തിരുവനന്തപുരം: തലസ്ഥാനത്തിന്റെ വ്യാപാര ഹൃദയമായ ചാല മാർക്കറ്റ് നവീകരിക്കുന്ന പദ്ധതി നവംബർ ഒന്നിനാണ് കൊട്ടിഘോഷിച്ച് ഉദ്ഘാടനം ചെയ്തത്. അടുത്ത ദിവസം തന്നെ നിർമ്മാണം തുടങ്ങുമെന്ന നിലയിലായിരുന്നു കാര്യങ്ങളുടെ പോക്ക്. പക്ഷേ മൂന്നാഴ്ച കഴിഞ്ഞിട്ടും ഒന്നുമായില്ല. കോഴിക്കോട് മിഠായിത്തെരുവിന്റെ മാതൃകയിൽ ചാലയുടെ എല്ലാ അടയാളങ്ങളും സംരക്ഷിച്ചുള്ള നവീകരണത്തിനാണ് സർക്കാർ രൂപം നൽകിയത്. ഇതിനായി 10 കോടി രൂപ അനുവദിച്ച ശേഷമായിരുന്നു ഉദ്ഘാടനം. തുടർന്ന് നിർമ്മാണ ചുതലയുള്ള ഹാബിറ്റാറ്റ് തയ്യാറാക്കിയ എസ്റ്രിമേറ്റ് സർക്കാർ അംഗീകരിച്ചതുമാണ്. എന്നാൽ നവീകരണത്തിനുള്ള ഭൗതിക സാഹചര്യമൊരുക്കേണ്ട നഗരസഭയും ട്രിഡയും പുറംതിരിഞ്ഞതാണ് പദ്ധതിയെ നിശ്ചലമാക്കിയത്.
പദ്ധതിയുടെ ആദ്യഘട്ടം ജൂലായിൽ തുടങ്ങാൻ തീരുമാനിച്ചെങ്കിലും അതു നീണ്ടുപോയി. തുടർന്നുണ്ടായ പ്രളയത്തിൽ ചാല പദ്ധതി അനന്തമായി നീളുമെന്നാണ് കരുതിയത്. എന്നാൽ പദ്ധതിക്ക് അനുമതി നൽകിയ സർക്കാർ ആദ്യഘട്ടമായി 9,98,53,000 രൂപയും അനുവദിച്ചു.നിർമ്മാണം തുടങ്ങുമ്പോൾ പണം തീരുന്ന മുറയ്ക്ക് ഫണ്ട് ലഭ്യമാക്കും. വിനോദ സഞ്ചാര വകുപ്പാണ് പണം ചെലവഴിക്കുന്നത്.എന്നാൽ നഗരസഭ, കെ.എസ്.ഇ.ബി, റോഡ് ഫണ്ട് ബോർഡ്, പൊതുമരാമത്ത് വകുപ്പ്, ബി.എസ്.എൻ.എൽ എന്നിവ പദ്ധതി പ്രദേശത്തെ തടസങ്ങൾ നീക്കി സ്ഥലം ഹാബിറ്റാറ്റിന് വിട്ടുനൽകിയാലേ നവീകരണം ആരംഭിക്കാനാകൂ.
ഉദ്ഘാടനം കഴിഞ്ഞ് മൂന്നാഴ്ചയായിട്ടും നിർമ്മാണത്തിന്റെ പേരിൽ താത്കാലികമായി ഒഴിപ്പിക്കേണ്ടിവരുന്ന വ്യാപാരികൾക്ക് കച്ചവടത്തിനുള്ള സ്ഥലം വിട്ടുകൊടുക്കാനോ മറ്റ് സൗകര്യങ്ങൾ ക്രമീകരിക്കാനോ ഒരു നീക്കവും അധികൃതരുടെ ഭാഗത്തുനിന്നുണ്ടായിട്ടില്ല. കിഴക്കേകോട്ട മുതൽ ആര്യശാല വരെയാണ് ആദ്യഘട്ടത്തിൽ നവീകരിക്കുന്നത്. ചാലയിലെ പച്ചക്കറി മാർക്കറ്റും നവീകരിക്കേണ്ടതുണ്ട്. നിലവിലുള്ള കച്ചവടക്കാർക്ക് വിപുലമായ സൗകര്യങ്ങൾ ക്രമീകരിക്കുന്നതിനൊപ്പം കൂടുതൽ പേർക്ക് കച്ചവടത്തിനുള്ള അവസരവും സജ്ജമാക്കും. എന്നാൽ ഇതിനായി പച്ചക്കറി മാർക്കറ്റ് ഹാബിറ്റാറ്റ് ഗ്രൂപ്പിന് വിട്ടുകിട്ടണം. പച്ചക്കറി വ്യാപാരികൾക്കായി ചാലയോട് ചേർന്നുള്ള ട്രിഡയുടെ സ്ഥലത്ത് താത്കാലിക കച്ചവടസംവിധാനം സജ്ജമാക്കാമെന്ന് അധികൃതർ ഉറപ്പ് നൽകിയിരുന്നു. പക്ഷേ സ്ഥലം ഇതുവരെയും കിട്ടിയിട്ടില്ല. സ്ഥലം മാറിപ്പോകുമ്പോൾ കച്ചവടം കുറയുമോ എന്ന ആശങ്കയും വ്യാപാരികൾക്കുണ്ട്.
നാലുമാസത്തിനകം ആദ്യഘട്ട നിർമ്മാണം പൂർത്തിയാക്കുമെന്നാണ് പ്രഖ്യാപനം. ഇങ്ങനെ പോയാൽ ആ ലക്ഷ്യം കൈവരിക്കുക ബുദ്ധിമുട്ടാകും. പദ്ധതിയുടെ എല്ലാഘട്ടങ്ങളും രണ്ടു വർഷത്തിനുള്ളിൽ പൂർത്തിയാക്കുകയാണ് ലക്ഷ്യം.
ചരിത്രം മറയ്ക്കില്ല, സുരക്ഷയ്ക്ക് പ്രാധാന്യം
തിരുവിതാംകൂറിന്റെ ചരിത്രവുമായി ഏറെ ബന്ധമുള്ള ചാലമാർക്കറ്റിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. അതുകൊണ്ട് തനതു ശൈലിക്ക് പോറലേല്പിക്കാതെയാണ് നവീകരിക്കുന്നത്. ചാലയിൽ തീപിടിത്തമുണ്ടായപ്പോൾ തന്നെ ഇവിടെ സുരക്ഷാസംവിധാനം ശക്തമാക്കണമെന്ന ആവശ്യം ഉയർന്നിരുന്നു. തീപിടിത്തം തടയാനുള്ള സംവിധാനങ്ങൾ ഏർപ്പെടുത്തിയാകും നവീകരണം. വൈദ്യുതി ഉൾപ്പെടെയുള്ള സർവീസ് ലൈനുകൾ ഭൂമിക്കടിയിലൂടെയാക്കും. ക്ളാസിക് ശൈലിയിലുള്ള തൂണുകൾ നിർമ്മിച്ച് തെരുവ് വിളക്കുകൾ സ്ഥാപിക്കും. പൊതുഇരിപ്പിടങ്ങളുമുണ്ടാകും. മതിലുകളിൽ ചരിത്രത്തെ വെളിവാക്കുന്ന ചിത്രങ്ങൾ വരച്ച് മനോഹരമാക്കാനും പദ്ധതിയുണ്ട്.
പഴയ ഓടിട്ട കെട്ടിടങ്ങളാണ് ചാല മാർക്കറ്റിന്റെ പ്രത്യേകത. ഇവ അതേ തനിമയിൽ സംരക്ഷിക്കും. റോഡിനിരുവശത്തുമായി നടപ്പാത നിർമ്മിച്ച് അതിന് മേൽക്കൂര ഉണ്ടാകും. ഓടകളും നവീകരിക്കും. വാഹനത്തിരക്കു കാരണം ചാലയിലേക്ക് കടക്കാൻ കഴിയാത്ത അവസ്ഥയാണുള്ളത്. പദ്ധതി നടപ്പിലാകുന്നതോടെ ഈ പ്രശ്നം പരിഹരിക്കണമെന്നതാണ് ഇവിടെ എത്തുന്നവരുടെ പൊതുവായ ആവശ്യം. ഇത് തങ്ങൾക്ക് ഗുണകരമാകുമെന്ന് വ്യാപാരികളും കരുതുന്നു.
മിഠായി തെരുവ് സൂപ്പറായത് ഇങ്ങനെ
മിഠായിത്തെരുവിൽ പൈതൃക പദ്ധതി നടപ്പിലാക്കാൻ തുടങ്ങിയപ്പോൾ വൻ എതിർപ്പുകളുണ്ടായി. 20 വർഷത്തെ കാത്തിരിപ്പിനു ശേഷം പദ്ധതി യാഥാർത്ഥ്യമായത് 2017 ഡിസംബറിൽ. 6.26 കോടി രൂപയാണ് വിനോദസഞ്ചാര വകുപ്പ് ചെലവാക്കിയത്.
ഗ്രാനൈറ്റുകൾ പാകി നടപ്പാതകൾ മനോഹരമാക്കി. തെരുവിന് മേൽക്കൂര നിർമ്മിച്ചു. അലങ്കാരവിളക്കുകൾ സ്ഥാപിച്ചു. തെരുവിലെത്തുന്നവർക്ക് വിശ്രമിക്കാൻ ഇരിപ്പിടങ്ങൾ. പ്രവേശന കവാടത്തിൽ എസ്.കെ. പൊറ്റെക്കാടിന്റെ തെരുവിന്റെ കഥ പറയുന്ന ചുമർചിത്രങ്ങൾ ഒരുക്കി. രാവിലെ 10 മുതൽ രാത്രി 10 വരെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. തെരുവിന്റെ പൈതൃകം സംരക്ഷിച്ചായിരുന്നു നവീകരണം.
വൈദ്യുതി, ടെലിഫോൺ ലൈനുകളെല്ലാം ഭൂമിക്കടിയിലാക്കി. തീപിടിത്ത സാദ്ധ്യത കുറയ്ക്കുന്നതിനായി പ്രത്യേക സുരക്ഷാ സംവിധാനം ഏർപ്പെടുത്തി. ഫയർ ഹൈഡ്രന്റുകൾ സ്ഥാപിച്ചു. കടകളിൽ അഗ്നിസുരക്ഷാ സംവിധാനം ഉറപ്പാക്കി. സംഗീതപരിപാടികൾ അവതരിപ്പിക്കാൻ ആംഫി തിയേറ്റർ മാതൃകയിൽ സ്റ്റേജ് ഒരുക്കി. ഭിന്നശേഷി സൗഹൃദ തെരുവായി മിഠായിത്തെരുവ് ഇന്ന് മാറി.
ആദ്യ ഘട്ടത്തിലെ ഹൈലൈറ്റ്സ്
ട്രിഡയുമായി ബന്ധപ്പെട്ട് പച്ചക്കറി കച്ചവടത്തിനാവശ്യമായ സ്ഥലം വിട്ടുകൊടുക്കുന്നതിനായുള്ള നടപടികൾ നഗരസഭ ആരംഭിച്ചിട്ടുണ്ട്. അതിനുള്ള കത്തിടപാടുകൾ നടത്തിക്കഴിഞ്ഞു. ഉടൻ സ്ഥലം വിട്ടുകൊടുക്കാനും മറ്റ് വകുപ്പുകളുടെ സഹായത്തോടെ നവീകരണം വേഗത്തിലാക്കാനും നടപടിയുണ്ടാകും.
- വി.കെ. പ്രശാന്ത്,
മേയർ
ഞങ്ങൾ റെഡിയാണ്. സ്ഥലം ലഭിച്ചാൽ മാത്രം മതി. നിർമ്മാണം ഉടൻ ആരംഭിക്കും.
ജി. ശങ്കർ,
ഡയറക്ടർ, ഹാബിറ്റാറ്റ്