കുളത്തൂർ : കുളത്തൂർ അരശുംമൂട് മേലത്ത് ഭഗവതിക്ഷേത്ര സമാജം ആറ്റിപ്ര കൃഷിഭവന്റെയും സഹായത്തോടെ ക്ഷേത്രഭൂമിയിൽ നടത്തിയ കരനെൽ കൃഷിയുടെ കൊയ്ത്തുത്സവം ആശ്വതി തിരുനാൾ ഗൗരിലക്ഷ്മി ഭായി ഉദ്ഘാടനം ചെയ്തു. നെൽപ്പാടങ്ങളിൽ ഏറെയും ഐ.ടി.വ്യവസായത്തിന് വഴിമാറിയ ആറ്റിപ്രയിൽ കരനെൽക്കൃഷിക്ക് പ്രചാരമേറുന്ന അവസരത്തിലാണ് ക്ഷേത്രഭൂമിയിലെ വിളവെടുപ്പ്. ആറ്റിപ്ര കൃഷിഭവന്റെ കരനെൽകൃഷി പദ്ധതിയിൽപ്പെടുത്തിയാണ് ഇത് യാഥാർഥ്യമാക്കിയത്.
കൃഷിക്ക് ആവശ്യമായ വിത്തും സാമ്പത്തിക സഹായങ്ങളും കൃഷിഭവൻ നൽകിയിരുന്നു. പ്രത്യാശ ഇനത്തിൽപ്പെട്ട നെൽവിത്താണ് ഉപയോഗിച്ചത്. രണ്ടേക്കറോളം വരുന്ന ക്ഷേത്ര ഭൂമിയിൽ നെൽകൃഷി കൂടാതെ ആധുനിക കൃഷി രീതികൾ ഉപയോഗിച്ചുള്ള പച്ചക്കറി കൃഷിയും വാഴ കൃഷിയും നടത്തുന്നുണ്ട്. ചടങ്ങിൽ കൗൺസിലർമാരായ സുനിചന്ദ്രൻ ,എസ്.ശിവദത്ത്, വഞ്ചിയൂർ പി.ബാബു, കൃഷി ഓഫീസർ ആശാരാജ്, കൃഷി അസിസ്റ്റന്റുമാരായ ഷീജ, ആശ, ക്ഷേത്രസമാജം പ്രസിഡന്റ് കെ.നാരായണപിള്ള, വൈസ് പ്രസിഡന്റ് എസ്.ആർ .ഗോപാലകൃഷ്ണൻ നായർ, സെക്രട്ടറി ഡോ. ടി.പ്രേംകുമാർ , ജോ. സെക്രട്ടറി ശ്രീകുമാർ, ട്രഷറർ ഓമന എസ്.നായർ, കുളത്തൂർ അജയൻ തുടങ്ങിയവർ പങ്കെടുത്തു.