തിരുവനന്തപുരം : സൃഷ്ടിയും സ്ഥിതിയും സംഹാരവും ഒരുമിച്ച് ചെയ്യുന്ന ഭൂമിയിലെ ക്രൂരനായ ജീവി മനുഷ്യനാണ്. എന്നാൽ പ്രളയത്തിൽ ഒരുമിച്ച് കൂടാൻ അവർക്ക് നിമിഷങ്ങളേ വേണ്ടിവന്നുള്ളൂ. അതേസമയം, പ്രളയാനന്തരം എല്ലാം മറന്ന് വീണ്ടും അവർ പോരാടി തുടങ്ങുന്നു. ഇങ്ങനെ തുടങ്ങി മനുഷ്യൻ സമൂഹത്തിൽ വിതയ്ക്കുന്ന വിഷവിത്തുകളെ സമഗ്രമായി ആവിഷ്കരിക്കുന്ന എസ്. വിൻസെന്റിന്റെ ഏകാംഗ ചിത്രപ്രദർശനം പ്രേക്ഷക ശ്രദ്ധകൊണ്ട് ശ്രദ്ധേയമാകുകയാണ്
ശിലായുഗത്തിലെ മനുഷ്യന്റെ കഥ പറഞ്ഞ് തുടങ്ങുന്ന പ്രദർശനം വൈലോപ്പിള്ളി സംസ്കൃതി ഭവനിലെ ലളിതകലാ അക്കാഡമി ആർട്ട് ഗാലറിയിലാണ് നടക്കുന്നത്. പ്രദർശനം പ്രശസ്ത ശില്പി കാനായി കുഞ്ഞിരാമനാണ് ഉദ്ഘാടനം ചെയ്തത്. അക്രിലിക് പെയിന്റിംഗിൽ തുണി കാൻവാസിൽ ഒരുക്കിയ വിൻസെന്റിന്റെ ചിത്രങ്ങൾ ലളിതവും സങ്കീർണവുമായ മനുഷ്യ മനസുകളുടെ പ്രതീകമാണ്.
ചിത്രങ്ങളും വർണങ്ങളും കാഞ്ഞിരംകുളം നെല്ലിക്കുഴി ആനന്ദകലാകേന്ദ്രത്തിൽ വിൻസെന്റിന്റെ ജീവിതമാണ്. കാട്ടാക്കട ക്രിസ്ത്യൻ കോളേജിലും തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിലുമായിട്ടായിരുന്നു പ്രീഡിഗ്രി, ബിരുദ പഠനങ്ങൾ. പഠനശേഷം ചിത്രകലയിൽ തന്റേതായ സ്ഥാനം കണ്ടെത്താനുള്ള ശ്രമത്തിനിടെ അവിചാരിതമായുണ്ടായ ഗ്യാസ് ട്രബിളാണ് വിൻസെന്റിന്റെ ജീവിതം മാറ്റിയത്. ചികിത്സിച്ച ഡോക്ടറുടെ കൈപ്പിഴയിൽ വിൻസെന്റിന് നഷ്ടമായത് തന്റെ വിലപ്പെട്ട ഇരുപത്തഞ്ച് വർഷം. ഓർമ്മ നശിച്ചുള്ള ആ ജീവിതത്തിൽ നിന്ന് 2014ലാണ് വിൻസെന്റ് പുറത്തുകടന്നത്. അത്രയും നാൾ ഒരു കുഞ്ഞിനെയെന്നപോലെ വിൻസെന്റിനെ പരിപാലിച്ചത് ഭാര്യ വിമലയാണ്. അങ്ങനെ വിൻസെന്റ് വീണ്ടെടുത്ത തന്റെ പുതിയ ജീവിതത്തിന്റെ നേർക്കാഴ്ചയാണ് വിൻസെന്റൊരുക്കിയ ചിത്രങ്ങൾ.
മതവും ജാതിയും രാഷ്ട്രീയവുമല്ല, മനുഷ്യന്റെ പച്ചയായ ജീവിതമാണിത്. വിശാലമായ കാൻവാസിൽ സന്തോഷത്തിന്റെ നിറം പകരുന്ന ജീവിതം. വസന്തവും വർണവും വിസ്മയവുമെല്ലാം ജീവിതത്തിന്റെ കഥാപാത്രങ്ങളാണ്. ഊർജം പകരുന്ന ചില ന്യൂ മീഡിയ ചിത്രങ്ങളുമുണ്ട് കൂട്ടത്തിൽ. വർണങ്ങളോടൊപ്പം അക്ഷരങ്ങളോടും വിൻസെന്റിന് പ്രണയമാണ്.
യാത്രക്കാരൻ (കവിത), പ്രിയപ്പെട്ട ആൽഫി (കഥ) എന്നിവയാണ് വിൻസെന്റിന്റെ രചനകൾ. കൂടാതെ ദേശീയതലത്തിലും ഒട്ടേറെ ചിത്രപ്രദർശനങ്ങൾ സംഘടിപ്പിച്ചിട്ടുണ്ട്.ചിത്രപ്രദർശനം 22ന് സമാപിക്കും.