തിരുവനന്തപുരം: ശബരിമലയിലെ തുടർച്ചയായ പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ, തലസ്ഥാനത്ത് 24 മണിക്കൂറും അതിസുരക്ഷയൊരുക്കി പൊലീസ്. മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിനും വസതിക്കും യാത്രയ്ക്കും പരിപാടികൾക്കും സുരക്ഷ വർദ്ധിപ്പിച്ചിട്ടുണ്ട്. എ.കെ.ജി സെന്ററിനും ബി.ജെ.പി, സി.പി.എം ഓഫീസുകൾക്കും കർശനസുരക്ഷ ഏർപ്പെടുത്തി. സന്നിധാനത്തെ കൂട്ട അറസ്റ്റിനു പിന്നാലെ ക്ലിഫ്ഹൗസിന് മുന്നിലടക്കം തലസ്ഥാനത്ത് നിരവധിയിടങ്ങളിൽ പ്രതിഷേധമുണ്ടായ സാഹചര്യത്തിലാണ് സുരക്ഷ വർദ്ധിപ്പിച്ചത്. പ്രതിഷേധങ്ങൾ ആവർത്തിക്കാനിടയുണ്ടെന്ന് ഇന്റലിജൻസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
സിറ്റി പൊലീസിലെ അസി. കമ്മിഷണർ, സി.ഐമാർ അടക്കം അമ്പതോളം അംഗങ്ങളെയും നന്ദാവനം എ.ആർ ക്യാമ്പിലെയും എസ്.എ.പിയിലെയും പൊലീസുകാരെയും ശബരിമല സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുണ്ട്. ശബരിമല ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ടതിനാൽ സായുധ ബറ്റാലിയനുകളിലെ റിസർവ് പൊലീസുകാരെ അധികമായി ലഭിക്കില്ല. ശേഷിക്കുന്ന മുഴുവൻ സേനയെയും സുരക്ഷ ഉറപ്പാക്കാനായി നിയോഗിക്കുകയാണിപ്പോൾ. രാത്രിയിൽ പഴുതടച്ച സുരക്ഷയാണ് ഒരുക്കുന്നത്. രാത്രിയിൽ നഗരത്തിന്റെ മുക്കുംമൂലയും പൊലീസ് നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. എ.കെ.ജി സെന്ററിന്റെ മുൻപിലടക്കം പ്രധാന റോഡുകൾ ബാരിക്കേഡ് ഉപയോഗിച്ച് അടച്ചുള്ള പരിശോധനയുമുണ്ട്. സെക്രട്ടേറിയറ്റിനു മുന്നിലെ സുരക്ഷയും വർദ്ധിപ്പിച്ചിട്ടുണ്ട്. കമ്മിഷണറുടെ സ്ട്രൈക്കർ സംഘവും ദ്രുതകർമ്മസേനയും സായുധപൊലീസും കാവലിനുണ്ട്. രാത്രിയിലും പ്രതിഷേധ പ്രകടനങ്ങളുണ്ടാകുന്നതിനാൽ സെക്രട്ടേറിയറ്റിന് 24 മണിക്കൂറും സുരക്ഷയൊരുക്കുന്നുണ്ട്. ശബരിമല തീർത്ഥാടകരുടെ ഇടത്താവളങ്ങളിലും മറ്റും പൊലീസിനെ മഫ്തിയിൽ നിയോഗിക്കും.
നഗരത്തിൽ രാത്രികാല സുരക്ഷയും നിരീക്ഷണവും പട്രോളിംഗും കൂടുതൽ ശക്തമാക്കിയിട്ടുണ്ട്. രാത്രിയിൽ 300 പൊലീസുകാരെ നഗരത്തിലുടനീളം വിന്യസിക്കും. പൊലീസ് സാന്നിദ്ധ്യം പരമാവധി ഉറപ്പാക്കുകയാണ് ലക്ഷ്യം. പ്രധാന സ്ഥലങ്ങളിലെല്ലാം കൺട്രോൾ റൂം കാമറാ നിരീക്ഷണ സംവിധാനം സജ്ജമാണ്. ഏതുവിധത്തിലുള്ള പ്രതിഷേധങ്ങളും അക്രമവും തടയാൻ ലക്ഷ്യമിട്ടാണ് അതിസുരക്ഷാ സംവിധാനമൊരുക്കിയത്. അനിഷ്ടസംഭവങ്ങൾ തടയാൻ കർശന ജാഗ്രത പാലിക്കണമെന്ന് സിറ്റി പൊലീസിന് കമ്മിഷണർ പി. പ്രകാശ് നിർദ്ദേശം നൽകിയിട്ടുണ്ട്.
പ്രതിഷേധക്കാരുടെ ആൽബം ഇറക്കും
ശബരിമലയിലുള്ളതു പോലെ വ്യക്തതയേറിയ ഹൈ ഡെഫനിഷൻ (എച്ച്.ഡി) കാമറകൾ പൊലീസ് വാങ്ങുന്നുണ്ട്. നഗരത്തിലെവിടെയും പൊതുസ്ഥലത്ത് പ്രതിഷേധവും അക്രമങ്ങളും നടത്തുന്നവരുടെ വ്യക്തതയുള്ള ചിത്രങ്ങൾ ആൽബമായി പുറത്തിറക്കും. കൂടുതൽ ദൃശ്യമികവുള്ള കാമറകൾ ബി.എസ്.എൻ.എല്ലിൽ നിന്ന് വാങ്ങാനാണ് പദ്ധതി. വേഗതയേറിയ ഒപ്ടിക്കൽ ഫൈബർ ശൃംഖലയുപയോഗിച്ച് കാമറാദൃശ്യങ്ങൾ തത്സമയം സിറ്റി കൺട്രോൾ റൂമിലെത്തിക്കും. എച്ച്.ഡി കാമറകൾ വരുന്നതോടെ പ്രതികൾക്കായി വാണ്ടഡ് നോട്ടീസ് പുറത്തിറക്കാം.
'പൊലീസ് ജാഗ്രതയിലാണ്. രാത്രിയും പകലും പട്രോളിംഗ് ഉണ്ടാവും. രാത്രികാല പട്രോളിംഗ് കൂടുതൽ ശക്തമാക്കിയിട്ടുണ്ട്. പാർട്ടി ഓഫീസുകൾക്കടക്കം സുരക്ഷ കൂട്ടിയിട്ടുണ്ട്'.- പി. പ്രകാശ് [സിറ്റി പൊലീസ് കമ്മിഷണർ]