തിരുവനന്തപുരം: മാതളം, പാഷൻ ഫ്രൂട്ട്, ഇഞ്ചി, പുളിഞ്ചിക്ക എന്നിങ്ങനെ പലതരം സ്ക്വാഷുകൾ, ചക്ക, ജാതിക്ക തുടങ്ങി നമുക്ക് സുലഭമായി ലഭിക്കുന്ന നാടൻ പഴങ്ങളും വിഭവങ്ങളും കൊണ്ടുള്ള വിവിധയിനം ഉത്പന്നങ്ങളും നിരന്ന് നിൽക്കുന്ന സ്വദേശി ഫെസ്റ്റിവലിൽ തിരക്കേറുന്നു. ഗാന്ധി-150 ആഘോഷ പരിപാടികളുടെ ഭാഗമായി ഗാന്ധി സെന്റർ ഫോർ റൂറൽ ഡെവലപ്മെന്റ്, സ്വദേശി ട്രസ്റ്റ്, വൈ.എം.സി.എ എന്നിവയുടെ ആഭിമുഖ്യത്തിലാണ് സെക്രട്ടേറിയറ്റിന് സമീപമുള്ള വൈ.എം.സി.എ ഹാളിൽ സ്വദേശി ഫെസ്റ്റിവൽ സംഘടിപ്പിച്ചിരിക്കുന്നത്. നാടൻ ഉത്പന്നങ്ങളുടെ പ്രാധാന്യമറിയിച്ച് നടക്കുന്ന സ്വദേശി ഫെസ്റ്റിവലിൽ താളിപ്പൊടി, ദാഹശമനി, നറുനീണ്ടി, രക്തചന്ദനം, മുളയരി, മുതിര ചമ്മന്തി തുടങ്ങി മുന്നൂറിലേറെ ഉത്പന്നങ്ങളുടെ പ്രദർശനം, വിപണനം എന്നിവയാണ് ഒരുക്കിയിട്ടുള്ളത്.
നാടൻ ഉത്പന്ന നിർമാണ രംഗത്തെ ഗുണമേന്മയും, വ്യത്യസ്തതയും പ്രകടമാക്കുന്നതാണ് ഫെസ്റ്റിവലിൽ പ്രദർശിപ്പിച്ചിരിക്കുന്ന ഓരോ ഉത്പന്നങ്ങളും. കൊളസ്ട്രോൾ നിവാരിണി, പ്രമേഹ പാനീയം, ജാതിക്കാ ടോൺ, ചക്ക ടോൺ എന്നിങ്ങനെയുള്ള ഔഷധ ഗുണമുള്ള ഉത്പന്നങ്ങൾക്ക് പുറമെ ചക്ക പേഡ, ചക്കവരട്ടി, ചക്ക അച്ചാർ തുടങ്ങി വിവിധ ചക്ക ഉത്പന്നങ്ങളും പ്രദർശനത്തിലുണ്ട്.
മെഴുകുതിരി, ചന്ദനത്തിരി, കുട തുടങ്ങിയ നാടൻ ഉത്പന്നങ്ങളുടെ നിർമ്മാണ പരിശീലനം, സ്വദേശി പ്രസ്ഥാനത്തിന്റെ അർത്ഥ വ്യാപ്തിയെക്കുറിച്ചുള്ള സെമിനാറുകൾ എന്നിവയും ഫെസ്റ്റിവലിന്റെ ഭാഗമായി നടന്നു വരുന്നു. ഗാന്ധിയൻ ആശയങ്ങളുടെ പ്രചാരണത്തിന് ഉത്പന്നങ്ങൾ വീടുകളിൽ ഉണ്ടാക്കുക, ഉപയോഗിക്കുക, വിതരണം ചെയ്യുക, അതിലൂടെ വരുമാനം കണ്ടെത്തുക എന്നതാണ് സ്വദേശിയുടെ ലക്ഷ്യമെന്നും അങ്ങനെ ഉണ്ടാക്കുന്ന ഉത്പന്നങ്ങൾ പ്രദർശിപ്പിക്കുന്നതിനാണ് 6 മാസം കൂടുമ്പോൾ മേള സംഘടിപ്പിക്കുന്നതെന്നും കോ ഓർഡിനേറ്ററായ സി.കെ. വിനിരാജ് പറയുന്നു.
വെളിച്ചെണ്ണയിലും പ്രകൃതിദത്ത സുഗന്ധദ്രവ്യങ്ങളിലും ഉണ്ടാക്കിയിട്ടുള്ള കുളിസോപ്പ്, പുൽതൈലം ഉപയോഗിച്ചു നിർമ്മിച്ച ക്ലീനിംഗ് ലോഷൻ, വാഷിംഗ് സോപ്പ്, ഹാൻഡ് വാഷ്, ടാർ കഴുകി കളയാൻ സാധിക്കുന്ന കാർവാഷ്, ഡിഷ് വാഷ്, ക്ലോസറ്റ് വാഷ്, ക്ലോത്ത് വാഷ്, ഹെയർടോൺ, ബ്രഹ്മി ഓയിൽ, ഷാംപൂ എന്നിവയും പ്രദർശനത്തിൽ സന്ദർശകരെ ആകർഷിക്കുന്നു. സ്വദേശി ഒരു കുടുംബമായിട്ടാണ് പോകുന്നതെന്നും പുതിയ ആൾക്കാർ ഈ രംഗത്തേക്ക് കടന്നു വരുന്നുണ്ടെന്നും 22 വർഷമായി സ്വദേശിയിൽ പ്രവർത്തിക്കുന്ന കൊല്ലം അഞ്ചൽ സ്വദേശിനി വിജയകുമാരി ശശിധരൻ പറയുന്നു.
പുന്നാർ പുളി ഉപയോഗിച്ച് നിർമ്മിക്കുന്ന പ്രമേഹരോഗശമനി നിർമ്മിച്ച് പ്രദർശനത്തിനെത്തിച്ചിരിക്കുന്നതും ഈ അഞ്ചൽ സ്വദേശിനിയാണ്. നാടൻ ഉത്പന്നങ്ങളുടെ പ്രസക്തി വിളിച്ചോതുന്ന മേള 24ന് സമാപിക്കും.
'ഗാന്ധി-150 ആഘോഷവുമായി ബന്ധപ്പെട്ട് ദേശീയ തലത്തിൽ സ്വദേശിയുടെ പ്രസക്തി വിളിച്ചോതുന്നതാണ് നാടൻ ഉത്പന്ന നിർമ്മാണ, പരിശീലന, പ്രദർശന, പരിശീലനവുമായി സംഘടിപ്പിച്ചിട്ടുള്ള സ്വദേശി ഫെസ്റ്റിവൽ.'-ഡോ. ജേക്കബ് പുളിക്കൻ,[ഡയറക്ടർ, ഗാന്ധി സെന്റർ ഫോർ റൂറൽ ഡെവലപ്മെന്റ്]