തിരുവനന്തപുരം: ദീപങ്ങളുടെ ആഘോഷമായ കാർത്തിക നാളിനെ വരവേൽക്കാൻ നഗര തെരുവുകളിൽ മൺചെരാതുകൾ വില്പനയ്ക്കെത്തി. വീടുകളിൽ ദീപങ്ങൾ കൊളുത്തി ഐശ്വര്യത്തിന്റെ ദേവതയെ സ്വീകരിക്കുന്ന ഈ ദിനത്തിന് വേണ്ടി തമിഴ്നാട്ടിൽ നിന്നു നിരവധിപേരാണ് മൺചെരാതുകൾ വിൽക്കാനായി തലസ്ഥാന നഗരത്തിൽ എത്തിയത്. വെള്ളിയാഴ്ചയാണ് തൃക്കാർത്തിക ആഘോഷം. കിഴക്കേകോട്ട, തമ്പാനൂർ ഭാഗങ്ങളിൽ മൺവിളക്കുകളുടെ വഴിയോര വിപണി സജീവമാണ്. വില്പനക്കാരിലേറെയും
തമിഴ്നാട്ടിലെ കടലൂരിൽ നിന്നുമാണ്. ചെറിയ വിളക്കിന് ഒരെണ്ണത്തിന് രണ്ടു രൂപയാണ് വില. വലുതിന് അഞ്ചു രൂപയുമുണ്ട്. ചെറിയ വിളക്കിനാണ് ആവശ്യക്കാരേറെയും. നിത്യേന അഞ്ഞൂറിലധികം വിളക്കുകൾ വിറ്റുപോകാറുണ്ടെന്ന് കച്ചവടക്കാരൻ പ്രഭു പറയുന്നു.പത്തുവർഷമായി തുടർച്ചയായി കാർത്തികയ്ക്ക് മുന്നോടിയായി മൺചെരാത് വിൽക്കാൻ തിരുവനന്തപുരത്ത് എത്തുന്നയാളാണ് പ്രഭു. തനിക്കൊപ്പം എത്തിയവർ നഗരത്തിലെ വിവിധയിടങ്ങളിലായി കച്ചവടം നടത്തുന്നുണ്ടെന്നും പ്രഭു പറയുന്നു.രണ്ടു ദിവസം കൂടി കച്ചവടം നടത്തിയശേഷം ഇവർ മടങ്ങും.
കാർഷിക സംസ്കൃതിയുടെ ആഘോഷമാണ് കാർത്തിക. വൃശ്ചികമാസത്തിലെ തൃക്കാർത്തികനാളിൽ നടത്താറുള്ള ഹൈന്ദവാഘോഷമാണിത്. തമിഴ്നാട്ടിലാണ് ഇതിന് പ്രാധാന്യമേറെയെങ്കിലും കേരളത്തിലും കാർത്തിക വിളക്ക് ആഘോഷിക്കാറുണ്ട്. ക്ഷേത്രച്ചുവരുകളിലും വീടുകളിലും സന്ധ്യയ്ക്ക് നിരയായി മൺചെരാതുകൾ കൊളുത്തുകയും നാടൻ കിഴങ്ങുവിളകൾ പുഴുങ്ങി ഭക്ഷണമാക്കുകയും ചെയ്യും.അടുത്തകാലത്താണ് മൺചെരാതുകൾക്ക് കൂടുതൽ ഡിമാൻഡ് വന്നതെന്നാണ് കച്ചവടക്കാർ പറയുന്നത്. മുൻപ് ക്ഷേത്രങ്ങളിൽ മൺചെരാതുകൾ കൊളുത്താറുണ്ടെങ്കിലും വീടുകളിൽ ഏറെയും മെഴുകുതിരികളായിരുന്നു കത്തിച്ചിരുന്നത്. എന്നാലിപ്പോൾ വീടുകളിലും മൺചെരാതുകൾ കത്തിക്കാൻ തുടങ്ങിയതോടെ കച്ചവടത്തിൽ വർദ്ധനയുണ്ടായതായി ഇവർ പറയുന്നു. മൺവിളക്കുകൾക്കൊപ്പം കളിമണ്ണിൽ നിർമ്മിച്ച ശില്പങ്ങളും വില്പനയ്ക്കായി ഇവരുടെ കൈവശമുണ്ട്.