ഒരു ഇടവേളയ്ക്ക് ശേഷം ദുൽഖർ സൽമാൻ മലയാളത്തിലേക്ക് തിരിച്ചുവരുന്ന ഒരു യമണ്ടൻ പ്രേമകഥയുടെ അവസാന ഷെഡ്യൂൾ എറണാകുളത്ത് തുടങ്ങി. നവാഗതനായ ബി.സി. നൗഫൽ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഒരു പെയിന്റിംഗ് തൊഴിലാളിയുടെ വേഷമാണ് ദുൽഖർ അവതരിപ്പിക്കുന്നത്. ആന്റോ ജോസഫാണ് നിർമ്മാതാവ്. അമർ അക്ബർ അന്തോണിക്കും കട്ടപ്പനയിലെ ഋത്വിക് റോഷനും ശേഷം വിഷ്ണു ഉണ്ണിക്കൃഷ്ണനും ബിബിൻ ജോർജും തിരക്കഥ എഴുതുന്നു. നിഖില വിമലും തീവണ്ടിയിലൂടെ ശ്രദ്ധേയയായ സംയുക്ത മേനോനും നായികമാരാകുന്ന ചിത്രത്തിൽ സലിം കുമാർ, സുരാജ് വെഞ്ഞാറമ്മൂട്, ഹരീഷ് കണാരൻ, സൗബിൻ ഷാഹിർ, ധർമ്മജൻ, വിഷ്ണു ഉണ്ണിക്കൃഷ്ണൻ തുടങ്ങി വലിയൊരു താരനിര തന്നെ അണിനിരക്കുന്നു. ഫോർട്ടുകൊച്ചിയും മട്ടാഞ്ചേരിയുമാണ് പ്രധാന ലൊക്കേഷൻ. പി. സുകുമാർ ഛായാഗ്രഹണം നിർവഹിക്കുന്നു.
ബോളിവുഡ് ചിത്രം സോയ ഫാക്ടറിൽ അഭിനയിച്ചശേഷമാണ് ദുൽഖർ ഒരു യമണ്ടൻ പ്രേമകഥയുടെ ലൊക്കേഷനിലേക്ക് എത്തിയത്. ശ്രീനാഥ് രാജേന്ദ്രൻ സംവിധാനം ചെയ്യുന്ന കുറുപ്പ്, മഹേഷ് നാരായണന്റെ പുതിയ ചിത്രം എന്നിവയാണ് മറ്റ് മലയാളം പ്രോജക്ടുകൾ.
തമിഴിൽ ദേസിംഗ് പെരിയസാമി സംവിധാനം ചെയ്യുന്ന കണ്ണും കണ്ണും കൊള്ളയടിത്താൽ, ആർ. കാർത്തിക്കിന്റെ വാൻ എന്നീ ചിത്രങ്ങളിലും ദുൽഖർ അഭിനയിക്കുന്നുണ്ട്.