കഴക്കൂട്ടം: പഠനത്തിനൊപ്പം കൃഷിയെ നെഞ്ചോട് ചേർത്ത് വിഷമില്ലാത്ത പച്ചക്കറി വിളയിച്ച് പള്ളിപ്പുറം മോഡൽ പബ്ളിക് സ്കൂളിലെ വിദ്യാർത്ഥികൾ മാതൃകയാകുന്നു. സ്കൂൾ വളപ്പിൽ പ്രത്യേക സ്ഥലം കണ്ടെത്തിയാണ് ഹൈസ്കൂൾ വിദ്യാർത്ഥികളുടെ കൃഷി. പയർ, മുളക്, വെണ്ടയ്ക്ക, അമര, കാരറ്റ്, ചീര, കത്തിരിക്ക തുടങ്ങിയവയാണ് വിളകൾ. ആദ്യത്തെ വിളവെടുപ്പ് ഉത്സവം വിദ്യാർത്ഥികൾക്ക് ആവേശവും ആഘോഷവുമായി. കൃഷി പരിപാലനവുമായി ജാഫ്രിൻ എന്ന ഗാർഡനറും സജീവമാണ്. കൃഷിഭവനിൽ നിന്നാണ് പച്ചക്കറി വിത്തുകൾ ശേഖരിക്കുന്നത്. ജൈവ വളം മാത്രമാണ് ഉപയോഗിക്കുന്നത്. വിളയിച്ചെടുക്കുന്ന പച്ചക്കറികൾ അദ്ധ്യാപകരടക്കമുള്ളവർക്ക് വിൽക്കുമെന്ന് സ്കൂൾ പ്രിൻസിപ്പൽ ഡെൽസി ജോസഫ് പറഞ്ഞു.
ഇക്കോക്ളബിന്റെ ഭാഗമായി സ്കൂൾ പരിസരം ഹരിതമയമാക്കുന്നതിനിടെയാണ് കൃഷി എന്ന ആശയം വിദ്യാർത്ഥികൾക്കിടയിൽ ഉടലെടുത്തത്. കൃഷിക്ക് പുറമേ സ്കൂളിന് ചുറ്റും ഔഷധ സസ്യങ്ങളടക്കമുള്ള വൃക്ഷങ്ങളും വച്ചുപിടിപ്പിച്ചിട്ടുണ്ട്. കൃഷി കൂടുതൽ വിപുലമാക്കുമെന്ന് പ്രിൻസിപ്പൽ പറഞ്ഞു.