തിരുവനന്തപുരം: 'ഡോക്ടർ ഒഫ് സയൻസ് "-ആരോഗ്യ രംഗത്തെ ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്കാരം. ഇന്ത്യയിൽ ഇത് ലഭിച്ചത് രണ്ടോ മൂന്നോ പേർക്ക് മാത്രം. കേരളത്തിലാകട്ടെ ഒരാൾക്കും. കേരള സർവകലാശാല ആദ്യമായി ഈ പുരസ്കാരം നൽകിയത് തിരുവനന്തപുരം വഴുതക്കാട് സ്വദേശി എം.കെ.സി. നായർ അഥവാ എം.കെ. ചന്ദ്രശേഖര നായർക്കാണ്. നാലു വർഷമായി കേരള ആരോഗ്യ സർവകലാശാല വൈസ് ചാൻസലറാണ്. അറുപത്തിയാറു വർഷത്തെ ജീവിതം ആരോഗ്യ രംഗത്തെ നിരീക്ഷണ പരീക്ഷണങ്ങൾക്കായി മാറ്റിവച്ചതിനുള്ള ആദരവ്.
ഡോക്ടർ ഒഫ് സയൻസിലേക്ക്എത്തിയ വഴി
1987ൽ ഉപരിപഠനത്തിനുശേഷം എസ്.എ.ടിയിലടക്കം ശിശുരോഗ വിദഗ്ദ്ധനായിരിക്കുമ്പോഴാണ് എം.കെ.സി. നായർ പിഎച്ച്.ഡി ചെയ്യാൻ തീരുമാനിച്ചത്. ഇതിന്റെ ഭാഗമായി റിസർച്ച് മെത്തഡോളജിയിൽ എം.എഡ് ബിരുദത്തിനായി ആസ്ട്രേലിയയിൽ പോയി. ഭാരക്കുറവുള്ള നവജാതശിശുക്കളെക്കുറിച്ചായിരുന്നു ഗവേഷണം. പിറന്നയുടൻ സ്വാഭാവികമായി കരയാത്ത കുട്ടിക്കുണ്ടാകുന്ന മാനസിക ശാരീരിക ബുദ്ധിമുട്ടുകളൊഴിവാക്കാൻ നൽകിയിരുന്ന 'പൈറിത്തിനോൾ" എന്ന മരുന്ന് ഭാവിയിൽ ബുദ്ധിമാന്ദ്യമുണ്ടാക്കുമെന്ന് എം.കെ.സി. നായർ കണ്ടെത്തി. തുടർന്ന് ഇത് സംബന്ധിച്ച് മരുന്ന് കമ്പനിക്ക് വിശദമായ റിപ്പോർട്ടയച്ചു. ഇതോടെ ലോകവിപണിയിൽ നിന്ന് തന്നെ 'പൈറിത്തിനോൾ" പിൻവലിച്ചു.
പഠനം പൂർത്തിയാക്കി നാട്ടിലെത്തിയ എം.കെ.സി. നായർ നവജാതശിശുക്കളെക്കുറിച്ചുള്ള പഠനം തുടർന്നു. ജനിക്കുമ്പോൾ ഭാരക്കുറവുള്ള കുട്ടികൾക്ക് ബൗദ്ധിക നിലവാരത്തിൽ മറ്റുള്ളവരെ അപേക്ഷിച്ച് പ്രശ്നങ്ങളുണ്ടാകുമെന്ന് എം.കെ.സി. നായർ കണ്ടെത്തി. തുടർന്ന് ഇതെങ്ങനെ മാറ്റിയെടുക്കാം എന്നതിനെക്കുറിച്ച് പഠിച്ചു. 1989ൽ എസ്.എ.ടിയിൽ അടുത്തടുത്തായി ജനിച്ച തൂക്കക്കുറവുള്ള ആയിരം കുട്ടികളെ ഇതിനായി തിരഞ്ഞെടുത്തു. ഇന്ന് അദ്ദേഹത്തിന്റെ സാമ്പിളുകളും പരീക്ഷണങ്ങളും പ്രീ-സ്കൂൾ, കൗമാരം, യൗവനം തുടങ്ങി കല്യാണത്തിലേക്കെത്തിനിൽക്കുകയാണ്.
ഇരുപത്തിയെട്ട് വർഷം നീണ്ട പരീക്ഷണങ്ങൾ ഫലം കണ്ടു. കുട്ടിയുടെ ജനനസമയത്തെ തൂക്കം, ഒരു വയസിലെ തൂക്കം, 16-ാം വയസിലെ ഉയരവും തൂക്കവും രക്തസമ്മർദ്ദവും അറിഞ്ഞാൽ ഭാവിയിൽ എന്തൊക്കെ രോഗമുണ്ടാകുമെന്ന് അറിയാമെന്ന വലിയ കണ്ടെത്തലിലാണ് അതെത്തിയത്. സംസ്ഥാനത്തെ സ്കൂൾ കുട്ടികളിലടക്കം ഈ പരിശോധന നടത്തി ആരോഗ്യമുള്ള തലമുറയെ വാർത്തെടുക്കാനാകുമെന്ന് അദ്ദേഹം പറയുന്നു.
ആലപ്പുഴ, മാവേലിക്കര ചെറുകോലിൽ മുട്ടത്ത് കൃഷ്ണപ്പണിക്കരുടെയും കാർത്ത്യായനി അമ്മയുടെയും പതിനൊന്നു മക്കളിൽ ഇളയവനാണ് എം.കെ.സി. നായർ. മാവേലിക്കര, തിരുവനന്തപുരം മാർ ഇവാനിയോസ്, ലുധിയാനയിലെ സി.എച്ച്.സി എന്നിവിടങ്ങളിൽ പഠനം പൂർത്തിയാക്കിയ എം.കെ.സി. നായരുടെ കൈയിൽ 10 ബിരുദാനന്തര ബിരുദവുമുണ്ട്. ഭാര്യ : രമ. മക്കൾ : ശബരി, ശ്യാം.