴിയൂ, കഞ്ചാവ് ആരെയും അടിമയാക്കില്ല. അത് ആരോഗ്യ പ്രശ്നങ്ങൾ ഒന്നും ഉണ്ടാക്കാറില്ല. കാരണം അത് ഒരു ഔഷധമാണ്. ഞാൻ കഞ്ചാവിന്റെ ഉപയോഗത്തെ പ്രോത്സാഹിപ്പിക്കുകയല്ല. ഞാനിത് ഉപയോഗിച്ചിട്ടുമില്ല. മദ്യം ഉപയോഗിച്ച് അതിന് അടിമയായ നിരവധി പേരെ ഞാൻ കണ്ടിട്ടുണ്ട്. എന്നാൽ കഞ്ചാവിന് അടിമയായ ആരെയും ഞാൻ കണ്ടിട്ടില്ല. നിറുത്തണമെന്ന് തോന്നിയാൽ കഞ്ചാവിന്റെ ഉപയോഗം നിറുത്താം. അത് ഉപയോഗിച്ചത് മൂലം ആരോഗ്യം തകർന്നവരെയുെം ഞാൻ കണ്ടിട്ടില്ലെന്നുമാണ് വിവാദമായ പ്രസംഗത്തിൽ സ്വാമി നിത്യാനന്ദ പറഞ്ഞത്.