കമലഹാസൻ നായകനാകുന്ന ഷങ്കറിന്റെ ഇന്ത്യൻ 2ൽ ബോളിവുഡ് സൂപ്പർസ്റ്റാർ അക്ഷയ് കുമാർ അഭിനയിച്ചേക്കുമെന്ന് റിപ്പോർട്ടുകൾ. റിലീസിനെത്തുന്ന രജനികാന്ത് ചിത്രം 2.0ൽ അക്ഷയ്യാണ് വില്ലനായി അഭിനയിച്ചത്. ഷങ്കറാണ് ഈ ചിത്രവും സംവിധാനം ചെയ്തിരിക്കുന്നത്. ഷങ്കറിനൊപ്പമുള്ള കെമിസ്ട്രി ഇഷ്ടമായതിനാലാണത്രെ അക്ഷയ് ഇന്ത്യൻ 2ൽ അഭിനയിക്കാൻ തീരുമാനിച്ചത്. ഇതേക്കുറിച്ച് ഔദ്യോഗിക സ്ഥിരീകരണമുണ്ടായിട്ടില്ല. മറ്റൊരു ബോളിവുഡ് താരമായ അജയ് ദേവ്ഗൺ ചിത്രത്തിൽ അഭിനയിച്ചേക്കുമെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. കാജൽ അഗർവാൾ, നയൻതാര തുടങ്ങിയവരാണ് പരിഗണനയിലുള്ള മറ്റു താരങ്ങൾ. പൊലീസ് ഓഫീസറുടെ വേഷത്തിൽ ചിമ്പു ചിത്രത്തിൽ അഭിനയിക്കുന്നുണ്ട് .
രവി വർമ്മൻ ഛായാഗ്രഹണവും അനിരുദ്ധ് രവിചന്ദർ സംഗീത സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് അടുത്ത വർഷം ആദ്യം തുടങ്ങും.