ബ്രഹ്മാണ്ഡ സിനിമകളുടെ സംവിധായകൻ ഷങ്കറും മെഗാ സ്റ്റാർ രജനികാന്തും ഒന്നിക്കുന്ന 2.0 അടുത്ത വ്യാഴാഴ്ച ലോകവ്യാപകമായി റിലീസ് ചെയ്യും. ഇന്ത്യൻ സിനിമയിലെ ഏറ്റവും ചെലവേറിയ ചിത്രമെന്ന ഖ്യാതിയുമായാണ് 2.0ന്റെ വരവ്. അറുന്നൂറ് കോടിയോളമാണ് ചിത്രത്തിന്റെ ബഡ്ജറ്റ്.
ലൈക്ക പ്രൊഡക്ഷൻസിന്റെ ബാനറിൽ സുഭാസ്കരൻ അവതരിപ്പിക്കുന്ന 2.0 ഒരേ സമയം തമിഴ്, തെലുങ്ക്, ഹിന്ദി എന്നീ മൂന്ന് ഭാഷകളിൽ റിലീസ് ചെയ്യും.
മുളകുപാടം ഫിലിംസാണ് 2.0 കേരളത്തിലെത്തിക്കുന്നത്. തമിഴ്നാട്ടിൽ റിലീസ് ദിവസം ചിത്രത്തിന്റെ ആദ്യ പ്രദർശനം പുലർച്ചെ നാല് മണിക്കാണ് ആരംഭിക്കുന്നത്. അതേസമയത്ത് തന്നെ കേരളത്തിലും ആദ്യ പ്രദർശനം ആരംഭിക്കാനാണ് തീരുമാനം.
തിരുവനന്തപുരത്ത് ന്യൂസ്ക്രീൻ - 1, സ്ക്രീൻ 2, സ്ക്രീൻ 3, ശ്രീകുമാർ, ശ്രീവിശാഖ്, ശ്രീപത്മനാഭ എന്നീ തിയേറ്ററുകൾ ഇതിനകം 2.0ന് വേണ്ടി ചാർട്ട് ചെയ്ത് കഴിഞ്ഞു. ത്രീഡിയിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ ത്രീഡി പ്രിന്റുകൾ ന്യൂ 1, ന്യൂ 2, ശ്രീപത്മനാഭ എന്നിവിടങ്ങളിലായിരിക്കും പ്രദർശിപ്പിക്കുക.
തങ്ങളുടെ കരാർ വ്യവസ്ഥകൾ അംഗീകരിച്ചാൽ ധന്യ, രമ്യ, അജന്ത, കൈരളി, ഏരീസ് പ്ളക്സ്, കൃപ എന്നീ തിയേറ്ററുകളിൽ കൂടി 2.0 റിലീസ് ചെയ്യുമെന്ന് മുളകുപാടം ഫിലിംസിന്റെ വക്താവ് അറിയിച്ചു.
രജനികാന്തിനൊപ്പം അക്ഷയ് കുമാർ, എമി ജാക്സൺ, കലാഭവൻ ഷാജോൺ, റിയാസ്ഖാൻ എന്നിവരും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. എ.ആർ. റഹ്മാനാണ് സംഗീതസംവിധാനം നിർവഹിക്കുന്നത്. നീരവ് ഷായാണ് കാമറാമാൻ.